ലാലേട്ടനെന്താ കൊമ്പുണ്ടോ? ചില വാർത്തകൾ കേൾക്കുമ്പോൾ ഇങ്ങനെ ചോദിക്കാതെ വയ്യ. ഏറെ വിവാദമായ ആ  ആനക്കൊമ്പ് കേസ്, അത് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.  വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് വ്യക്തമാക്കി എൻഒസി നൽകിയെന്ന് ദ ഹിന്ദു ദിനപത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  

 

 

  2020 ഫെബ്രുവരി ഏഴിന് ചീഫ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടർക്ക് എഴുതിയ കത്തിൽ കേസ് പിൻവലിക്കുന്നതിൽ സംസ്ഥാന സർക്കാരിന് പരാതികളൊന്നുമില്ലെന്ന് പറയുന്നുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർക്കോ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർക്കോ കളക്ടർ ഇതിനായുള്ള നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെടുന്നു.

 

 

   കേസ് പിൻവലിക്കുവാനായി മോഹൻലാൽ നേരത്തെ അപേക്ഷകൾ നൽകിയിരുന്നു. 2016 ജനുവരി 31നും, 2019 സെപ്റ്റംബർ 20നുമായി രണ്ട് അപേക്ഷകളാണ് നൽകിയത്. 2019 ആഗസ്റ്റിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനും കേസ് സംബന്ധിച്ച് സർക്കാരിന് കത്തെഴുതിയിരുന്നു.

 

 

 

   ഇത് പരിഗണിച്ചാണ്  സർക്കാർ തീരുമാനം. 1977ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് ആനക്കൊമ്പ് നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും വാങ്ങി കൈവശം സൂക്ഷിക്കുകയും ചെയ്തതിനാണ് മലയാറ്റൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസറും മോഹലാലിനും മറ്റ് മൂന്ന് പ്രതികൾക്കുമെതിരെ കുറ്റപ്പത്രം സമർപ്പിച്ചത്.

 

 

   അതേസമയം, ആനക്കൊമ്പ് കേസ് തനിക്കെതിരെ ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മോഹൻലാൽ വനം മന്ത്രി കെ രാജുവിന് നൽകിയ അപേക്ഷ തള്ളിയിരുന്നു. ആനക്കൊമ്പ് കേസിൽ കൈവശാവകാശ രേഖ ഉണ്ടെങ്കിലും തന്നെ കുടുക്കാൻ ഉദ്യോഗസ്ഥർ ഗുഢാലോചന നടത്തി എന്നായിരുന്നു  നടന്റെ പരാതി.

 

 

   എന്നാൽ ഈ സർട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്നും നിയമനടപടി നേരിടണമെന്നും ഫയലിൽ കുറിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ക്രിമിനൽ നടപടിച്ചട്ടം ഏത് പൗരനെ പോലെയും മോഹൻലാലിനും ബാധകമാണ്. വനംവകുപ്പ് നൽകിയതാണെങ്കിലും ആനക്കൊമ്പ് കൈവശം വെക്കാനുള്ള സർട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്ന വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ട് മന്ത്രി ശരിവെക്കുകയായിരുന്നു.

 

 

   അഭിഭാഷകർ മുഖേന മോഹൻലാൽ നൽകിയ കത്തിലെ എല്ലാ വാദങ്ങളും വനം വകുപ്പ് മന്ത്രി കെ രാജു തള്ളി കളഞ്ഞതായാണ് റിപ്പോർട്ടുകൾ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ, കേസ് മാർച്ചിൽ പരിഗണിക്കാനിരിക്കെയാണ് സർക്കാർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയിതിക്കുന്നത്.

 

 

    പബ്ലിക് പ്രോസിക്യൂട്ടർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വനം വകുപ്പ് ഫയൽ ചെയ്ത കേസ് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണുള്ളത്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവുശിക്ഷയും കുറഞ്ഞത് 10,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്.

మరింత సమాచారం తెలుసుకోండి: