കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ച്  ജാമിയ മിലിയ സര്‍വ്വകലാശാല വിഷയത്തിൽ ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ജാമിയയിലെ വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടിയെ 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയോട് ഉപമിച്ചാണ് മുൻ ബിജെപി സഖ്യനേതാവായ ഉദ്ധവ് താക്കറെ രംഗത്തുവന്നിരിക്കുന്നത്.എന്താണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിൽ നടന്നത്? ജാലിയൻ വാലാബാഗിന് സമാനമായ അവസ്ഥയാണിത്.

 

 

   വിദ്യാര്‍ഥികള്‍ യുവ ബോംബുകളാണ്. കേന്ദ്ര സര്‍ക്കാര്‍ സംയമനം പാലിക്കണമെന്നും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അവസാനിപ്പിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഞായറാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയതിന് പിന്നാലെ പോലീസ് ലാത്തിവീശി.

 

   നാല് ബസുകളും സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. സംഭവത്തിൽ 100 ഓളം വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഡൽഹി പോലീസ് ആസ്ഥാനം ഉപരോധിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതോടെ അറസ്റ്റ് ചെയ്തവരെ പോലീസ് വിട്ടയിച്ചിരുന്നു.സംഭവത്തിൽ വിദ്യാര്‍ഥികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ രൂക്ഷമായി തുടരുന്നു.

 

   അസം, മേഘാലയ, ത്രിപുര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ആയിരങ്ങളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലും പ്രതിഷേധം അലയടിക്കുകയാണ്. ജനുവരി അഞ്ചുവരെ കാമ്പസ് അടച്ചിട്ടിരിക്കുകയാണ്. ഇതിനിടെയാണ് നിയമത്തിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയത്.

 

 

   ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്ക് ഇടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജാമിയ സംഘര്‍ഷത്തിൽ രൂക്ഷമായി പോലീസിനെ വിമര്‍ശിച്ച് വൈസ് ചാൻസിലര്‍ നജ്മ അക്തര്‍ രംഗത്തുവന്നിരുന്നു. പോലീസ് ക്യാമ്പസിലേക്ക് അതിക്രമിച്ച് കടന്ന് ലൈബ്രറിയിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥികളെ അക്രമിക്കുകയായിരുന്നുവെന്ന് വൈസ് ചാൻസിലര്‍ ആരോപിച്ചു.

 

   എന്നാൽ ലൈബ്രറി മുറിയിൽ പ്രവേശിച്ച് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചെന്ന ആരോപണം പോലീസ് നിഷേധിച്ചു. പോലീസിനു നേരെ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യാനാണ് ക്യാമ്പസിൽ പ്രവേശിച്ചത്. ലൈബ്രറിയിൽ പ്രവേശിച്ചിട്ടില്ല. കണ്ണീര്‍ വാതകത്തിൻ്റെ ഷെല്ലുകള്‍ ലൈബ്രറിയിലേക്ക് എത്താൻ സാധ്യത ഉണ്ടായിരുന്നുവെന്നും ഡൽഹി പോലീസ് വക്താവ് വിശദീകരിച്ചു.

మరింత సమాచారం తెలుసుకోండి: