കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷത്തെ കൂട്ടുപിടിച്ച്  പ്രതിഷേധം ശക്തമാക്കാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ്. ഒപ്പംതന്നെ പ്രധാനമന്ത്രി മോദി കള്ളം പറയുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും ആവർത്തിച്ചിരിക്കുകയാണ്.

 

 

പ്രധാനമന്ത്രിയല്ല, കോൺഗ്രസ് നേതാക്കളാണ് കള്ളം പറയുന്നതെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്ന് പറയുന്ന മോദിയുടെ വീഡിയോ രാഹുൽ ട്വീറ്റ് ചെയ്തിരുന്നുവെന്നും അതേ വീഡിയോയിൽ തന്നെ തടങ്കൽ പാളയങ്ങളുടെ ദൃശ്യങ്ങളുമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. അതുകൊണ്ട് കള്ളം പറയുന്നത് ആരെന്ന് തിരിച്ചറിയാൻ കഴിയുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. 

 

 

 ഡൽഹി രാംലീല മൈതാനത്ത് നടന്ന റാലിയിൽ രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്ന് മോദി പറഞ്ഞിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ്  ഭാരതാംബയോട് മോദി കള്ളം പറയുന്നുവെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. നുണ എന്നർത്ഥം വരുന്ന 'ഝൂട്ട് ഝൂട്ട് ഝൂട്ട്' എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് രാഹുൽ ഗാന്ധി വീഡിയോ പങ്കുവെച്ചത്. 

 

 

   എന്നാൽ . പ്രധാനമന്ത്രിയല്ല  മറിച്ച് കോൺഗ്രസ് നേതാക്കളാണ് കള്ളം പറയുന്നത് എന്നാരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. 'ഈ വർഷത്തെ മികച്ച നുണയൻ മത്സരാർഥികളിൽ ഒരാൾ' എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ രാഹുൽ ഗാന്ധിയെ വിശേഷിപ്പിച്ചിരുന്നു. രാഹുലിന്റെ നുണകളിൽ ബുദ്ധിമുട്ടിയിരുന്നത് കുടുംബം മാത്രമായിരുന്നുവെന്നും  എന്നാലിന്ന് കോൺഗ്രസും രാജ്യത്തെ ജനങ്ങളും അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നുമാണ് ജാവദേക്കർ വ്യക്തമാക്കിയത്.

 

 

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശവ്യാപകമായി പൗരത്വ രജിസ്റ്റർ കൊണ്ടുവരുന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നീട് അമിത് ഷായും പറഞ്ഞത് നുണയെന്ന് വ്യക്തമാക്കി മുൻ പ്രതിരോധമന്ത്രി എകെ ആന്റണിയും രംഗത്തെത്തിയിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് പറയുന്നുണ്ട്.

 

 

നമ്മുടെ പാർലമെന്ററി ജനാധിപത്യ രീതിയനുസരിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നത് കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്തിട്ടാണെന്നും   കേന്ദ്രമന്ത്രിസഭയിൽ വിഷയവുമായി ബന്ധപ്പെട്ട് ചർച്ച നടന്നിട്ടുണ്ടെന്നത് വ്യക്തമാണെന്നും ആന്റണി വെളിപ്പെടുത്തി. വിദ്യാർത്ഥികളിൽ നിന്നും വൻ പ്രതിഷേധം ഉയർന്നപ്പോൾ അത് മറച്ചു വയ്ക്കാൻ നുണ പറയുകയാണ് മോദിയും അമിത് ഷായുമെന്നും പറഞ്ഞ ആന്റണി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

 

 

ഭരണഘടന സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി രാജ്യവ്യാപക റാലികളാണ് പൗരത്വ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് സ്ഥാപകദിനത്തിൽ നടത്തുന്നത്. റാലിക്ക് ഡൽഹിയിൽ സോണിയ ഗാന്ധിയും അസമിൽ രാഹുൽ ഗാന്ധിയുമാണ് നേതൃത്വം നൽകുന്നത്.

 

 

അതേസമയം കെപിസിസിയിൽ സംസ്ഥാനതലത്തിൽ പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധം നടത്തണമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഇടതുപക്ഷവുമായി യോജിച്ചുള്ള ഒരു പ്രക്ഷോഭത്തിന് താത്പര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വിളിച്ച സർവകക്ഷിയോഗത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കില്ലെന്ന് ഉറപ്പായി. ഇതിനെതിരെ ലീഗും കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.

మరింత సమాచారం తెలుసుకోండి: