അലിഗഢ് സര്‍വകലാശാലയില്‍ പൌരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികളെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതായി വെളിപ്പെടുത്തല്‍. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും വിവസ്ത്രരാക്കി മര്‍ദ്ദിച്ചെന്നും സഹപാഠികള്‍ ആരോപിച്ചു.

 


രാജ്യ തലസ്ഥാനത്തായതിനാല്‍ ജാമിയയിലെ പൊലീസ് അതിക്രമം തുറന്നുകാട്ടപ്പെട്ടു. എന്നാല്‍ അതിലും ക്രൂരമാണ് അലിഗഢ് സര്‍വകലാശാലയില്‍ അരങ്ങേറിയ പൊലീസ് ക്രൂരത. 16ന് നടന്ന പ്രതിഷേധത്തിനിടെ ഗേറ്റുകള്‍ തള്ളിത്തുറന്നാണ് പൊലീസ് ക്യാമ്പസിനകത്ത് കയറിയത്. ഹോസ്റ്റല്‍ റൂമിലും ലൈബ്രറിയിലും അടക്കം ഇരുന്നിരുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചു.

 

  ഇതിന് ശേഷമാണ് നിരവധി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ എടുത്തവരെ വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. ശേഷം നിര്‍ബന്ധിച്ച് മദ്യം നല്‍കിയതായും വിവസ്ത്രരായി മര്‍ദ്ദിച്ചതായും സഹപാഠികള്‍ പറയുന്നു. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ചില റൂമുകള്‍ അഗ്നിക്കിരയാക്കിയതായും വിദ്യാര്ത്ഥികള്‍ പറയുന്നു. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ 24 മണിക്കൂറിന് ശേഷമാണ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ പൊലീസ് വിട്ടയച്ചത്.പൊലീസ് ജാമിഅ മില്ലിയ കാമ്പസില്‍ കയറിയത് വിദ്യാര്‍ഥികളുടെ രക്ഷക്കായെന്ന് എഫ്.ഐ.ആര്‍.

 

 

    അക്രമകാരികളെ തേടിയാണ് യൂണിവേഴ്സിറ്റിയില്‍ കയറിയത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ 75 ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചു. ഏഴില്‍ അധികം വിദ്യാര്‍ഥികളും സാമൂഹ്യവിരുദ്ധരും യൂണിവേഴ്സിറ്റിക്ക് അകത്ത് നിന്ന് പൊലീസിനെ കല്ലെറിഞ്ഞെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ജാമിഅയിലെ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് പ്രതി ചേര്‍ത്തു.

 

 

   ആസിഫ് ഇഖ്ബാല്‍, ചന്ദന്‍ കുമാര്‍, കാസിം എന്നിവരെയാണ് ഡല്‍ഹി പൊലീസ് പ്രതി ചേര്‍ത്തത്. പുതുതായി തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഏഴ് പേരാണ് പ്രതികള്‍. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആസിഫ് ഖാനും കേസില്‍ പ്രതിയാണ്. വിദ്യാർഥികൾക്കെതിരെ വ്യാപകമായി ഡല്‍ഹി പൊലീസ് എഫ്.ഐ.ആറുകളെടുക്കുന്നുവെന്ന് സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്സിങ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

 

    ഈ വാദത്തെ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന എഫ്.ഐ.ആറിന്‍റെ കോപ്പികള്‍.അതിനിടെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനകൾ അടക്കം സമർപ്പിച്ച അറുപതോളം ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.

 

 

మరింత సమాచారం తెలుసుకోండి: