ഒരു  രക്ഷയുമില്ലാത്ത ഇടിവെട്ട് ഐറ്റം, തീപ്പൊരി, ആവേശക്കൊടുമുടിയിൽ .തുടങ്ങി ഒരുപിടി വിശേഷണങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം തരംഗമായ ഫഹദ് ഫാസിലിന്‍റെ 'ട്രാൻസ്' സിനിമയുടെ ട്രെയിലറിന് ലഭിച്ചു കഴിഞ്ഞു. പക്ഷേ ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററുകളും ഗാനരംഗങ്ങളും പോലെ തന്നെ ഒന്നും പിടിതരാത്തതാണ് ട്രെയിലർ എന്നാണ് ഏവരും പറയുന്നത്.

 

 

 

   എന്നാലും വാനോളം പുകഴ്ത്തലാണ്  ട്രെയിലർ ഇറങ്ങിയതോടെ ഫഹദ്-നസ്രിയ-അൻവർ റഷീദ് ടീമിന്‍റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.അതോടൊപ്പം തന്നെ ട്രാൻസിന്‍റെ കഥ എന്തായിരിക്കുമെന്ന രീതിയിലുള്ള ചർച്ചകളും സോഷ്യൽമീഡിയയിൽ ആരംഭിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും കൂടുതൽ പേര്‍ പറഞ്ഞിരിക്കുന്നത് ട്രാൻസും ആത്മീയ ഗുരു ഓഷോയും ഓഷോയുടെ അനുയായി മാ ആനന്ദ് ഷീലയും തമ്മിലുള്ള സാദൃശ്യമാണ്.

 

 

   ഇൻ നമുക്ക് എന്താണ് ട്രാൻസ് എന്ന് നോക്കാം.ട്രാൻസ് എന്ന ഇംഗ്ലീഷ് വാക്കിന് ഒരു പാട് അര്‍ത്ഥങ്ങളുണ്ട്. മോഹാലസ്യം, മയക്കം, മൂര്‍ച്ച, ബോധക്കേട്‌, സമാധി, ദേഹാതീതവൃത്തി, മോഹനിദ്ര, ദര്‍ശനാവസ്ഥ, തപോനിദ്ര തുടങ്ങി നിരവധി അർത്ഥങ്ങളാണ്. ഓഷോ എന്ന ആത്മീയ ഗുരുവിന്‍റെ ഏറെ പ്രധാന്യമുള്ള ഒന്നായിരുന്നു ട്രാൻസ് ഡാൻസ്, ഒപ്പം ട്രാൻസ് ടിൽ യു ഡാൻസ് എന്നൊരു സംഗീതവും അദ്ദേഹത്തിന്‍റേതായുണ്ട്.

 

 

   കുറച്ചു കൂടി തെളിച്ചു പറഞ്ഞാൽ സർവ്വം മറന്ന്, ശാന്തതയിലേക്കുയരാൻ ഒരു നൃത്തം. ട്രെയിലറിലെ ചില രംഗങ്ങളും,  ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ട്.ഫഹദ്, ഓഷോയായിരിക്കുമോ, നസ്രിയ, മാ ആനന്ദ് ഷീലയാണോ..തുടങ്ങിയ ച‍ർച്ചകളാണ് സോഷ്യൽമീഡിയയിൽ പുരോഗമിക്കുന്നത്. ക്ലോസ് ഇനഫ് എന്നെഴുതിക്കൊണ്ട് ഓഷോയും ഷീലയും ചേർന്നിരിക്കുന്ന ചിത്രവും ഫഹദും നസ്രിയയും ചേ‍ർന്നുള്ള ചിത്രവുമൊക്കെ പലരും ട്വിറ്ററിലുള്‍പ്പെടെ പങ്കുവയ്ക്കുന്നുണ്ട്.

 

 

    മാത്രമല്ല ഓഷോ കമ്മ്യൂണിറ്റിയിലെ രണ്ടാം സ്ഥാനക്കാരിയായാണ് മാ ആനന്ദ് ഷീല അറിയപ്പെടുന്നതും.താൻ പണക്കാരുടെ ഗുരു എന്നാണ് ഓഷോ സ്വയം പരിചയപ്പെടുത്തിയിരുന്നത്. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ അനുയായികളേയും കുറിച്ച്  വൈൽഡ് കൺട്രി എന്ന പേരിൽ പുറത്തിറങ്ങിയ ഡോക്യുമെന്‍ററി ഏറെ ശ്രദ്ധനേടിയതുമാണ്.അദ്ദേഹത്തിന്‍റെ ഒരു അഭിമുഖത്തിൽ മാധ്യമപ്രവർത്തകൻ താങ്കൾക്ക് 80 റോള്‍സ് റോയ്സ് എന്തിനെന്ന് ഓഷോയോട് ചോദിക്കുമ്പോൾ 90 എന്ന് അദ്ദേഹം തിരുത്തിയിട്ടുണ്ട്, അതേ പോലുള്ള ഒന്ന് ട്രാൻസ് ട്രെയിലറിലുമുണ്ട്.

 

 

   ചിത്രത്തിൽ വൺ ടു വൺ ചാനലിന്‍റെ മാധ്യമപ്രവ‍ർത്തകന്‍റെ റോളിൽ ചിത്രത്തിൽ അഭിനയിക്കുന്ന സൗബിൻ, ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തോട് ഒരു പ്രൈവറ്റ് ജെറ്റ് എന്ന് പറയുമ്പോൾ രണ്ട് എന്ന് പറഞ്ഞ് ഫഹദ് തിരുത്തുന്നുണ്ട്. ഇതും ട്രാൻസ്-ഓഷോ ബന്ധത്തിന് അടിവരയിടുന്നതായി പലരും എടുത്തുകാണിക്കുന്നുണ്ട്.ട്രെയിലറിൽ പല സന്ദര്‍ഭങ്ങളിലെ ഫഹദിന്‍റെ കൈയ്യടികൾ കാണിക്കുന്നുണ്ട്. ഓഷോയും തന്‍റെ അനുയായികളോട് പലപ്പോഴും കൈയ്യടിക്കാൻ പറഞ്ഞിരുന്നൊരാളാണ്.

 

 

   ഒറ്റ കൈകൊണ്ട് ശബ്ദമുണ്ടാകില്ല, രണ്ട് കൈകൾ ചേരുമ്പോഴാണ് ശബ്ദമുണ്ടാകുന്നത്, കൈയ്യടി ശബ്ദം നമ്മളെ മരണത്തിലൂടെ കടത്തി പുതിയ ആളായി മാറ്റും എന്നൊക്കെ പ്രബോധിപ്പിച്ചയാളാണ് ഓഷോ, അദ്ദേഹത്തിന്‍റെ വീഡിയോകൾ ഓൺലൈനിൽ തിരഞ്ഞാൽ വളരെ വേഗതയിൽ കൈയ്യടിക്കുന്നത് കാണാനാകും. അതേ രീതിയിലാണ് ട്രെയിലറിൽ ഫഹദിന്‍റെ കൈയ്യടിയും. ജീവിതത്തിന്‍റെ വേഗത്തില്‍ ശാന്തി നഷ്‌ടപ്പെട്ടവര്‍ക്കാണ് ഓഷോ ആത്മീയ അനുഭൂതി പകര്‍ന്നു നല്‍കിയത്, മനസ്സ് മടുത്ത് തന്‍റെ അടുത്തെത്തുന്ന പണക്കാരോട് ഓഷോ ആദ്യം പറഞ്ഞിരുന്നത് ഉയർന്ന് ചാടാനായിരുന്നു.

 

 

 

    കുണ്ഡലിനി അഥവാ ഓരു വ്യക്തിയിൽ ഉറങ്ങികിടക്കുന്ന ശക്തി ഉണർത്താനുള്ള ട്രിക്കാണിത്. പിന്നെ ഉള്ളിൽ ഉള്ളത് മറന്നുകൊണ്ട് അലറാൻ പറയും.. അത് കഴിഞ്ഞ് അപാരമായ ശാന്തതയിലേക്ക് പ്രവേശിക്കും. ഈയൊരു രീതി ട്രാൻസിന്‍റെ ട്രെയിലറിലും കാണാൻ സാധിക്കും.ഓഷോ തന്‍റെ പഴ്സണൽ സെക്രട്ടറിയായി കൂടെ കൂട്ടിയിരുന്നയാളാണ് മാ ആനന്ദ് ഷീല.

 

 

 

   
ട്രാൻസിന്‍റെതായി ഇതിനകം പുറത്തുവന്ന പാട്ടുകളിലും ഇതിന്‍റെ ഒരു സാദൃശ്യം കാണാം. തമിഴ് നാട്ടിൽ മോട്ടിവേഷണൽ സ്പീക്കറായി പ്രവർത്തിക്കുന്ന വിജു പ്രസാദ് എന്നയാള്‍ പിന്നീട് അമേരിക്കയിലേക്ക് തന്‍റെ തട്ടകം മാറ്റുന്നതും അനുയായികളെ സൃഷ്ടിക്കുന്നതും ആഡംബരങ്ങളിൽ മുഴുകുന്നതുമൊക്കെ പാട്ടുകളിലും ട്രെയിലറുകളിലുമൊക്കെയുണ്ട്.

మరింత సమాచారం తెలుసుకోండి: