പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഇനി ഹെല്‍മറ്റ് നിര്‍ബന്ധം.ഇതു  സംബന്ധിച്ച കേന്ദ്രനിയമം നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹെല്‍മറ്റ് നിര്‍ബന്ധമാക്കി രണ്ടുവര്‍ഷം മുന്‍പ് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. നിയമം ഡിസംബര്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും. ഹെൽമറ്റ് നിർബന്ധമാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സംസ്ഥാനം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി  കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഒരാഴ്ചയ്ക്കകം കേന്ദ്രനിയമം നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം അറിയിച്ചില്ലെങ്കിൽ നിയമാനുസൃത ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം നടപ്പാക്കാൻ സർക്കുലർ  പുറപ്പെടുവിക്കുമെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചത്. ഇക്കാര്യത്തിൽ മാധ്യമങ്ങളിലൂടെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവ്  നിലനിൽക്കുമ്പോൾ അതിൽ ഇളവ് അനുവദിക്കാനാവില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഡിവിഷൻ ബെഞ്ചെടുത്ത നിലപാട്. കഴിഞ്ഞ ഓഗസ്റ്റ് 9നാണ് ബൈക്കിൽ പിൻ സീറ്റിലെ യാത്രക്കാരും ഹെൽമറ്റ് ധരിച്ചിട്ടുണ്ടാകണമെന്ന  നിയമ ഭേദഗതി കേന്ദ്രം കൊണ്ടു വരുന്നത്. നാലു വയസിനു മുകളിലുള്ള എല്ലാവരും ഹെൽമറ്റ് ധരിച്ചിട്ടുണ്ടാകണമെന്നാണ് ഈ ഭേദഗതിയിലുള്ളത്. എന്നാൽ 1988ലെ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് കേരളം ഇതിൽ നേരത്തെ തന്നെ ഇളവ്  അനുവദിക്കുകയായിരുന്നു.ഇതിനെതിരെ പള്ളുരുത്തി സ്വദേശി ടി.യു. രവീന്ദ്രൻ 2015ൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ചിദംബരേഷ്  ഹെൽമറ്റ് നിർബന്ധമാക്കിയത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

మరింత సమాచారం తెలుసుకోండి: