രാജ്യത്തെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ, മഹാരാഷ്ട്രമുഖ്യമന്ത്രിയായി ബി.ജെ.പി.യിലെ ദേവേന്ദ്ര ഫഡ്നവിസും ഉപമുഖ്യമന്ത്രിയായി എൻ.സി.പി. നേതാവ് അജിത് പവാറും ശനിയാഴ്ച അതിരാവിലെ തന്നെ സത്യ  പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 

 

 

 

ഫഡ്നവിസിനെ മന്ത്രിസഭ ഉണ്ടാക്കാൻ ക്ഷണിച്ച ഗവർണർ ഭഗത്‌സിങ് കോഷിയാരിയുടെ നടപടിയെ ചോദ്യം ചെയ്ത് ശനിയാഴ്ച തന്നെ കോൺഗ്രസ്-എൻ.സി.പി.-ശിവസേന സഖ്യം സുപ്രീം കോടതിയെ സമീപിച്ചു. ഹർജി ഞായറാഴ്ച രാവിലെ 11.30-ന് കോടതി പരിഗണിക്കും.

 

 

 

കുതിരക്കച്ചവടം തടയാൻ 24 മണിക്കൂറിനകം നിയമ സഭയിൽ വിശ്വാസം  തെളിയിക്കാൻ നിർദേശിക്കണമെന്നും റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടു. ഇതോടെ മഹാരാഷ്ട്ര സർക്കാർ രൂപവത്കരണം നിയമപോരാട്ടത്തിലേക്കാണ്  കടക്കുന്നത്. ഇത് ജനങ്ങളെ കൂടുതൽ ആശയ കുഴപ്പത്തിലേക്കും നയിക്കുന്നു. 

 

 

 

 

 

അത്യന്തം നാടകീയമായ നീക്കത്തിലൂടെയാണ് ബി.ജെ.പി., 35 എം.എൽ.എ.മാരുടെ പിന്തുണയവകാശപ്പെടുന്ന അജിത് പവാറിനെ കൂട്ടുപിടിച്ച് മന്ത്രിസഭ രൂപവത്കരിച്ചത്. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാനായി ശിവസേന-കോൺഗ്രസ്-എൻ.സി.പി.സഖ്യം ഗവർണറെ കാണാനിരിക്കെയായിരുന്നു രാവിലെ 7.50-ന് സത്യപ്രതിജ്ഞ. തലേന്നുരാത്രിവരെ ത്രികക്ഷി സർക്കാരുണ്ടാക്കാൻ മുന്നിട്ടുനിന്ന ശേഷമാണ് അജിത് പവാർ മറുകണ്ടം ചാടിയത്.

 

 

അജിത്തിന് തന്റെയോ പാർട്ടിയിലെ ഭൂരിപക്ഷം എം.എൽ.എ.മാരുടെയോ പിന്തുണയില്ലെന്ന് എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. അദ്ദേഹത്തോടു ഒപ്പം  സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത മൂന്ന് എം.എൽ.എമാരെയും വാർത്താ സമ്മേളനത്തിൽ പവാർ ഹാജരാക്കി. വൈകീട്ടോടെ അജിത് പവാറിനെ എൻ.സി.പി. നിയമസഭാകക്ഷിനേതൃസ്ഥാനത്തുനിന്നു പാർട്ടിയോഗം പുറത്താക്കി. ദിലീപ് വൽസെ പാട്ടീലാണ് പുതിയ നേതാവ്.

మరింత సమాచారం తెలుసుకోండి: