മൂന്ന് ദിവസത്തെ, വയനാട് പര്യടനത്തിനായി വയനാട് എംപി രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തിയത് ഇന്നലെ രാത്രിയാണ്. ഇന്ന് രാവിലെ കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ സയൻസ് ലാബിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു ആദ്യത്തെ പരിപാടി.

 

രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ താരമായത് പ്ലസ് വൺ വിദ്യാർത്ഥിനി സഫയാണ്. പ്രസംഗിക്കാനായി രാഹുൽ എത്തിയപ്പോൾ സദസ്സിൽ ഇരുന്ന സഫയെ പ്രസംഗം പരിഭാഷപ്പെടുത്താനായി ക്ഷണിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച സഫ വേദിയിൽ എത്തി പരിഭ്രമം ഇല്ലാതെ തന്നെ പ്രസംഗം പരിഭാഷപ്പെടുത്തി. 

 

രാഹുൽ പറഞ്ഞ വാക്കുകൾ കേട്ട് മികച്ച രീതിയിൽ തന്നെയാണ്  പരിഭാഷപ്പെടുത്തിയതും. ഇതിനെ സദസ്സ് മികച്ച രീതിയിൽ കൈയടികളോടെയാണ് സ്വീകരിച്ചത്. പ്രസംഗം സോഷ്യൽ മീഡിയയിലും ചാനലുകളിലും ലൈവായി മാറിയതോടെ ഞൊടിയിടയിൽ സൈബർ ലോകത്തും താരമായി സഫ മാറി. സയൻസിന്റെ പ്രധാന്യത്തെ കുറിച്ചാണ് രാഹുൽ ഗാന്ധി പ്രസംഗത്തിൽ വ്യക്തമാക്കിയത്. വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ ഏറ്റവും മികച്ച സ്‌കൂളുകളാണ് കേരളത്തിലെങ്കിലും, ചില പോരായ്മകൾ ഉണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. 

 

സർവജന സ്‌കൂളിലെ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവമാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്. തന്നാൽ ആകുന്ന വിധത്തിൽ, ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും, ഫണ്ട് നൽകുമെന്നും, രാഹുൽ വ്യക്തമാക്കി. ഈ പ്രസംഗം, ഭംഗിയായി തന്നെയാണ്, പ്ലസ് വൺ വിദ്യാർത്ഥിനിയായ സഫ, പരിഭാഷപ്പെടുത്തിയത്.

 

 

കരുവാരക്കുണ്ട് സ്‌കൂളിലെ സയൻസ് കെട്ടിടം ഉദ്ഘാടനം ചെയ്ത രാഹുൽ അടുത്തതായി എടക്കര പഞ്ചായത്ത് കോംപ്ലക്സാണ് ഉദ്ഘാടനം ചെയ്യുന്നത്. വയനാട്ടിലെ സർവ്വജന സ്‌കൂളിൽ പാമ്പുകടിയേറ്റു മരിച്ച ഷെഹ്ല ഷെറിന്റെ വീട് നാളെ രാഹുൽ ഗാന്ധി സന്ദർശിക്കും. ബത്തേരിയിലെ സർവ്വജന സ്‌കൂളും രാഹുൽ സന്ദർശിക്കുന്നുണ്ട്. 

 

 

നേരത്തെ കേന്ദ്രസർക്കാറിന്റെ പൗരത്വ ഭേദഗതി ബില്ലിനെ കോൺഗ്രസ് എതിർക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. മോദിയുടെ ഭരണത്തിൽ ജനങ്ങൾ ആശങ്കാകുലരാണെന്നും രാഹുൽ പറഞ്ഞു. 

 

ഇന്ത്യ എല്ലാ വിഭാഗങ്ങൾക്കും എല്ലാ സംസ്‌കാരങ്ങൾക്കും എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണ്. ജനങ്ങളോട് ബന്ധമില്ലാത്ത ലോകത്താണ് മോദിയും അമിത് ഷായും ജീവിക്കുന്നത്. അതാണ് രാജ്യത്ത് പ്രതിസന്ധി ഉണ്ടാവാൻ കാരണം. ജനങ്ങളെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും രാഹുൽ പറഞ്ഞു.

మరింత సమాచారం తెలుసుకోండి: