എങ്ങിനെയാണ് ദേവനന്ദ പുഴയുടെ തീരത്തേക്ക് എത്തിയത്.. ഈ ചോദ്യമാണ് ഇപ്പോൾ ദേവനന്ദയുടെ വിയോഗത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ഉയർത്തുന്നത്. ദേവനന്ദയെ അടുത്തറിയുന്നവർ മാത്രമല്ല കേരളക്കരയുടെ മനസ്സാകെ ഇതുവരെ ഉത്തരം കിട്ടിയിട്ടില്ലാത്ത ഈ ചോദ്യത്തിന് പിന്നിലാണ് .

 

  

കുറഞ്ഞസമയത്തിനുള്ളില്‍ ഇത്രയും ദൂരം സഞ്ചരിച്ച്‌ ദേവനന്ദ എങ്ങനെ ആ പുഴയുടെ തീരത്ത് എത്തി? ബന്ധുക്കളുടേയും നാട്ടുകാരുടേയും ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെ പൊലീസ് ഇന്നലെ നൂറിലേറെ പേരുടെ മൊഴിയെടുത്തു.

 

 

   വീട്ടിലെ ഹാളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി വാതില്‍ തുറന്ന് ഇത്രദൂരം പിന്നിട്ട് പുഴയിലേക്ക് വീഴണമെങ്കില്‍ അതിന് പിന്നിലൊരു ബാഹ്യശക്തിയുണ്ടെന്ന് വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചു പറയുന്നുണ്ട് . സാഹചര്യത്തെളിവുകളും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക നിഗമനവും ദുരൂഹത നീക്കുന്നതാണെന്നാണ് പൊലീസ് പറയുന്നത്. ഏകപക്ഷീയമായ തീരുമാനം വേണ്ടെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പറയാനുള്ളത് കൃത്യമായി അന്വേഷണസംഘം രേഖപ്പെടുത്തുന്നുണ്ട്.

 

 

    

അമ്മയുടെ ഷാള്‍ കുട്ടിയുടെ മൃതദേഹത്തിനടുത്ത് ഉണ്ടായിരുന്നതിനെ ചുറ്റിപ്പറ്റിയുണ്ടായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയപ്പോള്‍ ബന്ധുക്കള്‍ തന്നെയാണ് ഷാളിന്റെ കാര്യം പൊലീസിനെ അറിയിച്ചതും പിന്നീട് കണ്ടെത്തിയതും. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും ഫോറന്‍സിക് വിദഗ്ദ്ധരും ദേവനന്ദ മരിച്ചുകിടന്ന പുഴയും പരിസരങ്ങളും കാണാന്‍ നാളെയെത്തും. കുട്ടി പുഴയിലേക്ക് വീഴാനും വീണാല്‍ സംഭവിക്കാവുന്നതും വിലയിരുത്തും. ബാഹ്യശക്തിയുടെ സാന്നിദ്ധ്യമുണ്ടെങ്കില്‍ ബോദ്ധ്യപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

 

   

ദേവനന്ദ എന്തായാലും ഒറ്റയ്ക്ക്, ആരോടും പറയാതെ എവിടേക്കും പോകില്ലെന്ന കാര്യം ഉറപ്പാണ് എന്ന് അവളുട അമ്മ പറയുന്നു.മുറ്റത്ത് എന്റെ അടുത്തേക്കു വരുമ്പോൾ അവൾ ഷാൾ ധരിച്ചിരുന്നില്ല. വീടിനകത്തു കളിക്കുമ്പോൾ മാത്രമാണു ഷാൾ ചുറ്റിയിരുന്നത്. അതെടുത്തു പുറത്തേക്കു പോകാറേയില്ല. ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ സ്വീകരണമുറിയിലെ സെറ്റിയി‍ൽ കിടക്കുകയായിരുന്നു ഈ ഷാൾ. മോളെ കാണാതായി അകത്തേക്കു കയറിയപ്പോഴാണു ഷാളും കാണാനില്ലെന്ന് അറി‍ഞ്ഞത്. ആരെയും നമുക്കു കണ്ണടച്ചു വിശ്വസിക്കാൻ പറ്റില്ലല്ലോ. മോളുടെ മരണത്തിനു പിന്നിലെ സത്യം പുറത്തു കൊണ്ടു വരണം എന്നാണ് ദേവനന്ദയുടെ അമ്മ ധന്യ പറയുന്നത്.

 

   

     ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ദേവനന്ദയുടെ മൃതദേഹത്തിൽ ബലപ്രയോഗം നടത്തിയതിന്‍റെ ലക്ഷണങ്ങളില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ദേഹത്ത് മുറിവുകളോ ചതവുകളോ ഇല്ല. പക്ഷെ വീട്ടില്‍ നിന്നു സാധാരണ പുറത്തിറങ്ങാൻ പോലും മടിക്കുന്ന ആറുവയസുകാരിയുടെ മൃതദേഹം എങ്ങനെയാണ് മൂന്നൂറ് മീറ്റര്‍ അകലെയുള്ള പുഴയില്‍ എത്തിയതെന്നാണ് നാട്ടുകാരുടെ ചോദ്യം. ഒപ്പം അന്വേഷണസംഘത്തെയും നാട്ടുകാരെയും ഒരുപോലെ കുഴയ്ക്കുന്ന ചോദ്യങ്ങളും കേസിലുണ്ട്. 

 

    

   വീട്ടില്‍ നിന്നും 500 മീറ്ററോളം അകലെയായി പള്ളിമൺ ആറ്റിലാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ മണൽച്ചാക്കുകള്‍ നിരത്തി നിര്‍മിച്ചിരിക്കുന്ന തടയണയുടെ അപ്പുറത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തടയണയില്‍ ചെറിയൊരു വിടവുണ്ട്. മൃതദേഹം ഇങ്ങോട്ട് ഒഴുകിയെത്തിയതാണോ അതോ മനപൂര്‍വ്വം ഇവിടെ കൊണ്ടുവന്നിട്ടതാണോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. കാടും റബര്‍ തോട്ടങ്ങളും നിറഞ്ഞ ഇവിടം വിജനമായ പ്രദേശമാണ്.

 

మరింత సమాచారం తెలుసుకోండి: