തിരുവനന്തപുരം ∙ കാലാനുസൃത മാറ്റത്തിന് ആഹ്വാനവുമായി സിപിഎം. സംസ്ഥാന കമ്മിറ്റി മുതൽ ബ്രാഞ്ച് വരെ പാർട്ടിഘടകങ്ങളിൽ മാറ്റം വരും. സിപിഎമ്മിന്റെ ജനസ്വാധീനം ചോർന്നുപോയെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടിഘടകങ്ങൾ പ്രവർത്തനത്തിൽ മാറ്റം വരുത്തണം. ജനങ്ങളുമായുള്ള ഇടപെടൽ ശക്തിപ്പെടുത്തണം. സിപിഎമ്മിനൊപ്പം ഘടകകക്ഷികളും ജനസ്വാധീനം വർധിപ്പിക്കാൻ നോക്കണം. കേരളത്തിൽ ന്യൂനപക്ഷ വർഗീയത വളരുകയാണ്. അതിനൊപ്പം ഭൂരിപക്ഷ വർഗീയതയും ശക്തിപെടുന്നുണ്ട്. ജമാ അത്തെ ഇസ്‌ലാമിയും പോപ്പുലർ ഫ്രണ്ടുമാണ് ഇതിനു നേതൃത്വം നൽകുന്നത്.

സഖാക്കൾ ജനങ്ങൾക്കൊപ്പം നിൽക്കണം. പാർട്ടി അധികാര കേന്ദ്രങ്ങളായി പ്രവർത്തിക്കാൻ പാടില്ല. പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിൽ നിർബന്ധം പിടിക്കാൻ പാടില്ല. പ്രവർത്തകർ അക്രമങ്ങളിൽ പങ്കെടുക്കരുത് എന്നതു പാർട്ടി ബോധമാകണം. വികസനം, സമാധാനം എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് പ്രവർത്തകർ പ്രവർത്തിക്കണം. ശബരിമല നിലപാടിലെ തെറ്റിദ്ധാരണ മാറ്റാൻ തുടർച്ചയായി ഇടപെടും. ഇനിയുള്ള സമയം സർക്കാർ ഭരണത്തിന്റെ വേഗം കൂട്ടണം. മന്ത്രിമാർ ഭരണകാര്യങ്ങളിൽ മാത്രം ശ്രദ്ധചെലുത്തണമെന്നും സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞു.

 

യുവതീപ്രവേശത്തിനു മുൻകൈ വേണ്ട

ശബരിമല യുവതീപ്രവേശത്തിനു മുൻകൈ എടുക്കേണ്ടെന്നു സിപിഎം തീരുമാനം. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചു മുന്നോട്ടു പോയാൽ മതിയെന്നും ശബരിമലയിൽ നിലപാട് മാറ്റുന്നില്ലെങ്കിലും അതു പ്രചരിപ്പിച്ച് നടക്കേണ്ട എന്നുമാണ് പാർട്ടി തീരുമാനം. ഈ തീരുമാനം രേഖയിലുള്‍പ്പെടുത്തി. ജനങ്ങളോടു വിനയത്തോടെ ഇടപെട്ടു വിശ്വാസം വീണ്ടെടുക്കണമെന്നതും നേതാക്കളുടെ പശ്ചാത്തലം സംശയത്തിന് അതീതമാകണമെന്നതും തെറ്റുതിരുത്തൽ രേഖയിൽ ഉൾപ്പെടുത്തി.

 

സംഘടനാസംവിധാനത്തെ അടിമുടി ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള തെറ്റുതിരുത്തൽ പ്രക്രിയയിൽ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. ആറുദിവസത്തെ മാരത്തോൺ ചർച്ചകൾക്കൊടുവിൽ ശബരിമലയിൽ ഒരു തിരുത്തൽ വേണമെന്ന വികാരമാണ് ഉയർന്നത്. നിലപാടിൽ മാറ്റം വരുത്താനാവാത്തതിനാൽ യുവതീപ്രവേശത്തിന് മുൻകൈ എടുക്കേണ്ടെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു.

 

വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രചാരണങ്ങൾ പാടില്ലെന്നും പ്രവർത്തകർ പ്രാദേശിക ക്ഷേത്രഭരണകാര്യങ്ങളിൽ കൂടുതൽ സജീവമാകണമെന്നുമാണ് പാർട്ടി നിർദേശം. വിശ്വാസികൾ പാർട്ടിക്കൊപ്പമാണെന്ന് മന്ത്രി ഇ.പി.ജയരാജൻ പരസ്യമായി പ്രതികരിച്ചു.

మరింత సమాచారం తెలుసుకోండి: