ചന്ദ്രയാന്‍-2 ഓഗസ്റ്റ് 20-ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു. സെപ്റ്റംബര്‍ ഏഴിന് പേടകത്തെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭാരതീയ ബഹിരാകാശ പദ്ധതിയുടെ പിതാവായി ആദരിക്കപ്പെടുന്ന വിക്രം സാരാഭായിയുടെ ജന്മശതാബ്ദിയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ജൂലായ് 22-ന് വിക്ഷേപിച്ച ചന്ദ്രയാന്‍-2 ഇപ്പോള്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിനകം അഞ്ചുവട്ടം ഭ്രമണപഥം ഉയര്‍ത്തിയിട്ടുണ്ട്. 14-ന് പുലര്‍ച്ചെ 3.30-ന് പേടകം ഭൂമിയെ വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്രതുടങ്ങുമെന്ന് ശിവന്‍ പറഞ്ഞു. ഇത് വിക്ഷേപണത്തിലെ നിര്‍ണായകമായ അടുത്ത പടിയാണ്. 20-ന് അവിടെയെത്തിയശേഷം ചന്ദ്രനെ ചുറ്റുന്ന ചന്ദ്രയാന്‍ സെപ്റ്റംബര്‍ 7 ഓടുകൂടി നിലത്തിറങ്ങും 

ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയടങ്ങുന്നതാണ് പേടകം. സാരാഭായിയുടെ ഓര്‍മയ്ക്കായി ലാന്‍ഡറിന് 'വിക്രം' എന്നാണ് പേരിട്ടത്. ഇതുവരെ കാര്യങ്ങളെല്ലാം നിശ്ചയിച്ചപോലെ നീങ്ങിയിട്ടുണ്ടെന്നും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ വ്യക്തമാക്കുകയുണ്ടായി. 

మరింత సమాచారం తెలుసుకోండి: