ഏതേങ്കിലും ക്രൂര കൃത്യങ്ങളുടെ കേസിൽ പ്രതികൾ ജയിൽ ശിക്ഷ അനുഭവിക്കുമ്പോൾ വാദിഭാഗവും സാധാരണക്കാരും കരുതും ചെയ്ത കുറ്റത്തിനുള്ള ശിക്ഷ ആ പ്രതിക്ക് കിട്ടിയല്ലോ എന്ന്. പക്ഷെ അവർ അവിടെ സുഖവാസത്തിലാണെന്ന് ആരും അറിയുന്നില്ല.

 

    ഇവരിൽ പലരുടെയും ജാതകത്തിൽ രാജയോഗത്തോട് കൂടിയുള്ള ജയിൽവാസം ഉണ്ടാവുമെന്നാവും എഴുതിയിരിക്കുക. തിരുവനന്തപുരത്തെ സെന്ററൽ ജയിലിൽ ചന്ദ്രബോസ് വധക്കേസ് പ്രതിയും കിംഗ്സ് ബീഡി ഉടമയുമായ നിസാമിന് ഇപ്പോൾ ജയിലിൽ രാജയോഗമാണ്.

 

   മൂന്നാം ബ്ലോക്കിൽ തമ്പുരാനായി വാഴുന്ന നിസാമിന് 2 തടവുകാരാണ് പരിചാരകരായി ഉള്ളത്. ഇവർ പരിചാരകരായി റിസാമിന് സേവ ചെയ്യുന്നത് ജയിലിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സമ്മതത്തോടെയാണ്. ഇങ്ങനെ നിസാമിന് സേവ ചെയ്യുന്നവരുടെ വീട്ടിൽ ഓരോ മാസവും കൃത്യമായ ശമ്പളം എത്തുന്നുണ്ടെന്നാണ് വിവരം. മാത്രമല്ല നല്ല വിഭവ സമൃദ്ധമായ ഭക്ഷണമാണ് നൽകുന്നതും. അതും നല്ല ചിക്കൻ ബിരിയാണിയും മട്ടനും ഉൾപ്പെടെയുള്ളവ. പിന്നെ ഊണ് കഴിഞ്ഞ് ഒരു ഉറക്കം.

 

    വൈകിട്ട് ചായയും സ്നാക്സും രാത്രി ചപ്പാത്തിയും കൂടെ ചിക്കനോ ലിവർ ഫ്രൈയോ, പോരെ നല്ല ഭക്ഷണമല്ലെ ? ജയിൽ കാന്റീനിൽ നിന്നുള്ള ഭക്ഷണത്തിന് നിസാമിന്റെ പ്രിസൺ കാഷ് പ്രോപ്പർട്ടി അക്കൗണ്ടിൽ നിന്നാണ് പണം നൽകുന്നത്. ഈ വിഭാഗത്തിൽ ഒരു മാസം ഒരു പ്രതിക്ക് 800 രൂപയാണ് അനുവദിക്കുന്നത്. അങ്ങനെ വരുമ്പോൾ നിസാമിന്റെ കാര്യത്തിൽ ഇതെല്ലാം വെള്ളത്തിൽ വരച്ച വര മാത്രം എന്ന് പറയാം.

 

   നിസാമിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിനുള്ള പരിധി കഴിഞ്ഞാൽ മറ്റ് തടവുകാരുടെ അക്കൗണ്ടിലിട്ട് നിസാമിന് വേണ്ടി ഉപയോഗിക്കുന്നതാണ് പതിവ്. ഋഷിരാജ് സിംഗാണ് ജയിൽ മേധാവിയെങ്കിലും നിസാമിന് രാജവാഴ്ചക്ക് ഒരു ഭംഗവുമില്ല. ഇതിന് ഋഷിരാജ് സിംഗിന്റെ വിശ്വസ്തരും കൂട്ടുനിക്കാറുണ്ടെന്നും ജയിലിലെ ചില വാർഡൻമാർ വ്യക്തമാക്കുന്നു. നിസാമിനുള്ള ഇത്തരം സഹായം ചെയ്യുന്നവരുടെ കൂട്ടത്തിൽ സുപ്രണ്ട് മുതൽ ജയിൽ വാർഡൻ വരെയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

 

   നിസാമിനെ വിവിധ കേസുകളിൽ വിചാരണക്കായി കോടതിയിലേക്ക് പോവാൻ സ്വന്തം ഇന്നോവ ക്രിസ്റ്റ വരുമ്പോൾ പൊലീസുകാർ പരസ്യമായി നിസാമിനെയും കൊണ്ട് ആ വാഹനത്തിൽ തന്നെ പോകും.ഇതെല്ലാം നിയമങ്ങൾ കാറ്റി പറത്തി കൊണ്ടാണ് എന്നത് പറയേണ്ടതില്ലല്ലോ.
എന്നാൽ ജീവനക്കാരുടെ സംഘടനയ്ക്കും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ അമർഷം ഇല്ലാതില്ല.

 

    രാവിലെ 10മിനിട്ടു കൊണ്ടു തീരുന്ന സോളാർ റീഡിങ് ആണ് നിസാമിന്റെ ഇപ്പോഴത്തെ ജോലി. അതും എന്നും റീഡിങ് എടുക്കാൻ നിസാം പോകാറില്ല. സോളാർ റീഡിങ് ജോലി നിസാമിന് നൽകാൻ കാരണം ജയിലിൽ ചെയ്യുന്ന ജോലി പിന്നീട് ശിക്ഷ ഇളവ് സമയത്ത് പരിഗണിക്കും എന്നതു കൊണ്ടാണ്. എങ്ങനെയെന്നാൽ  നിസാം ഒരു മാസം സോളാർ മീറ്റർ റീഡു ചെയ്താൽ പ്രതിദിനം 180 രൂപ ശമ്പളം ലഭിക്കും. ഒപ്പം ഒരു മാസം രണ്ടു ദിവസം എന്ന നിലയിൽ ശിക്ഷ ഇളവും കിട്ടും ഇത് പരമാവധി പ്രയോജനപ്പെടുത്തനായി വിശ്വസ്തനായ ജയിൽ ജീവനക്കാരൻ തന്നെയാണ് നിസാമിന് സോളാർ റീഡിങ് ജോലി നല്കിയത്.

 

   വെറും 10മിനിട്ടു മാത്രമുള്ള ജോലി ആയതിനാൽ മുഴുവൻ സമയവും നിസാമിന് വിശ്രമം തന്നെ. പോരാത്തതിന് നിസാമിന്റെ വിശ്വസ്തരാണ് മൂന്നാം ബ്ലോക്കിലെ ഡ്യൂട്ടിക്കാരും. സെന്ററൽ ജയിലിൽ ഡ്യൂട്ടി മാറി മാറി വരണമെന്ന ഉത്തരവുണ്ടെങ്കിലും   പാലിക്കപ്പെടുന്നില്ലന്ന് ആക്ഷേപവും ഉയരുന്നുണ്ട്. ഇവിടെ ദിവസ വേതനത്തിൽ ഡ്യൂട്ടി ചെയ്യുന്ന നിരവധി എക്സ് സർവ്വീസ് മാന്മാരും നിസാമിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാണ്. അടുത്തിടയ്ക്ക്  ജയിലിനുള്ളിൽ ഇവരിൽ ചിലരിൽ നിന്നും തന്നെ ലഹരി വസ്തുക്കൾ പിടിച്ചുവെങ്കിലും പ്രശ്നം സൂപ്രണ്ട് ഒതുക്കി തീർത്തു.

 

    പോരാത്തതിന് ജയിൽ ആസ്ഥാനത്തെ ഉപദേശകരുടെ സമ്മർദ്ദം കാരണം കേടുപാടുകൾ തീർക്കാത്ത ജയിലിലെ സിസിടിവി നിസാമിന്റെ സഹായികൾക്ക് ഉപകാരപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് കാരണം തടവറയിൽ നടക്കുന്ന കാര്യങ്ങൾ പലപ്പോഴും ആരും അറിയാറില്ല.വിശ്രമ വേളകൾ ആനന്ദകരമാക്കാൻ മനോരമ ആഴ്ചപ്പതിപ്പും മംഗളം വാരികയും വായിക്കലാണ് 
നിസാമിന്റെ പ്രധാന ഹോബി. തുണി അലക്കി നല്കുന്നതും ടോയ്ലറ്റു വൃത്തിയാക്കുന്നതും എന്തിന് ഭക്ഷണം കഴിച്ച പാത്രം കഴുകി നല്കുന്നതും 
പരിചാരകരായുള്ള സഹ തടവുകാർ തന്നെ.

 

    ആഴ്ചയിൽ മൂന്ന് തവണ ഭാര്യയും മക്കളും കാണാൻ വരുമ്പോൾ ഭാര്യ നെയ്യ്ചോറും കോഴിക്കറിയും ഒക്കെ കൊണ്ടു വരാറുണ്ടെന്നാണ് പറയപ്പെടുന്നത്. ജയിലിനുള്ളിലേക്ക് പുറത്തു നിന്ന് ഭക്ഷണം പ്രതികൾക്ക് അനുവദിക്കാറില്ലങ്കിലും നിസാമിന്റെ കാര്യത്തിൽ കാവൽ ഭടന്മാർ ഇതങ് കണ്ടില്ലെന്ന് നടിക്കും. നിസാമിന് മാത്രമുള്ള നിയമങ്ങൾ പോലീസുകാർ കണ്ണൂർ ജയിലിലും അനുവർത്തിച്ചതിനാലാണ് ആർ ശ്രീലേഖ ജയിൽ മേധാവിയായിരിക്കെ സമർപ്പിച്ച ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം നിസാമിനെ തിരുവനന്തപുരം സെന്ററൽ ജയിലിൽ എത്തിച്ചത്.

 

    കണ്ണൂർ സെന്റ്രൽ ജയിലിൽ കഴിഞ്ഞിരുന്ന നിസാമിനെ തിരുവന്തപുരത്തെത്തിച്ചപ്പോൾ അതിലും വലിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.  പല തരത്തിലുള്ള പരാതികൾ നിസാമിനെതിരെ പൊലീസിന് ലഭിച്ചെങ്കിലും അതിലൊന്നും അന്വേഷണം നടന്നതു പോലുമില്ല. ജയിൽ മാറ്റത്തോടെ നിസാം ഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകും എന്ന കണക്കു കൂട്ടലായിരുന്നെങ്കിലും ഇവിടെയും നിസാം സുഖവാസത്തിലാണ്.

మరింత సమాచారం తెలుసుకోండి: