ചണ്ഡീഗഡ്∙ കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് വഴിതെറ്റിയെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ. കേന്ദ്ര സര്‍ക്കാർ നല്ലത് ചെയ്താൽ സ്വാഗതം ചെയ്യും. ആർട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണയ്ക്കുന്നതായും പരിവർത്തൻ റാലിയിൽ ഹൂഡ പറഞ്ഞു.

‘ഹരിയാനയിലെ എന്റെ സഹോദരങ്ങളെ കശ്മീരിൽ സൈനികരായി വിന്യസിച്ചിട്ടുണ്ട്. അതുകൊണ്ടാണു ഞാൻ പിന്തുണയ്ക്കുന്നത്. പക്ഷേ കഴിഞ്ഞ അഞ്ച് വർഷമായി എന്താണു ചെയ്തതെന്ന് ഹരിയാനയിലെ ബിജെപി സർക്കാർ വ്യക്തമാക്കണം. ആർട്ടിക്കിൾ‌ 370 റദ്ദാക്കിയ തീരുമാനത്തെ എന്റെ സഹപ്രവർത്തകരിൽ ചിലർ എതിർക്കുന്നുണ്ട്. എന്റെ പാർട്ടിക്കു വഴി തെറ്റിയിരിക്കുന്നു.

ദേശസ്നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും കാര്യത്തിൽ ആരുമായും ഒത്തുതീർപ്പിനില്ല. ഞങ്ങൾ ഹരിയാനയിൽ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ആന്ധ്രപ്രദേശിലേതുപോലെ നിയമം കൊണ്ടുവരും. അങ്ങനെ വന്നാൽ 75 ശതമാനം ജോലിയും ഹരിയാനയിലെ ജനങ്ങൾക്കു തന്നെ ലഭിക്കും’– ഹൂഡ പറഞ്ഞു.

റോത്തക്കില്‍ നടന്ന റാലിയിൽ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ മകൻ ദീപേന്ദർ സിങ് ഹൂഡ ബിജെപി വിരുദ്ധ പ്രസ്താവനകളുമായി ശ്രദ്ധേയനായി. ബിജെപി കഴിഞ്ഞ അഞ്ച് വർഷമായി കലാപം, തൊഴിലില്ലായ്മ, അസഹിഷ്ണുത എന്നിവയുടെ പാതയിലാണു നയിക്കുന്നത്. ഹരിയാനയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന രീതിയിൽ സംസ്ഥാന രാഷ്ട്രീയത്തെ മാറ്റുന്നതിന് ഇപ്പോൾ അവസരമുണ്ട്– ദീപേന്ദർ പറഞ്ഞു.

మరింత సమాచారం తెలుసుకోండి: