ഹോങ്കോങ് ∙ കുറ്റാരോപിതരെ ചൈനയിൽ വിചാരണ ചെയ്യാനുള്ള നിയമത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭം ഭീകരതയുടെ തലത്തിലേക്കു വഴിമാറുന്നതായി ചൈനയുടെ ആരോപണം. ഹോങ്കോങ്ങിലെ പ്രക്ഷോഭകാരികളെ ഭീകരരെന്നു മുദ്രകുത്തിയ ചൈന, സംയമനത്തിന്റെ ഭാഷയിൽ ഏറെനേരം സംസാരിക്കാനാകില്ലെന്നു മുന്നറിയിപ്പു നൽകി. തെരുവുകളിലെ പ്രക്ഷോഭം വിമാനത്താവളത്തിലേക്കും നീണ്ടതോടെയാണ് ചൈന സ്വരം കടുപ്പിച്ചത്. പ്രതിഷേധക്കാർ പൊലീസിനു നേരെ പെട്രോൾ ബോംബ് ഉൾപ്പെടെ ഉപയോഗിച്ചതിലൂടെ രണ്ടു മാസം പിന്നിട്ട പ്രക്ഷോഭം ‘ഭീകരത’യുടെ തലത്തിലേക്കു മാറിയെന്നാണു ചൈനയുടെ നിലപാട്.

 

ഇതിനിടെ, ഷെൻസെൻ സ്റ്റേഡിയത്തിലെ പാർക്കിങ് ഗ്രൗണ്ടിൽ ചൈനീസ് അർധ സൈനിക വിഭാഗങ്ങളുടെ നൂറുകണക്കിനു വാഹനങ്ങൾ വ്യാഴാഴ്ച ഇടം പിടിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ നേരിട്ടുള്ള സൈനിക ഇടപെടലിന് ചൈന തയാറാകില്ലെന്നു തന്നെയാണു രാജ്യാന്തര സമൂഹത്തിന്റെ നിഗമനം. ഹോങ്കോങ്ങിൽ ജനാധിപത്യവാദികൾ നടത്തിവരുന്ന പ്രക്ഷോഭത്തിൽ യുഎസിന് പങ്കുണ്ടെന്നാണ് ചൈനയുടെ ആരോപണം.

 

ഹോങ്കോങ്: ഒരു സ്വർഗം വീണുടയുമ്പോൾ...

എന്നാൽ, ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം മാനിക്കാൻ ചൈന തയാറാകണമെന്നാണ് യുഎസ് നിലപാട്. ചൈനീസ് അർധസൈനിക വിഭാഗങ്ങൾ ഹോങ്കോങ് അതിർത്തിയിൽ യുദ്ധസജ്ജരായി നിലയുറപ്പിച്ചിരിക്കുന്നത് ആശങ്കാജനകമാണെന്നും യുഎസ് വ്യക്തമാക്കിയിരുന്നു. ഏതു സാഹചര്യത്തെയും നേരിടാൻ തയാറാണെന്ന സന്ദേശം പ്രക്ഷോഭകർക്കു നൽകുകയാണ് അർധ സൈനിക വിഭാഗങ്ങളെ അതിർത്തിയിൽ വിന്യസിച്ചതിലൂടെ ചൈന ഉദ്ദേശിക്കുന്നതെന്നു വ്യക്തം.

 

ജനാധിപത്യ രീതിയിൽ പ്രഷോഭകാരികളോട് ഇടപെടണമെന്ന യുഎസ് നിർദേശത്തോടു രൂക്ഷമായ ഭാഷയിലാണ് ചൈന പ്രതികരിച്ചത്. ഇരുമ്പുവടികളുമായി പൊലീസിനെ ആക്രമിക്കുന്ന പ്രതിഷേധക്കാർക്കു യുഎസിലേക്കു ചെല്ലാമെന്നും, യുഎസ് എത്ര ജനാധിപത്യപരമായാണ് ഇടപെടുന്നതെന്നു നേരിട്ട് അനുഭവിക്കാമെന്നും ചൈന തുറന്നടിച്ചിരുന്നു. അയ്യായിരത്തിലേറെ പ്രക്ഷോഭകരാണ് പൊലീസ് അതിക്രമങ്ങൾക്കെതിരെ പ്ലക്കാർഡുകളുമേന്തി തിങ്കളാഴ്ച വിമാനത്താവളം ഉപരോധിച്ചത്. പ്രവേശന കവാടങ്ങൾ ഉപരോധിച്ചതോടെ ഹോങ്കോങ് വിമാനത്താവളത്തിന്റെ പ്രവർത്തനം സ്തംഭിച്ചിരുന്നു. ‘കണ്ണ് തിരികെ നല്‍കുക’ എന്ന മുദ്രാവാക്യവും ഉപരോധത്തിൽ മുഴങ്ങി. പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു യുവതിയുടെ വലതുകണ്ണിനു ഗുരുതരമായി പരുക്കേറ്റിരുന്നു.

 

വിമാനത്താവളം ഉപരോധിച്ച നടപടിയിൽ പ്രതിഷേധക്കാർ ഖേദം പ്രകടിപ്പിച്ചു. ‘ഞങ്ങള്‍ക്കു മറ്റു മാര്‍ഗങ്ങളില്ലായിരുന്നു, ദയവായി മാപ്പ് സ്വീകരിക്കുക’ എന്നെഴുതിയ ബാനറുകളുമായി പ്രതിഷേധക്കാര്‍ ഇന്നു രാജ്യാന്തര സമൂഹത്തോടു ഖേദം പ്രകടിപ്പിച്ചു. പ്രാദേശിക ഭരണകൂടത്തിനു വേണ്ടി ചരിത്രത്തിലാദ്യമായി വാർത്താ സമ്മേളനം നടത്തിയാണു ചൈന വിഷയത്തിൽ നിലപാട് അറിയിച്ചത്.

1842 മുതൽ ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് 1997ലാണ് തിരിച്ചു ചൈനയുടെ നിയന്ത്രണത്തിലെത്തിയത്. ചൈനയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക അധികാര മേഖലയായ ഹോങ്കോങിനു സ്വയം ഭരണം നല്‍കുമെന്നായിരുന്നു ചൈനയുടെ വാഗ്ദാനം. പ്രത്യേക നിയമസംവിധാനം രൂപീകരിക്കുമെന്നും പറഞ്ഞു. പക്ഷേ അതൊന്നും നടപ്പിലായില്ല. ഹോങ്കോങ്ങിനെ ചൈനയുടെ ചൊല്‍പ്പടിയില്‍ നിർത്താൻ വേണ്ടിയാണു കുറ്റാരോപിതരെ ചൈനയിൽ വിചാരണ ചെയ്യാനുള്ള നിയമം െകാണ്ടു വന്നതെന്നായിരുന്നു ജനത്തിന്റെ വിശ്വാസം. നിലവില്‍ തങ്ങള്‍ അനുഭവിച്ചുവരുന്ന ജനാധിപത്യവും പൗരസ്വാതന്ത്ര്യവും നഷ്ടപ്പെടുമെന്ന ചിന്തയാണു ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിൽ ഒന്നു രൂപപ്പെടാൻ കാരണമായത്.

1997 മുതൽ ചൈനയ്ക്കെതിരെ നിരവധി തവണ തെരുവുകളിൽ പ്രതിഷേധ സ്വരം ഉയർന്നിട്ടുണ്ടെങ്കിലും ഇത്രമാത്രം ജനപങ്കാളിത്തം ആദ്യമായാണ്. ഇക്കഴിഞ്ഞ ജൂണിൽ ഹോങ്കോങ് നഗരത്തിൽ നടന്ന പ്രകടനത്തിൽ പത്ത് ലക്ഷം പേർ പങ്കെടുത്തുവെന്നാണു കണക്ക്. പത്ത് ലക്ഷം പ്രതിഷേധക്കാർ ഏതാണ്ട് ഏഴു മണിക്കൂറോളം നേരമാണു നഗരം വളഞ്ഞത്. 2003ല്‍ നടന്ന സമാനമായ പ്രതിഷേധത്തിൽ അഞ്ച് ലക്ഷം പേരാണു പങ്കെടുത്തത്. ജൂൺ മാസത്തോടെ ഹോങ്കോങ്ങിൽ ശക്തി പ്രാപിച്ച പ്രതിഷേധം മാസങ്ങൾക്കു ശേഷവും അതേപടി തുടരുകയാണ്.

 

 

പ്രതിഷേധം രൂക്ഷമായതോടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നൂറുകണക്കിനു വിമാന സർവീസുകള്‍ ഹോങ്കോങ് റദ്ദാക്കിയിരുന്നു. പ്രവർത്തനം നിർത്തിവച്ച ഹോങ്കോങ് വിമാനത്താവളം ബുധനാഴ്ചയാണു തുറന്നത്. വിമാനത്താവളം ഉപരോധിച്ചതിന് 5 പേർ ശനിയാഴ്ച അറസ്റ്റിലായതോടെ കുറ്റവാളിക്കൈമാറ്റ ബില്ലുമായി ബന്ധപ്പെട്ട് ജൂണിൽ ആരംഭിച്ച സമരത്തിൽ അറസ്റ്റിലായവരുടെ എണ്ണം 600 കടന്നു.

 

 

പ്രതിഷേധം അതിരുവിട്ട് അരാജകത്വത്തിലേക്കു നീങ്ങുകയാണെന്ന് ഹോങ്കോങ് ചീഫ് എക്സിക്യുട്ടിവ് കാരി ലാം മുന്നറിയിപ്പു നൽകി. ബ്രിട്ടനിൽനിന്നു തിരിച്ചെടുത്ത സമയത്ത് ഹോങ്കോങ്ങിനുണ്ടായിരുന്ന അവകാശങ്ങളിൽ ചൈന വെള്ളം ചേർക്കുന്നുവെന്നാണ് പ്രക്ഷോഭകരുടെ പരാതി. ചൈനയെ അനുകൂലിക്കുന്ന ലാം രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നു

మరింత సమాచారం తెలుసుకోండి: