സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ എല്ലായിടത്തും. കേരളത്തിൽ ഈ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് തന്നെ ചില മന്ത്രിമാരൊക്കെ വിദേശ യാത്ര നടത്തി കഴിഞ്ഞു. പോരാത്തതിന് കോളേജുകളിലെ യൂണിയൻ ചെയർമാന്മാരെയും കൊണ്ടുപോവാനും ഒരുങ്ങുന്നുണ്ട്. അതിനിടയിലാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഗതാഗത സെക്രട്ടറിയുടെ പുതിയ നീക്കം. ഇതിലൂടെ ആർക്കും മനസിലാക്കാം  കെഎസ് ആർ ടിസിയെ തകർക്കുന്നത് ഉദ്യോഗസ്ഥരുടെ വികലമായ നയം തന്നെയാണെന്ന്. 

 

   
 എന്തെന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രക്ഷപ്പെടുത്താൻ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നു പുതിയ മാർഗം എന്തെന്നാൽ ഗതാഗതവകുപ്പ് ബസുകളുടെ മുന്നിലും പിന്നിലും ഡാഷ് ക്യാമറ വച്ച് റോഡിലെ നിയമലംഘനങ്ങൾ പകർത്തി പിഴ ഈടാക്കാനാണ്. ലോകമണ്ടത്തരമെന്നല്ലേ ഇതിനെ പറയാനാകൂ. പൊലീസിനും മോട്ടോർ വാഹന വകുപ്പിനും മാത്രമേ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ  അധികാരമുള്ളൂ.

 

   ഇവർ തന്നെയാണ് അത് കണ്ടെത്തേണ്ടതും തുടർന്നുള്ളനടപടികൾ സ്വീകരിക്കേണ്ടത്. പൊലീസിനും മോട്ടോർ വാഹന വകുപ്പിനും മാത്രമാണ് അതിനുള്ള അധികാരമെന്നിരിക്കെ ഈ പുതിയ ആശയം നിയമപരമായി പ്രാവർത്തികമാക്കാൻ കഴിയില്ല. നിലവിൽ പൊലീസും മോട്ടോർ വാഹന വകുപ്പും റോഡിൽ പരിശോധനകൾ നടത്തി ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കി തുക മുഴുവൻ സർക്കാരിലേക്ക് നൽകുകയാണ് ചെയ്യാറുള്ളത്. മാത്രമല്ല പിഴ അവർക്ക് സ്വന്തമായി ചെലവാക്കാൻ അധികാരവുമില്ല.

 

    എന്നാൽ ഇപ്പോൾ ഇതെല്ലാമറിയുന്ന ഗതാഗത സെക്രട്ടറി തന്നെ ഇത്തരം ഉത്തരവുകൾ ഇറക്കുന്നത് തന്നെ വിചിത്രമായാണ് പലരും കാണുന്നത്. ഓരോ ദിവസവും   
മോട്ടർ വാഹന വകുപ്പിൽ നിന്നു ഏകദേശം 40 നിയമലംഘനങ്ങൾക്കു  പിഴയിനത്തിൽ 250 രൂപ തോതിൽ ഈടാക്കിയാൽ 10000 രൂപ അധികവരുമാനം ലഭിക്കുമെന്നും ഇത് ശമ്പളം നൽകാനും മറ്റും ഉപയോഗിക്കാമെന്നുമാണ് ഗതാഗത സെക്രട്ടറിയുടെ പുതിയ കണ്ടുപിടുത്തം. ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാൽ തയാറാക്കിയതാണ് ഈ പദ്ധതി.

 

   പദ്ധതി കെഎസ്ആർടിസി എംഡിയുമായി ചർച്ച ചെയ്യാൻ മന്ത്രി എകെ ശശീന്ദ്രൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ബസുകളിലും അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡാഷ് ക്യാമറകൾക്കു മുൻപിൽ പോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കൂടി പകർത്താൻ കഴിയുമെന്നതിനാൽ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയും ലൈൻ തെറ്റിച്ചും വാഹനമോടിക്കുന്നതും അനധികൃത പാർക്കിങ്ങും കണ്ടെത്താമെന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.

 

   ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കു മോട്ടർ വാഹന വകുപ്പിൽ നിന്ന് കോംപൗണ്ടിങ് ഫീ ഈടാക്കാമെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു ഫീസ് നിയമ ലംഘനങ്ങളുടെ പിഴയിൽ നിന്ന് ആർക്കും കൊടുക്കാൻ മോട്ടർ വാഹന വകുപ്പിന് സാധിക്കില്ല. സംസ്ഥാന സർക്കാരിന്റെ തീരുമാനം അനുസരിച്ച് ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്താൽ 500 രൂപ പിഴ നൽകണം.

 

   സർക്കാരിന് അവകാശപ്പെട്ട പിഴ തുകയാണ് ഇങ്ങനെ ഹെൽമറ്റ് വയ്ക്കാത്തതിന് കിട്ടുന്ന 500 രൂപ. സർക്കാരിന് അതിൽ നിന്ന് കമ്മിഷനോ മറ്റ് സർവ്വീസ് ചാർജോ മറ്റാർക്കെങ്കിലും നൽകാനും കഴിയില്ല. പൊലീസിനും മോട്ടർ വാഹന വകുപ്പിനും മാത്രമാണ് ഇത് കണ്ടത്തേണ്ട ചുമതല. അധികാരം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ഇതെല്ലാം അറിയാവുന്ന ഗതാഗത സെക്രട്ടറിയുടെ പുത്തൻ ആശയത്തിന് പിന്നിൽ എത്രയും വേഗം ക്യാമറ ബസുകളിൽ ഫിറ്റ് ചെയ്യാനുള്ള തിടുക്കമാണെന്ന വാദവും സജീവമാണ്. ഒപ്പം ഇത് അഴിമതിക്കുള്ള വഴിയൊരുക്കുകയാണെന്നും വാദമുയരുന്നുണ്ട്.

మరింత సమాచారం తెలుసుకోండి: