ലോക്ക് ഡൗണ്‍ ലംഘിച്ചു ചങ്ങനാശ്ശേരി പായിപ്പാട് അതിഥി തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു.  നൂറകണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി റോഡില്‍ തടിച്ചുകൂടിയത്. രാവിലെ പതിനൊന്നു മണിയോടു കൂടിയാണ് തൊഴിലാളികള്‍ പൊതുനിരത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. ഭക്ഷണമോ യാത്രാ സൗകര്യങ്ങളോ കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. ഭക്ഷണം വേണ്ട, സ്വദേശത്തേയ്ക്ക് പോകാനായി വാഹനസൗകര്യം ഒരുക്കണമെന്നാണ് അതിഥി തൊഴിലാളികളുടെ പ്രധാന ആവശ്യം.

  

  ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബുവും പോലീസ് മേധാവി ജി ജയ്‌ദേവും സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ച ശേഷം ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായി.  സ്ഥലത്ത് കൂടുതല്‍ പോലീസ് സേന എത്തിച്ചേര്‍ന്നിട്ടുണ്ട്.

 

  ഭക്ഷണവും താമസസൗകര്യവും ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നെന്നും ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്കു പോകണമെന്നതാണെന്നും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.

 

   തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിനു മാത്രമായി യാത്രാസൗകര്യം ഒരുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. താമസവും ഭക്ഷണസൗകര്യങ്ങളും നല്‍കാമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കി.

 

  തൊഴിലാളികള്‍ക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണം നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തൊഴിലാളികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി.  അവർക്ക് പാകം ചെയ്ത ഭക്ഷണം വേണ്ടെന്ന് പറഞ്ഞ അടിസ്ഥാനത്തിൽ ആവശ്യമായ സാധനങ്ങൾ എത്തിച്ച് നൽകിയിരുന്നു.

  

   നേരിട്ട് ക്യാമ്പുകൾ സന്ദർശിച്ചിരുന്നുവെന്നും അവരുടെ കയ്യിൽ സാധനങ്ങളുണ്ടെന്നും നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമെന്നും കളക്ടർ വിശദീകരിച്ചു.അതേസമയം അതിഥി തൊഴിലാളികളുടെ പലായനം തടയാൻ സംസ്ഥാനങ്ങൾ അതിർത്തി അടക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.

 

  ഇതോടൊപ്പം തൊഴിലാളികൾ ഉള്ള സ്ഥലങ്ങളിൽ അവർക്ക് വേണ്ട സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് ഭക്ഷണവും പാർപ്പിടവും ഉറപ്പാക്കണം. വേതനം കൃത്യമായി ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

 

  തൊഴിലാളികളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഇതിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

 

మరింత సమాచారం తెలుసుకోండి: