അട്ടപ്പാടിയിലെ മാവോയിസ്റ് വേട്ടയെ  ന്യായീകരിച്ച് മുഖ്യമന്ത്രി,വിമർശനങ്ങളുമായി ഒട്ടേറെപ്പേർ രംഗത്ത് .  

 

വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുആശയം ഇല്ലാതാകും എന്ന് കരുതുന്നത് മണ്ടത്തരം 

 

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.  തണ്ടർ ബോൾട്ട് വെടിവച്ചതു സ്വയരക്ഷയ്ക്കെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയുണ്ടായി.തണ്ടർ ബോൾട്ട് ഏകപക്ഷീയമായി വെടിവച്ചതല്ലായെന്നും,മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നാണ് ആദ്യം  വെടിവയ്പ്പുണ്ടായതെന്നും,അതിനെ തുടർന്നാണ് തണ്ടർബോൾട്ട് വെടിയുതിർത്തതെന്നും അദ്ദേഹം പറഞ്ഞു.അതിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് എന്നുമാണ്  മുഖ്യമന്ത്രി പറഞ്ഞത്. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധങ്ങള്‍   കണ്ടെടുത്തിട്ടുണ്ട്. 

 

    ഇന്നലെ വനമേഖലയിലേക്ക് മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പോയപ്പോള്‍ വീണ്ടും മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ഇത്തരം സംഭവങ്ങളില്‍ അനുശാസിക്കേണ്ട നടപടിക്രമങ്ങള്‍  കോടതി നിര്‍ദ്ദേശമനുസരിച്ച് പാലിക്കുന്നുണ്ട്. എന്നാൽ മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്നാണു പ്രതിപക്ഷത്തിന്റെ  നിലപാട്. പ്രതിപക്ഷത്തുനിന്നും എൻ. ഷംസുദ്ദീനാണു അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഇതേതുടർന്ന് പൊലീസിന് പരിക്കേല്‍ക്കാത്തതില്‍ ഷംസുദ്ദീന് പരിഭവമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഒപ്പം മാവോയിസ്റ്റുകളെ വെടി വെച്ചു കൊല്ലുകയും ചെഗുവേരക്കു ജയ് വിളിക്കുകയും ചെയ്യുന്നവർ ആണ് ഇടതു പക്ഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയുണ്ടായി.

 

   മറ്റൊരു ഭാഗത്ത്  മാവോയിസ്റ്റുകള്‍ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ലായെന്നും,ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിന്‍ബലമുണ്ടെന്നും,തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവര്‍,സുരക്ഷിത സ്ഥാനങ്ങളില്‍ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുതെന്നും കാട്ടി പ്രതികരണവുമായി ബിനീഷ് കോടിയേരി രംഗത്തെത്തിയിരുന്നു.വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണെന്ന് ബിനീഷ്  തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം ഇന്നു നടക്കും. പ്രത്യേക സുരക്ഷയൊരുക്കിയാണ് മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കൂടാതെ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട മേഖലയില്‍ രണ്ടുപേര്‍ കൂടിയുണ്ടെന്ന സംശയത്തില്‍ അട്ടപ്പാടി വനത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്..

మరింత సమాచారం తెలుసుకోండి: