ന്യൂഡൽഹി∙ കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. മുതിർന്ന നേതാവ് ഗുലാം നബി ആസാദാണ് സോണിയയെ അധ്യക്ഷയാക്കിയ കാര്യം പ്രഖ്യാപിച്ചത്. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിലാണ് പുതിയ പ്രസിഡന്റിനെ തീരുമാനിച്ചത്. രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നെങ്കിലും ഇത് രാഹുൽ തള്ളി. തുടര്‍ന്ന് രാഹുലിന്റെ രാജി പാർട്ടി അംഗീകരിച്ചു. രാഹുൽ പാർട്ടിക്കു ദിശാബോധം നൽകിയെന്നു സമിതിയിൽ പ്രമേയം അവതരിപ്പിച്ചു.

 

ഗുരുതര പ്രതിസന്ധിയിൽ നിന്നു കോൺഗ്രസിനെ കരകയറ്റാൻ സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റാകണമെന്ന നിർദേശം ഇടയ്ക്ക് പാർട്ടിയിൽ ഉയർന്നു വന്നിരുന്നു. ഇടക്കാല പ്രസിഡന്റാകുമോ എന്ന് പാർലമെന്റ് അങ്കണത്തിൽ വച്ച് അടുത്തിടെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, നിഷേധിക്കാൻ സോണിയ തയാറായുമില്ല. അതോടെ അഭ്യൂഹങ്ങളും ശക്തമായി. നെഹ്റു കുടുംബത്തിനു പുറത്തുള്ളയാൾ പ്രസിഡന്റാകണമെന്ന രാഹുലിന്റെ നിലപാടിനും വിരുദ്ധമായാണ് ഇപ്പോൾ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്കു വീണ്ടും സോണിയ എത്തിയിരിക്കുന്നത്.

 

19 വർഷം കോൺഗ്രസിനെ നയിച്ച സോണിയ 2017 ഡിസംബറിലാണു പദവിയൊഴിഞ്ഞത്. എഴുപത്തിരണ്ടുകാരിയായ സോണിയ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞായിരുന്നു സ്ഥാനത്തു നിന്നു മാറിയത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണരംഗത്തുണ്ടായിരുന്നില്ലെങ്കിലും കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയ ചർച്ചകളില്‍ ഉൾപ്പെടെ സജീവസാന്നിധ്യമായിരുന്നു. കേന്ദ്രത്തിൽ ബിജെപി ഇതര സർക്കാർ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ മറ്റു പാർട്ടി നേതാക്കളുമായുള്ള സഖ്യചർച്ചകളിലും സോണിയ ഇടപെട്ടു. റായ്ബറേലിയിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

 

തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ലോക്സഭാ, രാജ്യസഭാ എംപിമാർ ഉൾപ്പെട്ട കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ (സിപിപി) അധ്യക്ഷയായും തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ നാലാം തവണയാണ് സോണിയ ഈ പദവിയിലെത്തിയത്. പതിനേഴാം ലോക്സഭയുടെ ആദ്യദിനം മുതൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.

 

1998ൽ കോൺഗ്രസ് നേതൃത്വത്തിലേക്കു സോണിയ വരുമ്പോൾ ദിശ നഷ്ടപ്പെട്ടൊരു കപ്പലായിരുന്നു പാർട്ടി. അതിനാൽത്തന്നെ സോണിയയുടെ അധികാരവാഴ്‌ചയ്ക്ക് ഉയർച്ചതാഴ്ചകളുടെ മൂന്നു കാലഘട്ടമുണ്ട്. 1998 മുതൽ 2004 വരെ ശിഥിലമായ ഒരു പാർട്ടിയുടെ പുനരുദ്ധാരണം. 2004 മുതൽ 2014 വരെ യുപിഎ അധ്യക്ഷ എന്ന നിലയിൽ സമർഥമായ നേതൃത്വം. 2014 മുതൽ 2017 വരെ രോഗാതുരമായ തന്റെ ശരീരത്തോടുള്ള പോരാട്ടം. 132 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയെ ഏറ്റവുമധികം കാലം നയിച്ച റെക്കോർഡുമായിട്ടായിരുന്നു 2017ൽ പടിയിറക്കം. 

 

ചർച്ചയായത് കശ്മീർ: രാഹുൽ ഗാന്ധി

 

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഇടക്കാല അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യമല്ല, മറിച്ച് കശ്മീരിലെ പ്രശ്നങ്ങളാണു ചർച്ചയായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീര്‍ വിഷയത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് താൻ യോഗത്തിനെത്തിയതെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. സർക്കാർ ജമ്മു കശ്മീരിലെ സാഹചര്യം എന്താണെന്നു വ്യക്തമാക്കണം. ജമ്മു കശ്മീരിൽ സംഘർഷമുണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ടെന്നും രാഹുൽ പറഞ്ഞു.

మరింత సమాచారం తెలుసుకోండి: