ഒരുപാട് വിവാദങ്ങൾക്കൊടുവിലാണ് ഇത്തവണ തൃശൂർ പൂരം അരങ്ങേറിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ചൊല്ലി ഇത്തവണ പൂരപ്രേമികളും ആനപ്രേമികളൂം എന്നിങ്ങനെ ചേരികൾ വരെ ഉണ്ടായി. വെടിക്കെട്ടില്‍ ഓലപ്പടക്കം മാലയായി കൂട്ടിക്കെട്ടുന്നതടക്കം ചെറിയ വിഷയത്തില്‍ പോലും സുപ്രീംകോടതിയുടെ സഹായം തേടേണ്ടിവന്നു. എങ്കിലും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് എല്ലാവര്ഷത്തെയും പോലെ, അല്ലെങ്കിൽ അതിലും ഒരുപടി മുന്നിൽ നിന്ന്, ഒട്ടും ആവേശം തോരാതെ തന്നെ കേരളത്തിന്റെ സാംസ്‌കാരിക നഗരി പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം കൊണ്ടാടി. ഒടുവിൽ അടുത്തവര്‍ഷം കാണാമെന്ന വിട ചൊല്ലലോടെ, ആചാരത്തികവോടെ തൃശൂർ പൂരം കൊടിയിറങ്ങി.


തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുനെള്ളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പൂരപ്രേമികളിൽ നിന്ന് ഏറ്റവുമധികം വിമർശനം നേടിയത് തൃശൂർ ജില്ലാ കളക്ടര്‍ ടിവി അനുപമആണ്. എന്നാൽ പൂരം കൊടിയിറങ്ങുമ്പോൾ അതെ ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്കും പൊലീസ് സൂപ്രണ്ട് യതീഷ്‌ചന്ദ്രയ്ക്കും കൈയ്യടിക്കുകയാണ് പൂരപ്രേമികൾ


ഇത്തവണ തൃശൂർ പൂരത്തിന് ഒരനിഷ്‌ടസംഭവവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളതാണ് ഇതിനു കാരണം. പിടിച്ചുപറി, മാലപൊട്ടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തതിട്ടില്ല. പൂര്‍ണ മദ്യനിരോധനവും ഫലം കണ്ടു. തലകറങ്ങി വീണ നിരവധി പേരെ പോലീസ്‌ ആംബുലന്‍സുകളില്‍ ആശുപത്രികളില്‍ എത്തിച്ചു. കൂട്ടംതെറ്റിയവരെ പരിഭ്രാന്തരാക്കാതെ കൺട്രോൾ റൂമിലെത്തിച്ച്‌. മൈക്കിലൂടെ തുടര്‍ച്ചയായി അനൗണ്‍സ്മെന്റ് മുഴക്കി. ബന്ധുക്കളെ കണ്ടെത്തി എല്ലാവരെയും സുരക്ഷിതമായി തിരിച്ചേൽപ്പിച്ചു. പൂരത്തിരക്കില്‍ കൂട്ടംതെറ്റിപ്പോയ 12 കുട്ടികളടക്കം 62 പേരെയും സുരക്ഷിതമായി വീടുകളിലെത്തിച്ചു. അപകടങ്ങളില്ലാതെ വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നടന്നു. ആൾത്തിരക്കിൽ അപകടമുണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഡ്രോൺ സഹായവും ഉപയോഗിച്ചു. പൂരത്തിനിടെ ആളൊഴിഞ്ഞ വീടുകളില്‍ മോഷണം നടത്തുന്ന സംഭവങ്ങളും ഇത്തവണയുണ്ടായില്ല.


സുരക്ഷാഭീഷണിയെ തുടര്‍ന്ന്‌ 3500ൽ അധികം പോലീസുകാരുടെ കര്‍ശന സുരക്ഷയാണ്‌ ഒരുക്കിയിരുന്നത്. 160 അംഗ ബോംബ് ഡിറ്റക്‌ഷന്‍ ടീം മുഴുവന്‍ സമയവും പൂരപ്പറമ്ബില്‍ ഉണ്ടായിരുന്നു. രാത്രിപൂരത്തിന്നെത്തിയ ജനങ്ങള്‍ പോലീസ്‌ നിരോധനത്തില്‍ അല്പം വീര്‍പ്പുമുട്ടി. വെടിക്കെട്ട്‌ ആസ്വദിക്കാനാകാതെ പലർക്കും മടങ്ങേണ്ടിവന്നു.


പൂരം സംഘാടകരായ പാറമേക്കാവ്‌ തിരുവമ്പാടി ദേവസ്വം ഭാരവാഹികളോടു പോലും ആലോചിക്കാതെയാണ്‌ പല നിയന്ത്രണങ്ങളും കൊണ്ടുവന്നതെന്നും ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചു എന്നും പരാതികൾ ഉയരുമ്പോഴും പഴുതടച്ച സുരക്ഷയാണ്‌ ഇത്തവണ ഏര്‍പ്പെടുത്തിയതെന്ന്‌ ഏവരും ഒരുപോലെ സമ്മതിക്കുന്നു. അത്കൊണ്ട് തന്നെ കൃത്യമായ സജീകരണങ്ങളോടെയും വ്യക്തമായ പ്ലാനിങ്ങോടെയും അനിഷ്‌ടസംഭവങ്ങൾ ഇല്ലാതെയും പൂരം നടത്തിയതിന്റെ കയ്യടി തീർച്ചയായും അധികൃതർക്ക് തന്നെയാണ്.

మరింత సమాచారం తెలుసుకోండి: