കാവി ബിജെപിയുടെ മാത്രം നിറമല്ല. സന്ന്യാസിയുടെ വേഷം ധരിക്കാൻ യോഗിക്ക് യോഗ്യതയില്ല. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്  ഇപ്രകാരമായിരുന്നു. 

 

 

പൗരത്വ നിയമത്തിനെതിരെ  പ്രതികരിച്ചവരോട് യോഗി പ്രതികാരം ചെയ്യുകയാണ്. ലഖ്‌നൗവിൽ വെച്ച് തനിക്കെതിരെയുണ്ടായ പോലീസ് കയ്യേറ്റത്തിൽ ഗവർണർക്ക് പരാതി നൽകുകയും, ഒപ്പം  പൗരത്വ പ്രതിഷേധത്തിന് പിന്നാലെ യുപിയിൽ നടന്ന സംഘർഷങ്ങളെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമാണെന്നും പ്രിയങ്ക വ്യക്തമാക്കി.

 

 

മാത്രമല്ല ,തൻ്റെ സുരക്ഷയല്ല പ്രശ്‌നം, സംസ്ഥാനത്തിൻ്റെ സുരക്ഷയാണ് പ്രാധാന്യം അർഹിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. പ്രതിഷേധിച്ച 5,500ഓളം പേരെയാണ് യുപി പോലീസ് ഇതിനകം അറസ്‌റ്റ് ചെയ്‌തത്. നിരവധിയാളുകൾ ജയിലിലാണ്.

 

 

പലർക്കും മർദ്ദനം ഏൽക്കേണ്ടി വരികയും ചെയ്‌തു. സംസ്ഥാനത്ത് പോലീസും ഭരണകൂടവും അധാർമിക നടപടികൾ തുടരുക;യാണെന്നും പ്രിയങ്ക ആരോപിച്ചു.വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ എസ്ആർ ദരാപുരിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ പ്രിയങ്ക ഗാന്ധിയെ ശനിയാഴ്‌ച പോലീസ് തടഞ്ഞിരുന്നു.

 

കാർ തടഞ്ഞ പോലീസ് കയ്യേറ്റം ചെയ്‌തെന്നും കഴുത്തിൽ പിടിച്ചെന്നും പ്രിയങ്ക ആരോപിച്ചിരുന്നു. പിന്നാലെ യുപി പോലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി അവര്‍ പിന്നീട് സിആര്‍പിഎഫിന് പരാതി നല്‍കുകയും ചെയ്‌തു.എന്നാൽ , പ്രിയങ്ക ഗാന്ധിയെ പോലീസ് വഴിയിൽ തടഞ്ഞതുമായി ബന്ധപ്പെട്ട ആരോപണത്തിൽ വിശദീകരണവുമായി ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥ അർച്ചന സിങ് രംഗത്തുവന്നു. '

 

 

ജോലി കൃത്യമായി ചെയ്യുക മാത്രമാണ് താൻ ചെയ്‌തത്. പ്രിയങ്ക ഗാന്ധിയുടെ കഴുത്തിൽ പിടിച്ചു തള്ളിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, ഇക്കാര്യത്തിൽ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അവർ വ്യക്തമാക്കി. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ നടപടിയെ വിമർശിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു മറുപടിയുമായി യോഗി ആദിത്യനാഥ് രംഗത്തെത്തി.

 

 

ഒരു സന്യാസിയുടെ നിരന്തര സേവന പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവർ ശിക്ഷിക്കപ്പെടുമെന്ന് യോഗി പറഞ്ഞു. രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവർക്ക് സേവന മനോഭാവമുണ്ടാകില്ലെന്നും യോഗി പ്രതികരിച്ചു. ‘പൊതുജന സേവനത്തിനായുള്ള ഒരു സന്യാസിയുടെ നിരന്തര പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവരാരോ അവർ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്പര്യമായി കിട്ടിയവർക്കോ, ആരെയെങ്കിലും പ്രീതിപ്പെടുത്താൻ വേണ്ടി രാഷ്ട്രീയം കളിക്കുന്നവര്‍ക്കോ സേവനത്തിന്റെ അർഥം മനസ്സിലാകില്ല.’– യോഗി ആദിത്യനാഥ് പറഞ്ഞു.

 

 

 

പ്രിയങ്കയ്ക്കുള്ള മറുപടിയിലൂടെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവർ ശിക്ഷിക്കപ്പെടുമെന്ന് ആവർത്തിച്ചു പറയുകയാണ് യോഗി ആദിത്യനാഥെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. പ്രക്ഷോഭകരെ ഭയപ്പെടുത്തി നിശബ്ദരാക്കി എന്ന യോഗിയുടെ ട്വീറ്റ് ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധി യോഗി ആദ്യത്യ നാഥിനെ രൂക്ഷമായി വിമർശിച്ചത്.

మరింత సమాచారం తెలుసుకోండి: