വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ 14465 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് നിയമസഭയിലേക്ക് ജയിച്ച് കയറിയത്. വെള്ളിയാഴ്ച മേയർ സ്ഥാനം അദ്ദേഹം രാജിവെക്കും എന്നാണ് സൂചന. 100 വാർഡുകളുള്ള തലസ്ഥാന നഗരസഭയിൽ 43 അംഗങ്ങൾ മാത്രമുള്ള എൽഡിഎഫ് 21 അംഗങ്ങുള്ള കോൺഗ്രസിന്റെ പിന്തുണയോടെയാണ് മേയർ സ്ഥാനം സ്വന്തമാക്കിയത്. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നഗരസഭയെ വളരെ മികച്ച രീതിയിലാണ് പ്രശാന്ത് മുന്നോട്ട് കൊണ്ട് പോയത്. എന്നാൽ ഇനി എംഎൽഎ ആയി പ്രശാന്ത് മാറിയതോടെ സിപിഎമ്മിന് പുതിയ മേയറെ കണ്ടെത്താനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് വന്നിരിക്കുന്നത്. ആരായിരിക്കണം തലസ്ഥാന നഗരത്തിന്റെ പുതിയ നഗരപിതാവ് എന്നതിനെ ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്.അടുത്ത വർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. ഒരു വർഷം മാത്രം ബാക്കി നിൽക്കെ ഒരു യുവാവിനെ തന്നെ മേയറാക്കമം എന്ന ആവശ്യമാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ഉയർത്തുന്നത്. എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട വി.കെ.പ്രശാന്തിന് മേയർ സ്ഥാനംകൂടി വഹിക്കാൻ കഴിയുമോയെന്ന സാധ്യത സിപിഎം തേടിയിരുന്നു. എന്നാൽ രണ്ടു പദവികളും ഒരുമിച്ചു വഹിക്കാൻ കഴിയില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്. യുവ നേതാവിനെ തന്നെ മേയർ ആക്കണം എന്ന തീരുമാനത്തിലേക്ക് എത്തിയാൽ കുന്നുകുഴി കൗൺസിലറും തലസ്ഥാന നഗരത്തിൽ അറിയപ്പെടുന്ന നേതാവുമായ ഐപി ബിനുവിന് നറുക്ക് വീണേക്കും. എന്നാൽ ബിജെപി ഓഫീസിൽ ബോംബെറിഞ്ഞ കേസിലെ പ്രതിയായ നേതാവിനെ മേയറാക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുക എന്ന് ഒരു വിഭാഗം വാദിക്കുന്നു.കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി കെ.ശ്രീകുമാർ മേയറാകാനാണ് സാധ്യത കൂടുതൽ. ഭരണസമിതി ചുമതലയേൽക്കുമ്പോൾ പ്രശാന്തും ശ്രീകുമാറും മേയർ സ്ഥാനം രണ്ടര വർഷം വീതം പങ്കിടണമെന്നു ധാരണയുണ്ടായിരുന്നു. എന്നാൽ ഇടയ്ക്കുള്ള മാറ്റം പാർട്ടി പിന്നീടു വേണ്ടെന്നു വച്ചു. മേയർ എന്ന നിലയിൽ പ്രശാന്ത് കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഇത് വേണ്ടെന്ന് വയ്ക്കുന്നതിലേക്ക് എത്തിയത്. മന്ത്രി കടകംപള്ളിയുടെ ബന്ധു എന്നതും ശ്രീകുമാറിന് തുണയാകും മറ്റു തടസ്സങ്ങളോ അവകാശവാദങ്ങളോ ഉണ്ടായില്ലെങ്കിൽ ശ്രീകുമാർ മേയറാകും. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും സിപിഎം വഞ്ചിയൂർ ഏരിയാ സെന്റർ അംഗവുമാണ്.പി. ബാബുവാണ് മേയർ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മറ്റൊരാൾ. സിപിഎം പാളയം ഏരിയാ കമ്മിറ്റി അംഗമാണ്. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.പുഷ്പലതയുടെ പേരും ഉയർന്നു കേൾക്കുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് പുഷ്പലത. വി.കെ.പ്രശാന്തിനെ മേയറായി നിയോഗിച്ചതു പോലെ യുവാവായ ഒരാളെ മേയറാക്കുമെന്നു പ്രതീക്ഷിക്കുന്നവരും കുറവല്ല. ഭരണസമിതി കാലാവധി പൂർത്തിയാക്കാൻ കൃത്യം ഒരു വർഷം മാത്രം ശേഷിക്കെ അത്തരമൊരു പരീക്ഷണത്തിനു പാർട്ടി മുതിരുമോയെന്നു കണ്ടറിയണം. അടുത്ത തവണ വനിത മേയറാണ് തിരുവനന്തപുരത്തിന്. അപ്പോൾ ഒരു വിനതാ നേതാവിനെ മേയറാക്കിയാൽ അത് നേട്ടമാകും. ഒപ്പം തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ വനിതാ മേയറെ ഉയർത്തിക്കാണിക്കുമ്പോൾ പ്രവർത്തന  പരിചയവും ബോണസാകും. എന്നാൽ ഇതിലേക്ക് പാർട്ടി എത്തുമോ എന്നതാണ് പ്രധാനമായ ചോദ്യം.

మరింత సమాచారం తెలుసుకోండి: