ഇന്ന് പുലർച്ചെയാണ് റോബർട്ട് വധേരയുടെ ബിസിനസ് പങ്കാളിയും മലയാളി വ്യവസായിയുമായ സിസി തമ്പിയെ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഡൽഹിയിലേക്ക് വിളിച്ചു വരത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തത്. ഇതോടെ ഞെട്ടലിലായിരുക്കുന്നത് കോൺഗ്രസിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലാണ്.  അറസ്റ്റ് നടന്നിരിക്കുന്നത് 1000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച 20018ലെ ഒഎൻജിസിയുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ്.

 

 

 

    കയ്യിലൊന്നുമില്ലാതിരുന്ന തൃശ്ശൂർ കുന്നംകുളത്തെ ഒരു സാധാരണക്കാരനിൽ നിന്നും റോബർട്ട് വധേരയുടെ ബിസിനസ് പങ്കാളി എന്ന നിലയിലേക്ക് വളർന്ന മലയാളിയായ സിസി തമ്പിയുടെ കഥ ഏവരെയും അതിശയിപ്പിക്കുന്നതാണ്. വധേരയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തികൂടിയാണ് ഹോളിഡേയ്സ് ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയായ തമ്പി. മറ്റു മലയാളികളെ പോലെ തമ്പിയും ചെന്നെത്തിയത് ഗൾഫ് നാടുകളിലായിരുന്നു.

 

 

   കൂടെ പഠിച്ചവർ ഗൾഫിൽ പോയി വന്നപ്പോഴുള്ള പത്രാസ് കണ്ടാണ് തമ്പിയും ഗൾഫിലേക്ക് പറന്നത്.  ഗൾഫിലെ എണ്ണ വ്യവസായത്തിന്റെ വളർച്ച തമ്പിയുടെ ബിസിനസ്സും വർധിപ്പിച്ചു. പിന്നീട് വ്യവസായം ഇന്ത്യയിലേക്ക് എത്തിയപ്പോൾ തമ്പിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിലെ പല ഉന്നതരും തുണയായി. ഇപ്പോൾ 1000 കോടിയുടെ സാമൃാജ്യത്തിന് ഉടമയാണ് സി സി തമ്പിയെന്ന വ്യവസായി. എന്നാൽ, എത്രകോടിയുടെ ആസ്തിയാണുള്ളതെന്നതിന്  വ്യക്തമായ കണക്കുകൾ പോലുമില്ല.

 

 

 

   എന്നാലിപ്പോൾ ബിജെപി സർക്കാരിന്റെ കണ്ണിലെ കരടായി തമ്പി മാറിയിരിക്കുകയാണ്. കാരണമായി ഗാന്ധി കുടുംബവുമായുള്ള ബന്ധമാണ് ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെ ദുബൈ തമ്പി എന്നും ഹോളിഡേ തമ്പിയെന്നും അറിയപ്പെടുന്ന ചെറുവത്തൂർ ചാക്കുട്ടി തമ്പി വിവാദപുരുഷനായി മാറിയിരിക്കുകയാണ്.  ഹോളിഡേ ഗ്രൂപ്പിന്റെ കരുത്തിൽ ചില്ലറയൊന്നുമല്ല തമ്പി നേടിയത്.

 

 

 

   ദുബായിലും അജ്മനിലും ഫുജ്റയിലും റാസൽകൈമയിലും നാലുകെട്ട് റെസ്റ്റോറന്റുകൾ, അജ്മാനിൽ ഹോളിഡേ ബീച്ച് ക്ലബ്ബ്, ഷാർജയിൽ സീ വീ മറൈൻ സർവ്വീസ്, അജ്മനിൽ ഹോളിഡേ അറേബ്യൻ റിസോർട്ട്, ഷാർജയിൽ റെന്റ് എ കാർ, മറൈൻ സർവ്വീസ്, ഡ്യൂട്ടി ഫ്രീ ഷോപ്പ്, അൽഖലീജ് ടയർ ഫാക്ടറി, റാസൽകൈമ മീഡിയാ സർവ്വീസ്-ഇങ്ങനെ നീളുന്നു തമ്പിയെന്ന ബിസിനെസ്സ് അതികായന്റെ വ്യവസായക്കരുത്തിന് തെളിവായ സ്ഥാപനങ്ങൾ. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദേരയുടെ അടുത്ത സുഹൃത്താണ് ഈ മലയാളി എന്ന കാരണത്താൽ ഈ ബിസിനസ്സ് സ്ഥാപനങ്ങളിലെല്ലാം ചില സംശയങ്ങൾ ആദായ നികുതി വകുപ്പിനുണ്ട്.

 

 

    രണ്ട് ഡസനിലധികം കമ്പനികളുടെ എം.ഡി കൂടിയായ തമ്പി റിയൽ എസ്റ്റേറ്റ്, ഡിസ്റ്റിലറി, എഞ്ചിനീയറിങ് കോളേജുകൾ, ഹോട്ടലുകൾ തുടങ്ങിയ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപമുണ്ടെന്നും സൂചനയുണ്ട്. തൃശൂരിലെ കോട്ടോൾ ദേശത്തെ തികച്ചും സാധാരണക്കാരന്റെ ആറു മക്കളിൽ അഞ്ചാമനായിരുന്ന തമ്പിക്ക് കുട്ടിക്കാലത്ത് വീട്ടിലെ കൃഷിയും കാലിമേയലും എല്ലാം ചെയ്യേണ്ടി വന്നിരുന്നു. സർക്കാർ സ്‌കൂളിൽ പഠിച്ച് കൊച്ചിയിലെ പ്രിഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തിയ തമ്പിയുടെ മനസ്സിൽ ഗൾഫ് മോഹമെത്തി.

 

 

 

    കൂടെയുണ്ടായിരുന്നവർ ഗൾഫിൽ നിന്നും നാട്ടിലെത്തുമ്പോഴുള്ള പകിട്ട് തനിക്കും വേണമെന്നാഗ്രഹിച്ച തമ്പി പണം കടം വാങ്ങിയും മറ്റും ജീവിതം പച്ചപിടിപ്പിക്കാനുറപ്പിച്ച് ദുബായിലെത്തി. 1980ൽ ഗൾഫിലെത്തിയ തമ്പി നാല് വർഷങ്ങൾക്ക് ശേഷം സ്വന്തമായി കപ്പലുകൾക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന വ്യവസായ സ്ഥാപനം തുടങ്ങി. പിന്നീട് ഫോർ സ്റ്റാർ ഹോട്ടൽ വാടകയ്ക്കെടുത്ത് കേരളത്തിന്റെ കപ്പയും മീനും പരിചയപ്പെടുത്തിയ ഹോട്ടൽ വ്യവസായം വിജയിച്ചതോടെ നാലുകെട്ട് എന്ന പേരിലെ ഹോട്ടൽ ശൃംഖല വളർന്നു പന്തലിച്ചു. പിന്നെ റിയൽ എസ്റ്റേറ്റിലേക്ക്.

 

 

   ഇതോടെ ദുബായിലെത്തുന്ന രാഷ്ട്രീയക്കാരുടെ പ്രിയ സുഹൃത്തായി തമ്പിയെ മാറ്റി. ഐ ഗ്രൂപ്പുമായി കരുണാകരന്റെ കാലത്തുണ്ടായിരുന്ന ബന്ധം മുറിയാതെ കാത്തുസൂക്ഷിച്ചത് കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് വരെ തമ്പിയുടെ പിടി നീളാൻ കാരണമായി. ജീവകാരുണ്യ പ്രവർത്തങ്ങൾക്കും സ്മാർട് സിറ്റിയിലെ വികസന പ്രക്രിയയ്ക്കും തമ്പി ആവുന്നത് ചെയ്തു. ഹോളിഡേ ഗ്രൂപ്പിന്റെ ചെയർമാനാണ് തമ്പി. യുഎഇ രാജകുടുംബത്തിലെ പ്രധാനിയായ ഷെയ്ഖ് യൂസഫ് ഖാലിഫ റാഷിദ് അൽ മുല്ലയാണ് പ്രധാന സ്പോൺസർ.

 

 

 

     വിദേശനാണ്യ ചട്ട ലംഘനത്തിനു പുറമേ കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ തമ്പിയുടെ സ്ഥാപനങ്ങളിലൂടെ നടന്നുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കരുതുന്നത്. അതേസമയം, ലണ്ടനിൽ 26 കോടി രൂപയുടെ ഫ്‌ളാറ്റ് റോബർട്ട് വധേര വാങ്ങിയതായും ഇതിനും സി സി തമ്പി ആയിരുന്നു ഇടനില നിന്നതെന്നും നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

 

 

 

     കൂടാതെ കേരളത്തിൽ വിവിധ വസ്തുവകകൾ സ്വന്തമാക്കിയതിന്  ഏകദേശം ആയിരം കോടി രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കർശന നിരീക്ഷണത്തിലായിരുന്നു തമ്പി. ഇതിനുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. 

మరింత సమాచారం తెలుసుకోండి: