ന്യൂഡൽഹി:  സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്. 20 സംസ്ഥാനങ്ങലിൽ രാജസ്ഥാനും കർണാടകയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏറ്റവും പിന്നിൽ ഉത്തർപ്രദേശാണ്. 2016-17 അധ്യാനവർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ മാനവശേഷി മന്ത്രാലയത്തിന്റേയും ലോകബാങ്കിന്റേയും സഹകരണത്തോടെ തയ്യാറാക്കിയ സൂചിക നീതി ആയോഗാണ് പുറത്തുവിട്ടത്.

പഠനഫലത്തെ സഹായിക്കുന്ന വിധത്തിൽ ഭരണനടപടിക്രമങ്ങളിലെ മികവിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. വലിയ സംസ്ഥാനങ്ങളിൽ കേരളത്തിന് 76.6 ശതാമനം സ്കോർ ലഭിച്ചപ്പോൾ ഉത്തർപ്രദേശിന്  36.4 ശതമാനം മാത്രമാണ് ലഭിച്ചത്. ചെറിയ സംസ്ഥാനങ്ങളിൽ 68.8 ശതമാനം സ്കോറുമായി മണിപ്പുരും കേന്ദ്രഭരണപ്രദേശങ്ങളിൽ 82.9 ശതമാനവുമായി ചണ്ഡീഗഢും ഒന്നാം സ്ഥാനത്തെത്തി.

മികച്ച പഠനഫലത്തിൽ കർണാടകമാണ് മുന്നിൽ. 81.9 ശതമാനമാണ് സ്കോർ. രാജസ്ഥാനാണ് രണ്ടാം സ്ഥനത്ത്. ഇവിടെയും ഏറ്റവും പിന്നിൽ ഉത്തർപ്രദേശാണ്. 2015-16ൽനിന്ന് കൂടുതൽ പുരോഗതി വരിച്ച സംസ്ഥാനങ്ങളിൽ ഹരിയാനയാണ് ഒന്നാംസ്ഥാനത്ത്. 18.5 ശതമാനത്തിന്റെ വർധനയാണ് ഹരിയാന കൈവരിച്ചത്. 2015-16ലെ 51 ശതമാനത്തിൽനിന്ന് 69.5 ശതമാനത്തിലേക്കാണ് ഹരിയാന വളർന്നത്. അസം (16.8), ഉത്തർപ്രദേശ് (13.7) എന്നിവയാണ് പുരോഗതി കൈവരിച്ച സംസ്ഥാനങ്ങളിൽ രണ്ടും മൂന്നും സ്ഥാനത്തെത്തിയത്.

പൊതുവിഭാഗം, പട്ടികജാതി-വർഗം ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിൽനിന്നുമുള്ളവർ ഉൾപ്പെടെ സമസ്തവിഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികളുടെ പഠനഫലങ്ങളിൽ രാജസ്ഥാനാണ് ഒന്നാമത്( 79.4 ശതമാനം). സ്കൂളുകളിലെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളിൽ ഹരിയാനയും (76 ശതമാനം) മഹാരാഷ്ട്രയുമാണ് (72 ശതമാനം) മുന്നിൽ.

ചെറിയ സംസ്ഥാനങ്ങളിൽ 14.1 ശതമാനത്തിന്റെ വളർച്ചയോടെ മേഘാലയ ഒന്നാമതെത്തി. കേന്ദ്രഭരണപ്രദേശങ്ങളിൽ 16.5 ശതമാനത്തോടെ ദാമൻ ദിയു ഒന്നാമതെത്തി.

మరింత సమాచారం తెలుసుకోండి: