സതേൺ റെയിൽവെ ജനറൽ മാനേജരായി ചുമതലയേറ്റ ജോൺ തോമസ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കേരളത്തിന്റെ റെയിൽവെ പ്രശ്നങ്ങൾ ചർച്ച് ചെയ്തു.

 

നിർദിഷ്ട തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽവെ ലൈൻ യാഥാർത്ഥ്യമാക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിന്റെയും റെയിൽവെയുടെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. റെയിൽവെയുടെ ഭാഗത്തുനിന്ന് ഈ പദ്ധതിക്ക് നല്ല പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരി-മൈസൂർ റെയിൽവെ ലൈൻ യാഥാർത്ഥ്യമാക്കണം.

 

തിരുവനന്തപരും-ഡൽഹി രാജധാനി എക്സ്പ്രസ്സ് പ്രതിദിനമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പൊട്ടിപ്പൊളിഞ്ഞതും നിലവാരമില്ലാത്തതുമായ കോച്ചുകളാണ് കേരളത്തിൽ ഓടുന്നത്. അതിനാൽ കൂടുതൽ പുതിയ കോച്ചുകൾ ലഭ്യമാക്കണം. തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ ശതാബ്ദി എക്സ്പ്രസ്സ്, ബംഗളൂരുവിലേക്ക് കൂടുതൽ ട്രെയിൻ, എറണാകുളം-ഷൊർണൂർ മൂന്നാം ലൈൻ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു. 

 

റെയിൽവെ മന്ത്രാലയവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കുമെന്ന് ജോൺ തോമസ് ഉറപ്പു നൽകി. തിരുവനന്തപുരം റെയിൽവെ ഡിവിഷണൽ മാനേജർ ശിരീഷ് കുമാർ സിങ്, അഡീഷണൽ ഡി.ആർഎം. പി. ജയകുമാർ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

మరింత సమాచారం తెలుసుకోండి: