മണ്ണിനു മുകളില്‍ കാല്‍ ഉറപ്പിക്കാന്‍ പെടാപാട് പെടുന്ന ഒരു ജനത ഒരു വശം. അര്‍ഹരല്ലാത്തവര്‍ക്ക് പൗരത്വം നിഷേധിക്കുന്ന ഭരണകൂടം മറ്റൊരു വശത്ത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങളും കലാപങ്ങളും അലയടിക്കുകയാണ്. ഇതിനോടകം തന്നെ രണ്ട് പേരുടെ ജീവന്‍ പൊലിയേണ്ടി വന്നിട്ടുണ്ട്. 

    ലോക്‌സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് അത് നിയമമാകുകയും ചെയ്തു. ഇതേതുടര്‍ന്ന്, രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് നേരെ നടപടികള്‍ കൈക്കൊള്ളുകയാണ്. ഈ വാര്‍ത്തകളെല്ലാം കേള്‍ക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങളാണ്, യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ പൗരത്വം നേടാന്‍ എന്തൊക്കെ രേഖകളാണ് വേണ്ടത്, എങ്ങനെയാണ് ഇന്ത്യയിലെ പൗരന്‍ ആകുന്നത് എന്നൊക്കെ...

പൗരത്വ ഭേദഗതി നിയമം അനുസരിച്ച് ഒരാള്‍ ഇന്ത്യന്‍ പൗരന്‍ ആണെന്ന് തെളിയിക്കാന്‍ ചില രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പലര്‍ക്കും സംശയങ്ങളും ഭിന്നാഭിപ്രായങ്ങളും ഉണ്ടാകും. പക്ഷേ, പ്രധാനമായും ജനന സര്‍ട്ടിഫിക്കറ്റ് (ജനിച്ചത് ഇന്ത്യയില്‍ തന്നെ ആയിരിക്കണം), റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡന്റിന്റി കാര്‍ഡ്, ജനന സ്ഥലം, പാസ്‌പോര്‍ട്ട് എന്നിവയാണ് ഇന്ത്യയില്‍ പൗരത്വം തെളിയിക്കാന്‍ സമര്‍പ്പിക്കേണ്ട രേഖകള്‍. ചില സന്ദര്‍ഭങ്ങളില്‍ അച്ഛനമ്മമാരുടെ മാതാപിതാക്കളുടെ രേഖകളും ചോദിക്കാറുണ്ട്.

ഒരാള്‍ ഇന്ത്യന്‍ പൗരന്‍ ആണോയെന്ന് തെളിയിക്കാന്‍ ആധാറും പാന്‍ കാര്‍ഡും പൗരത്വത്തിന് തെളിവല്ല. മാത്രമല്ല, വസ്തു വില്‍പ്പന ഇടപാടുകളും പൗരത്വത്തിന് ആധാരമല്ല. മുംബൈ കോടതിയാണ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തുള്ള ബംഗ്ലാദേശി സ്വദേശികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും അത് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയാകില്ലെന്ന് മുംബൈ കോടതി പറഞ്ഞു. പാസ്‌പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന ബംഗ്ലാദേശികള്‍ അനധികൃത കുടിയേറ്റക്കാരാണെന്നു കോടതി വിധിച്ചു.

മുംബൈയില്‍ അനധികൃതമായി താമസിക്കുകയായിരുന്ന യുവതിയ്ക്ക് ശിക്ഷ വിധിച്ച് മുംബൈ കോടതി. അനധികൃതമായി താമസിക്കുകയായിരുന്നെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവതി ഹാജരാക്കിയ പൗരത്വ രേഖകള്‍ തള്ളിയാണ് കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യയില്‍ അനധികൃതമായി പ്രവേശിച്ചതിനും താമസിച്ചതിനും ഇവര്‍ക്ക് ഒരു വര്‍ഷത്തേക്ക് കോടതി തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. 


    മുംബൈ ദഹിസാറില്‍ താമസിക്കുന്ന തസ്ലീമ റൊബീയുല്‍ (35) എന്ന യുവതിയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമപ്രകാരം കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. രാജ്യത്തുള്ള ബംഗ്ലാദേശികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും അത് പൗരത്വം തെളിയിക്കാനുള്ള രേഖയാകില്ലെന്ന് മുംബൈ കോടതി കണ്ടെത്തി. ബംഗാള്‍ സ്വദേശിയാണെന്നും 15 വര്‍ഷമായി മുംബൈയില്‍ താമസിക്കുകയാണെന്നും അവര്‍ വാദിച്ചെങ്കിലും രേഖകള്‍ ഹാജരാക്കാനായില്ല.


ബംഗ്ലാദേശി സ്വദേശി അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിനു 2008 ല്‍ അറസ്റ്റു ചെയ്തിരുന്നു. നാല്‍പത്തിരണ്ടുകാരനായ മൊഹമ്മദ് നാസിര്‍ ഹാഫിസ് സര്‍ദാറിനെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും താനെ കോടതി അത് തള്ളുകയായിരുന്നു. ഈ സംഭവത്തിലും ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കുന്നതിനുള്ള തെളിവായി കോടതി കണ്ടെത്തിയില്ല.


പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം നടക്കുന്ന ഗുവാഹത്തിയില്‍ പ്രതിഷേധത്തിന് അയവ് വന്നതിനെ തുടര്‍ന്ന്, കര്‍ഫ്യൂവില്‍ ഇളവ് വരുത്തി. ഒമ്പത് മണിക്കൂറത്തേക്കാണ് ഇളവ്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, 10 ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്റര്‍നെറ്റ് നിരോധനം വെള്ളിയാഴ്ച 48 മണിക്കൂര്‍കൂടി നീട്ടി. നേരത്തെ 24 മണിക്കൂര്‍ നിരോധനമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.

మరింత సమాచారం తెలుసుకోండి: