നഴ്സിങ് ജോലി എന്താണെന്നു പോലുമറിയാത്ത ചേർത്തല സ്വദേശിനി രാജി പെട്ടെന്ന് ഒരു ദിവസം രാവിലെ നഴ്സായി. ഒരു കവറിലിട്ട് സർട്ടിഫിക്കറ്റ് നൽകിയ ഏജൻസിയുടെ ആൾ പറഞ്ഞു, ‘ഇവിടെ നഴ്സായിട്ടാണ് നിയമനം. ആരെങ്കിലും ചോദിച്ചാൽ ഈ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി. തുണിയുടെ ഇടയ്ക്കെവിടെങ്കിലുമൊക്കെ വച്ചാൽ മതി, ഇച്ചിരി ചുളുക്കൊക്കെ വരട്ടെ. പഴക്കം തോന്നാനാണ്’ എന്ന്. ‘ഞാനതിന് നഴ്സ് ജോലിക്കല്ലല്ലോ’ വന്നത് എന്ന രാജിയുടെ വാദമൊന്നും അവിടെ വിലപ്പോയില്ല. അവിടെ 35 പേരെങ്കിലും ജോലി ചെയ്യുന്ന ഒരു കെയർ ഹോമിലാണ് നിയമനം.

 

 

    തനിക്കെന്തായാലും ഈ ജോലി ചെയ്യാൻ പറ്റില്ലെന്ന നിർബന്ധത്തിന് ഏജൻസിക്കാർക്ക് ഒടുവിൽ വഴങ്ങേണ്ടി വന്നു. എങ്കിൽ വേണ്ട ഓഫിസ് ജോലി ചെയ്താൽ മതിയാകുമെന്നായി. അങ്ങനെ രാജിയുടെ ജോലിയുടെ പേര് മാറി. ഓഫിസ് അഡ്മിനിസ്ട്രേറ്റർ. ചെയ്യുന്നത് തറ തുടയ്ക്കുന്നതു മുതൽ ഓഫിസ് ക്ലീനിങ്ങ്, കണക്കെഴുത്ത് തുടങ്ങി വേണ്ടി വന്നാൽ അഡ്മിനിസ്ട്രേഷൻ പണി വരെ. പക്ഷേ, ശമ്പളം ചെലവിനു പോലും തികയില്ല. കൊച്ചിയിലെ റിക്രൂട്മെന്റ് ഏജൻസി ജോർജ് ഇന്റർനാഷനലിന്റെ തട്ടിപ്പിനിരയായി വിദേശത്ത് എത്തിയതാണ് ഇവർ. ‌‘പത്രത്തിൽ പരസ്യം കണ്ടാണ് വിദേശ ജോലിക്കായി അപേക്ഷിക്കുന്നത്.

 

 

    ഫോണിൽ ഇംഗ്ലിഷിലാണ് ഒരു സ്ത്രീ സംസാരിച്ചത്. തനിക്ക് നന്നായി ഇംഗ്ലിഷ് സംസാരിക്കാൻ അറിയുമല്ലോ, കുവൈത്തിൽ ഓഫിസ് അഡ്മിനിസ്ട്രേഷൻ ജോലിക്ക് അപേക്ഷിക്കാമെന്ന് അവർ തന്നെയാണ് നിർദേശം വച്ചതും. ഡിഗ്രി സർട്ടിഫിക്കറ്റുകൾ, പാസ്പോർടിന്റെ കോപ്പി തുടങ്ങിയവയുമായി ഓഫിസിൽ വരാൻ പറഞ്ഞു. അങ്ങനെയാണ് പനമ്പള്ളി നഗറിലുള്ള അവരുടെ ഓഫിസിലെത്തുന്നത്.

 

 

 

     നേരിൽ കണ്ട് പിരിയുമ്പോൾതന്നെ പോകാൻ തയാറായിക്കോളാനായിരുന്നു നിർദേശം. ഒപ്പം ഒന്നര ലക്ഷം രൂപ അടയ്ക്കാനും ആവശ്യപ്പെട്ടു. ‘അപ്പോൾ ഇന്റർവ്യൂ?’ എന്ന ചോദ്യത്തിന് ഇന്റർവ്യൂ ഒന്നും വേണ്ട ജോലി റെഡി എന്നായിരുന്നു മറുപടി. പണം അടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വിവരം ഒന്നും ഇല്ലാതായപ്പോഴാണ് നേരിട്ട് ഓഫിസിലേയ്ക്ക് വരുന്നത്. ഇനി വൈകിയാൽ പരാതി നൽകുമെന്നും മാധ്യമങ്ങളെ അറിയിക്കുമെന്നും പറഞ്ഞപ്പോഴാണ് തനിക്ക് വീസ തയാറാക്കി തന്നത് എന്ന് ഇവർ പറയുന്നു.

 

 

 

    അങ്ങനെ കുവൈത്തിലെത്തിയപ്പോഴാണ് അവിെട നഴ്സായാണ് നിയോഗിച്ചിരിക്കുന്നത് എന്ന വിവരം അറിയുന്നത്. ഏജൻസിയുമായി ബന്ധപ്പെടാൻ പല പ്രാവശ്യം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിയമവിരുദ്ധമായി അവിടെ ജോലി ചെയ്യേണ്ടി വന്നതിന്റെ ഭീതി അലട്ടിയതോടെ എത്രയും പെട്ടെന്ന് നാട്ടിൽ വരാൻ തീരുമാനിക്കുകയായിരുന്നു.ഇതിനിടെ പലപ്പോഴായി രണ്ടു ലക്ഷം രൂപയോളം അവർ തട്ടിയെടുത്തിരുന്നതായും രാജി പറയുന്നു. ഇതിനെതിരെ പരാതി നൽകാനെത്തിയപ്പോഴാണ് തനിക്ക് ജോലി വാഗ്ദാനം നൽകി പണം തട്ടിയ ജോർജ് ഇന്റർനാഷനൽ എന്ന ഏജൻസിയുടെ തട്ടിപ്പിനെതിരെ പരാതിക്കാരുടെ പ്രതിഷേധം അറിയുന്നത്.

 

 

    തുടർന്ന് തട്ടിപ്പിനെതിരെ പ്രതികരിക്കാനും പൊലീസിൽ പരാതി നൽകാനും മറ്റുള്ളവർക്കൊപ്പം രാജിയും തീരുമാനിക്കുകയായിരുന്നു.ഇത്തരത്തിൽ പരാതി നൽകാനെത്തിയ പലരെ കണ്ടപ്പോഴാണ് ഇതു ചെറിയ തട്ടിപ്പല്ലെന്ന കാര്യം ബോധ്യപ്പെടുന്നത്. ഇതോടെ പണം നഷ്ടപ്പെട്ടവരെ കണ്ടെത്തി സംഘടിച്ചാണ് പൊലീസിൽ പരാതി നൽകുകയും മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തതെന്ന് തട്ടിപ്പിനിരയായ ഉദ്യോഗാർഥികളും പറയുന്നു. രാജിയെ പോലെ മറ്റൊരു യുവതിക്കും  ഇതേ അനുഭവം നേരിടേണ്ടി വന്നു.

 

 

   നഴ്സിങ് ജോലി ഓഫറിൽ കുടുങ്ങി തന്നെയാണ്  മരിയയ്ക്കും രണ്ടു ലക്ഷം രൂപയിലേറെ നഷ്ടമായത്. എംഒഎച്ച് പരീക്ഷ എഴുതുന്നതിനാണ് വിദേശത്തേയ്ക്ക് കൊണ്ടു പോകുന്നത്. അവിടെ വച്ച് പരീക്ഷയെഴുതിയെങ്കിലും ജയിച്ചില്ലെന്നു മാത്രമല്ല, വീസാ കാലവധി കഴിഞ്ഞ് കുടുക്കിലാകുകയും ചെയ്തു. 12 ലക്ഷം രൂപ നൽകിയാൽ രണ്ടു ലക്ഷം രൂപ ശമ്പളത്തിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചായിരുന്നു മരിയ ഏജൻസിയുടെ തട്ടിപ്പിൽ കുരുങ്ങിയത്. ലോണെടുത്തും വീടുവിറ്റുമെല്ലാം നഴ്സിങ് പഠിച്ച് പുറത്തിറങ്ങി ഒരു ജോലിക്കായി കഷ്ടപ്പെടുന്ന നഴ്സുമാരെ നിയമന ഏജൻസികൾ പറ്റിക്കുന്നത് പുതിയ പരാതിയല്ലെന്നാണ് പൊലീസ് പറയുന്നത്.

 

 

 

    ഒരു ഓഫിസ് മുറിയെടുത്ത് ഒന്നോ രണ്ടോ ജോലിക്കാരെയും നിയമിച്ചാൽ പിന്നെ തട്ടിപ്പിന് അവസരമായി. ആദ്യ ഘട്ടത്തിലൊക്കെ കുറച്ചു പേരെ നിയമാനുസൃതമായിതന്നെ വിദേശ ജോലിക്കു കൊണ്ടുപോകുകയും ചെയ്യും. പിന്നെ അതിന്റെ മറവിലാണ് തട്ടിപ്പുകൾ. ഇതുതന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. കൊച്ചിയിൽ ഉദ്യോഗാർഥികൾ പരാതിപ്പെടുന്ന ജോർജ് ഇന്റർനാഷനൽ നിരവധിപ്പേരെ വിദേശ ജോലിക്ക് നിയമിച്ച ചരിത്രമുണ്ടെന്നാണ് പരാതിക്കാരായ ഉദ്യോഗാർഥികൾ തന്നെ പറയുന്നത്.

 

 

    നോർക്ക പോലെയുള്ള സർക്കാർ ഏജൻസികൾ വഴി മാത്രം നഴ്സിങ് നിയമനം നടത്തുന്ന ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ഇവർ നിയമനം നൽകാമെന്ന് പറയുമ്പോൾ എന്തുകൊണ്ട് പണം നൽകുന്നെന്ന ചോദ്യത്തിന് നേരത്തെ വിദേശത്ത് എത്തിയവരുടെ കഥകളാണ് മറുപടിയായി പറഞ്ഞിരുന്നത്. 30 വർഷമായി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഏജൻസിയിൽനിന്ന് ഇത്തരത്തിൽ ഒരു തട്ടിപ്പ് പ്രതീക്ഷിക്കുന്നില്ല എന്നും ഉദ്യോഗാർഥികൾ പറയുന്നു.

 

 

     75,000 രൂപ മുതൽ പത്തുലക്ഷം രൂപ വരെ വിദേശ ജോലിക്ക് നൽകിയവരുണ്ട്. ആകെ ആറു കോടി രൂപയെങ്കിലും പ്രതികൾ തട്ടിയെടുത്തതായാണ് ഉദ്യോഗാർഥികൾ നൽകുന്ന കണക്ക്.കൊച്ചി പനമ്പള്ളിനഗറിൽ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ ജോർജ് ഇന്റർനാഷനലിലെ പ്രതികൾ നിലവിൽ ഒളിവിലാണെന്നാണ്‌  പൊലീസ് പറയുന്നത്.

 

 

     സ്ഥാപനത്തിന്റെ ലൈസൻസുള്ളത് കണ്ണൂർ ഇരിട്ടി സ്വദേശി ലിസി ജോർജിനാണ്. നേരത്തെ ഇവരുടെ ഭർത്താവ് ജോർജ് നടത്തിയിരുന്ന സ്ഥാപനം അദ്ദേഹത്തിന്റെ മരണത്തോടെ തൊടുപുഴ സ്വദേശി ഉദയൻ, കോട്ടയം സ്വദേശികളായ ജയ്സൺ, വിൻസെന്റ് മാത്യു, ഇടുക്കി സ്വദേശി വിനീത വർഗീസ് എന്നിവർക്ക് നടത്തുന്നതിന് കരാർ കൊടുത്തിരിക്കുകയാണ്. ഇതിനിടെ സ്ഥാപനം നടത്താൻ ഏറ്റവർ നിലവിൽ ഉദ്യോഗാർഥികളിൽനിന്ന് പണം വാങ്ങി തട്ടിപ്പു നടത്തിയശേഷം മുങ്ങുകയായിരുന്നു എന്നും ആരോപണമുണ്ട്.

మరింత సమాచారం తెలుసుకోండి:

job