തിരുവനന്തപുരം ∙ പെരുമഴയുടെ മൂന്നാം ദിനം കേരളത്തിൽ 10 പേർ കൂടി മരിച്ചു. പുറമേ, മലപ്പുറം നിലമ്പൂർ കവളപ്പാറയിലെ വൻ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ 6 പേരുടെയും വയനാട് പുത്തുമലയിലെ ദുരന്തത്തിൽ പെട്ട ഒരാളുടെയും മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തു. ഇതോടെ, മൂന്നു ദിവസത്തിനിടെ മഴക്കലിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 60 ആയി.

ഇന്നലെ കോഴിക്കോട്ടാണ് ഏറ്റവുമധികം മരണം (4 പേർ). കണ്ണൂർ (3 പേർ), തൃശൂർ, എറണാകുളം, കോട്ടയം (ഒരാൾ വീതം) ജില്ലകളിലാണ് മറ്റു മരണങ്ങൾ. കോഴിക്കോട്ട് ഇന്നലെ ഒരാളെ കാണാതായി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി മലപ്പുറത്ത് കാണാതായ 4 പേരെക്കുറിച്ച് ഇനിയും വിവരമില്ല.

വ്യാഴാഴ്ച രാത്രി വൻ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ മൊത്തം 63 പേരാണു മണ്ണിനടിയിൽ കുടുങ്ങിയതെന്ന് ഈ പ്രദേശം ഉൾപ്പെടുന്ന പോത്തുകല്ല് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. 

4 മൃതദേഹങ്ങൾ വെള്ളിയാഴ്ച കിട്ടിയതായി വാർത്തയുണ്ടായിരുന്നു. എന്നാൽ 3 പേരുടേതു മാത്രമാണ് ലഭിച്ചതെന്ന് ഇന്നലെ വ്യക്തമായി. 

ഇന്നലെ പുതുതായി 6 മൃതദേഹങ്ങൾ കൂടി കിട്ടി. വയനാട് ജില്ലയിൽ വ്യാഴാഴ്ച വൻ ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ ഇന്നലെ ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ഇതോടെ, ഇവിടെയും ആകെ ലഭിച്ച മൃതദേഹങ്ങൾ 9 ആയി.

 

∙വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്.  

 

∙എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, 

 

∙കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.

 

∙ജലനിരപ്പ് കുതിച്ചുയരുന്നു; കുട്ടനാട് വീണ്ടും പലായനഭീതിയിൽ

 

∙കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

 

∙കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് 12ന് തുറക്കും. 

 

∙അടുത്ത 5 ദിവസത്തേക്ക് മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

 

∙വയനാട്ടിൽ ബാണാസുര സാഗർ അണക്കെട്ട് തുറന്നു

మరింత సమాచారం తెలుసుకోండి: