ദൃശ്യമെന്ന ബ്ലോക്കബ്സ്റ്റർ ചിത്രത്തിന്  ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് റാം. ജനുവരി അഞ്ചിന് ചിത്രീകരണം തുടങ്ങുന്ന സിനിമയെ പറ്റി കഴിഞ്ഞ ദിവസം  ഇരുവരും വിശദീകരിച്ചിരുന്നു. റാം ഒരു ത്രില്ലര്‍ സിനിമയാണെന്നും വലിയൊരു കമ്പനിയാണ് ഇത് നിർമിക്കുന്നതെന്നും  മോഹൻലാൽ വ്യക്തമാക്കി. ഒരുപാട് നാളത്തെ ചർച്ചകൾക്കു ശേഷമാണ് ഈ സിനിമ ചെയ്യാൻ തീരുമാനിക്കുന്നതെന്നും വളരെ പാഷനോടുകൂടിയാണ് ഈ ചിത്രത്തെ കാണുന്നതെന്നും ലാലേട്ടൻ കൂട്ടിച്ചേർത്തു.

 

     എല്ലാ സിനിമകളും തുടങ്ങുമ്പോൾ അത് ഹിറ്റാകട്ടെ എന്നു പ്രാർഥിച്ചാണ് തുടങ്ങുന്നതെന്ന് പറഞ്ഞ അദ്ദേഹം  ചില സിനിമകൾ അങ്ങനെ ആകുന്നുവെന്നും ചിലത് അങ്ങനെ അല്ലാതാകുന്നുവെന്നും വെളിപ്പെടുത്തിയതിനൊപ്പം  അതിന്റെ രഹസ്യം ആർക്കും അറിയില്ലെന്നും വ്യക്തമാക്കി.

 

   ഈ സിനിമയും അങ്ങനെ തന്നെയാണെന്നും  ആ രഹസ്യം അറിയാതെ ഈ ചിത്രം മുന്നോട്ടുപോകുന്നുവെന്നും ലാലേട്ടൻ കൂട്ടിച്ചേർത്തു. സിനിമയിലെ തൃഷയുടെ കഥാപാത്രം ഡോക്ടറാണ്. കഥ പോകുന്ന രീതി അനുസരിച്ച് നമുക്ക് പരിചയമില്ലാത്ത ഒരാൾ അഭിനയിച്ചാൽ നന്നാകുമെന്ന് തോന്നി. തൃഷയെ കൂടാതെ പലപേരുകൾ പറഞ്ഞിരുന്നു.

 

  അങ്ങനെ തൃഷയിൽ എത്തുകയായിരുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കി. ഈ ചിത്രത്തിൽ മീശ പിരിക്കുമോ എന്ന ചോദ്യത്തിന് പിരിക്കാനും പിരിക്കാതിരിക്കാനും ചാൻസ് ഉണ്ട് എന്നായിരുന്നു ലാലേട്ടന്റെ മറുപടി.ഇതൊരു വലിയ സിനിമയാണെന്നും ദൃശ്യത്തിനു ശേഷം മോഹൻലാൽ–ജീത്തു ജോസഫ് ടീം വീണ്ടും ഒരുമിക്കുന്ന ചിത്രമാണെന്നും പ്രത്യേകതകൾ ഏറെയുള്ള ചിത്രമെന്നും തൃഷ പറഞ്ഞു.

 

  പല ചടങ്ങുകളിലും ലാലേട്ടനോട് നമ്മൾ ഒരുമിച്ചുള്ള ചിത്രമെന്നാണെന്ന് ചോദിച്ചിട്ടുണ്ടെന്നും അത് ഈ ചിത്രത്തിലൂടെ യാഥാർഥ്യമാവുകയാണെന്നും തൃഷ വ്യക്തമാക്കി. നിർമാതാക്കൾ ആണ് ആദ്യം പ്രമേയവുമായി സമീപിക്കുന്നതെന്നും ലാലേട്ടനെ കണ്ടപ്പോൾ അദ്ദേഹത്തിനും ഇഷ്ടപ്പെടുകയും ചെയ്‌തെന്ന് ജിത്തു ജോസഫും പറഞ്ഞു.

 

  ദൃശ്യം കഴിഞ്ഞതിനു ശേഷം ലാലേട്ടനെവച്ചൊരു പടം ചെയ്യാൻ തനിക്കൊരു ടെൻഷനും പേടിയും ഉണ്ടായിരുന്നുവെന്നും നല്ല പാഷനുള്ള നിർമാതാക്കളെ ലഭിച്ചെന്നും അവർ ഒരുപാട് കാത്തിരുന്നെന്നും  ജിത്തു ജോസഫ് തുറന്നു പറഞ്ഞു. എന്റർറ്റെയ്നറും ആക്ഷനുമുള്ള നല്ലചിത്രമാണ് രാമെന്നും പറഞ്ഞ ജിത്തു ജോസഫ് തൃഷയുടെ പേര് പറയുന്നത് ലാലേട്ടനാണെന്നും വ്യക്തമാക്കി.

 

  മോഹൻലാലാണ് റാം എന്ന കഥാപാത്രമായി എത്തുന്നത്. ഇന്ത്യയിലാണ് ചിത്രീകരണം ആരംഭിക്കുക. കെയ്റോ, ഉസ്ബെക്കിസ്ഥാൻ, യുകെ, ഡൽഹി, ധനുഷ്കോടി, കൊളംബോ തുടങ്ങിയവയാകും മറ്റ് ലൊക്കേഷൻ.അതേസമയം ലാലേട്ടൻ അഭിനയിച്ച ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിട്ടുണ്ട്.

 

  ആദ്യമായി മലയാള ഭാഷയില്‍ നിന്ന് ചൈനീസിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രം ഡിസംബര്‍ 20 ന് പുറത്തിറങ്ങും. അതേസമയം നാട്ടില്‍ നടക്കുന്ന എല്ലാ കൊലപാതകങ്ങള്‍ക്കും ഉത്തരവാദി തന്റെ ചിത്രം ദൃശ്യം ആണെന്ന രീതിയിലുള്ള പ്രചാരണത്തിനെതിരെ  ജീത്തു ജോസഫ് രംഗത്ത് വന്നിരുന്നു.

మరింత సమాచారం తెలుసుకోండి: