രാഷ്ട്രീയ അട്ടിമറി നടന്ന മഹാരാഷ്ട്രയില്‍, ഗവര്‍ണറെ പരിഹസിച്ച്‌ ശിവസേന. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ എം.എല്‍.എമാരെ അണിനിരത്തി എന്‍.സി.പി-കോണ്‍ഗ്രസ്​-ശിവസേന സഖ്യം. 162 എം.എല്‍.എമാരെ പങ്കെടുപ്പിച്ചുള്ള സംയുക്ത യോഗം സാന്താക്രൂസ് ഈസ്റ്റിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് നടന്നത്. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, സുപ്രിയ സുലെ എം.പി, ആദിത്യ താക്കറെ അടക്കമുള്ളവര്‍ പങ്കെടുത്തു. യോഗം നേരിട്ട് കാണാന്‍ ഗവര്‍ണറെ ക്ഷണിക്കുകയാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.ഞങ്ങള്‍ 162 പേരുണ്ടെന്ന ചിത്രം പോസ്റ്റ് ചെയ്ത റാവത്ത്, യോഗത്തില്‍ അത് നേരിട്ട് കണ്ട് ബോധ്യപ്പെട്ടോളാനാണ് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയോട് ആവശ്യപ്പെട്ടിരുന്നത്. 162 എം.എല്‍.എമാരുടെ പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്ത്​ എന്‍.സി.പി-കോണ്‍ഗ്രസ്​-ശിവസേന നേതാക്കള്‍ ഗവര്‍ണര്‍ക്ക്​ ഇന്ന് കൈമാറിയിരുന്നു. ശിവസേന നേതാവ് ഏക്നാഥ് ഷിണ്ഡെ, എന്‍.സി.പി നേതാവ് ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസ് നേതാക്കളായ ബാലെസാഹെബ് തൊറാട്, അശോക് ചവാന്‍ തുടങ്ങിയ നേതാക്കള്‍ രാവിലെയാണ് രാജ്ഭവനിലെത്തി കത്ത് കൈമാറിയത്. ഇവരെ കൂടാതെ, സിപിഎം, സമാജ്‌വാദി പാര്‍ട്ടി, സ്വാഭിമാന്‍ പക്ഷ, സ്വതന്ത്രരും നേതാക്കള്‍ക്കൊപ്പം രാജ്ഭവനിലെത്തിയിരുന്നു.

 

105 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. 170 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ബി.ജെ.പി ഗവർണറെ അറിയിച്ചത്. എന്നാൽ ബി.ജെ.പിയുടെ അവകാശവാദം ചോദ്യം ചെയ്ത വിശാല സഖ്യം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ സുപ്രീംകോടതി വിധി പറയും.

 

 

మరింత సమాచారం తెలుసుకోండి: