രാഹുല്‍ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് സൂറത്ത് കോടതി ഡിസംബര്‍ 10 ലേക്ക് മാറ്റി. കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

 

എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് വന്നത് എങ്ങിനെയെന്ന പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി.എച്ച് കപാഡിയ കഴിഞ്ഞ മെയില്‍ ഇതു സംബന്ധിച്ച സമന്‍സ് നല്‍കിയിരുന്നു.

 

ലോക്സഭാ തെര‍ഞ്ഞെടുപ്പ് പ്രചരണ സമയത്ത് കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

 

''എന്നെ നിശബ്ദരാക്കാൻ ആഗ്രഹിക്കുന്ന എന്റെ രാഷ്ട്രീയ എതിരാളികൾ എനിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസിൽ ഹാജരാകാൻ ഞാൻ ഇന്ന് സൂറത്തിലാണ്. എന്നോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇവിടെ ഒത്തുകൂടിയ കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ നന്ദി അറിയിക്കുന്നു'' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലപാതകി എന്ന് വിളിച്ച കേസില്‍ രാഹുല്‍ ഗാന്ധി നാളെ അഹമ്മദാബാദ് കോടതിയില്‍ ഹാജരാകും.

మరింత సమాచారం తెలుసుకోండి: