ഇറാന്‍റെ സൈനിക- സര്‍ക്കാര്‍ തലങ്ങളില്‍ ഏറ്റവും ശക്തന്‍ എന്നാണ് അമേരിക്കന്‍ വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ട കാസിം സൊലേമാനി. അമേരിക്കയുടെ ഹിറ്റ്‍ലിസ്റ്റില്‍ ഒന്നാമതായിരുന്നു ഇറാന്‍റെ വീരപുരുഷനായ കാസെം സൊലൈമാനി. നിർണായക ശക്തിയായ സൊലൈമാനിയെ വധിക്കുന്നത് ഇറാന്‍റെ സൈനിക ശക്തിയുടെ ഒരു ചിറകരിയുന്നതിന് സമം എന്നാണ് അമേരിക്ക കണക്കൂകൂട്ടിയത്.

 

    സൊലൈമാനിയുടെ സൈനിക മികവിൽ  പശ്ചമേഷ്യയിലെ ഇറാന്‍റെ വര്‍ദ്ധിച്ചുവരുന്ന ആധിപത്യം അമേരിക്കയില്‍ ആശങ്ക സൃഷ്ടിച്ചു എന്നതാണ് സത്യം. 1979ല്‍ ഇറാനിലുണ്ടായ ഇസ്‌ലാമിക വിപ്ലവത്തിനു പിന്നാലെ, രാജ്യത്തെ ആത്മീയ നേതൃത്വത്തിനു പ്രതിരോധമൊരുക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട രാജ്യത്തെ ഏറ്റവും ശക്തമായ സേനാ വിഭാഗത്തിന്‍റെ കമാൻഡറെ വധിച്ചതിന്‍റെ പ്രത്യാഘാതങ്ങൾ എന്തായാലും നേരിടാന്‍ ഉറച്ചാണ് അമേരിക്ക, കാസിം സൊലേമാനിയെ ഇല്ലാതാക്കിയത്.

 

   ഇത് തന്നെ അദ്ദേഹം എത്ര ശക്തനാണ് എന്ന് വ്യക്തമാക്കുന്നു. അമേരിക്കയുടെ പേടിസ്വപ്‌നമായിരുന്നു കൊല്ലപ്പെട്ട കാസിം സൊലേമാനി. ഒന്നുകൂടി  വിശേഷിപ്പിച്ചാല്‍ ഇറാന്‍റെ ജെയിംസ് ബോണ്ട്.13 ാമത്തെ വയസില്‍ കുടുംബത്തെ സഹായിക്കാന്‍ നിര്‍മ്മാണത്തൊഴിലാളിയായി ജോലി ചെയ്ത കാസെം ഇറാനിയന്‍ സൈന്യത്തില്‍ ചേരുന്നത് 1979ലാണ്. ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുല്ല  അലി ഖമനയിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് സൈന്യത്തില്‍ ചേര്‍ന്നത്.  ഇറാന്‍  ഇറാഖ് യുദ്ധത്തോട് അനുബന്ധിച്ചാണ് സൊലൈമാനി തന്‍റെ സൈനിക ജീവിതം ആരംഭിക്കുന്നത്. യുദ്ധകാലത്ത് കമാന്‍ഡറായിരുന്നു.

 

   യുദ്ധസമയത്ത് ഇറാഖ് അതിര്‍ത്തിയില്‍ നടത്തിയ പോരാട്ടങ്ങളിലൂടെ സൊലേമാനി ഹീറോയായി മാറി. 1988ല്‍ യുദ്ധം അവസാനിക്കുമ്പോള്‍ ഡിവിഷണല്‍ കമാന്‍ഡറായി സൊലേമാനി വളര്‍ന്നു.പിന്നീട് ഇറാഖ് പ്രസിഡന്‍റായിരുന്ന സദ്ദാം ഹുസൈനെതിരായി ഷിയ, കുര്‍ദ് സംഘങ്ങളെ സഹായിക്കുകയും ആയുധങ്ങള്‍ നല്‍കി പരിശീലിപ്പിക്കുകയും ചെയ്തു. 2012ല്‍ ഡമാസ്‌കസില്‍ ഉണ്ടായ ബോംബ് ആക്രമണത്തിൽ  സൊലൈമാനി കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. 2015 നവംബറില്‍ സിറിയയിലെ അലപ്പോയിലെ ആഭ്യന്തര യുദ്ധത്തില്‍ സൊലൈമാനി കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഇസ്രയേലി, അറബ് ചാരസംഘടനകളും സൊലൈമാനിയെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നു.ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം ഒരു തിരിച്ചടി എല്ലാവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കെയാണ് ഈ ആക്രമണമുണ്ടായത്.

 

   അമേരിക്കന്‍ ഇറാഖ് ബന്ധത്തിന് ഈ ആക്രമണം വിള്ളല്‍ വീഴ്ത്തുമെന്നാണ് ലോകം പറയുന്നത്. സൊലൈമാനിയുടെ വധത്തിന് പിന്നാലെ പ്രതികാരാഹ്വാനവുമായി ഇറാനില്‍ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.എന്നാല്‍ സുലൈമാനി ഒരു രാജ്യത്തിന്റെ സൈനിക കമാന്‍ഡറാണ്. അമേരിക്ക മാത്രം ഭീകരനായി പരിഗണിക്കുകയും സ്വന്തം രാജ്യം ഹീറോ പരിവേഷം നല്‍കുകയും ചെയ്യുന്നയാളാണ് സുലൈമാനി. സുലൈമാനിക്കു നേരെ ആക്രമണം നടന്ന ഇറാഖും അദ്ദേഹത്തെ ഭീകരനായി കണക്കാക്കുന്നില്ല. ഇറാഖ് സര്‍ക്കാരിലെ പല ഉന്നതരും സുലൈമാനിയെ പിന്തുണയ്ക്കുന്നവരുമാണ്. പതിറ്റാണ്ടുകളായി തുടരുന്ന നിഴല്‍യുദ്ധം അവസാനിപ്പിച്ച് ഇറാന്‍ യുഎസുമായി പ്രത്യക്ഷയുദ്ധം തുടങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ വന്നാല്‍ ലോകം മുഴുവന്‍ രണ്ട് ചേരിയിലായി മൂന്നാം ലോകയുദ്ധത്തിലേക്ക് തന്നെ നയിക്കുമെന്ന ആശങ്കയാണ് 
 നിലനില്‍ക്കുന്നത്.

 

   ബാഗ്‍ദാദിലെ യുഎസ് എമ്പസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് സൊലൈമാനിയെ വധിച്ചത്.എന്തായാലും ഇറാനിലെ ഏറ്റവും ശക്തനായ നേതാക്കളിലോരാളായ റവല്യൂഷണറി ഗാര്‍ഡ്‍സ് തലവന്‍ കാസിം  സൊലൈമാനിയുടെ വധം ലോകത്തെയാകെ യുദ്ധഭീതിയിലാക്കിയിരിക്കുകയാണ്. രാജ്യത്തെ വീരപുരുഷന്‍റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍റെ ആത്മീയ നേതാവ് ആയത്തൊള്ള ഖൊമെനി തന്നെ പറഞ്ഞു കഴിഞ്ഞു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നേരിട്ട് ഉത്തരവിട്ടതാണ് സൊലൈമാനിയുടെ വധമെന്ന് പെന്‍റഗണും വെളിപ്പെടുത്തിയിട്ടുണ്ട്. സൊലൈമാനിയുടെ വധത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ഇറാന്‍ ഏത് വിധത്തിലാണ് തിരിച്ചടിക്കുകയെന്നാണ് ലോകം കാത്തിരിക്കുന്നത്.

 

   സൊലൈമാനിയുടെ വധത്തോടെ ഇറാന്‍ -യുഎസ് ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. ഇത് മിഡില്‍ ഈസ്റ്റിനെയാകെ യുദ്ധഭീതിയിലാക്കി. ഇതിന്‍റെ അനന്തരഫലമായി എന്തുണ്ടായാലും ഉത്തരവാദി യുഎസ് ആയിരിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലങ്ങളായി നിഴല്‍യുദ്ധം നടത്തുന്ന യുഎസും ഇറാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിലേക്കാണ് ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്. ഇത് സ്ഥിതി രൂക്ഷമാക്കും. അതെ സമയം സുലൈമാനിയെ വധിച്ചത് യുദ്ധത്തിലേക്ക് നയിക്കില്ലെന്നും, യുദ്ധം ഇല്ലാതാക്കാനാണ് കഴിഞ്ഞദിവസം സുലൈമാനിയെ കൊലപ്പെടുത്തിയതെന്നുംഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ് വ്യക്തമാക്കി.

 

   ലോകത്തിലെ നമ്പര്‍ വണ്‍ ഭീകരനെയാണ് തന്റെ നിര്‍ദേശമനുസരിച്ച് യു.എസ്. സൈന്യം വധിച്ചത്. അമേരിക്കന്‍ നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രൂരമായ ആക്രമണം നടത്താനായിരുന്നു സൊലേമാനി പദ്ധതിയിട്ടിരുന്നത്. പക്ഷേ, അദ്ദേഹത്തെ ഞങ്ങള്‍ പിടികൂടി ഇല്ലാതാക്കി- ഇങ്ങനെയാണ് ട്രംപ് വിശദീകരിച്ചത് ലോകത്തിലെ ഏറ്റവും മികച്ച സൈന്യവും രഹസ്യാന്വേഷണ വിഭാഗവുമാണ് യുഎസിനുള്ളതെന്നും എവിടെയെങ്കിലും അമേരിക്കക്കാരന്‍ ഭീഷണി നേരിട്ടാല്‍ എന്ത് നടപടി സ്വീകരിക്കാനും താന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു.

 

    മാത്രമല്ല ഇറാൻ രഹസ്യസേനാ മോധാവി ഖാസിം സുലൈമാനിയെ വധിച്ച യുഎസ് നടപടിയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ വിലവർദ്ധനവ് അതി കഠിനമാണ്. റെക്കോർഡുകൾ തകർത്ത് സ്വർണവില ഉയരുകയാണ്. ഒപ്പം സൊലൈമാനിയുടെ വധത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയും ചെയ്തു.ഖാസിം സുലൈമാനിയെ വധിച്ച യുഎസ് നടപടിയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ സമ്മർദ്ദങ്ങളാണ് വില കൂടാൻ കാരണമായത്.

 

   ഒസാമ ബിന്‍ ലാദനെയും അബൂബക്കര്‍ അല്‍ ബഗ്ദാദിയെയും ഭീകരരായാണ് ലോകശക്തികള്‍ കണ്ടിരുന്നത്. അവര്‍  ഒളിവില്‍ കഴിഞ്ഞിരുന്ന രാജ്യങ്ങള്‍ പോലും ഔദ്യോഗികമായി ആ നിലപാടാണു സ്വീകരിച്ചിരുന്നത്.  അതുകൊണ്ടു തന്നെ ആ രാജ്യങ്ങളില്‍ കടന്നെത്തി അവരെ വധിച്ച അമേരിക്കയുടെ നീക്കം വലിയ തോതില്‍ ന്യായീകരിക്കപ്പെട്ടിരുന്നു.

మరింత సమాచారం తెలుసుకోండి: