അങ്ങനെ കോൺഗ്രസും സി പി എമ്മും ഔപചാരികമായി കൂട്ടുകൂടുന്നു.കേരളത്തിൽ പ്രതിപക്ഷത്തിന്റെ സ്ഥാനത്തേക്ക്  വേണമെങ്കിൽ ബി ജെ പിക്ക്  ഉയരാം. കോൺഗ്രസ് പിന്തുണയോടെ സീതാറാം യച്ചൂരി രാജ്യസഭയിൽ എത്തരുതെന്ന വാശി പിണറായി വിജയനും കേരള നേതാക്കളും ഉപേക്ഷിക്കുന്നു.  പിണറായിയെ കേരളത്തിലെയും കേന്ദ്രത്തിലെയും കോൺഗ്രസ് നേതാക്കൾ അംഗീകരിച്ചതോടെയാണ് മുൻ നിലപാടിൽ മാറ്റം ഉണ്ടായത്.

 

 

    മോദി സർക്കാരിനെ പ്രതിരോധിക്കാൻ സീതാറാം യച്ചൂരി രാജ്യസഭയിൽ ഉണ്ടാകണമെന്നാണ് ഇടതു പാർട്ടികളുടെ തീരുമാനം. എന്നാൽ യച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കാൻ അവർ ഭരണം നടത്തുന്ന കേരളത്തിൽ ഒഴിവില്ല. ഒരു ഒഴിവ് വന്നപ്പോൾ പിണറായി വീരേന്ദ്രകുമാറിനെ കൊണ്ടു വന്നു ഒഴിവ് നികത്തി. ഇതിന് ബദൽമാർഗ്ഗമായാണ് കോൺഗ്രസ് അവരുടെ സീറ്റ് അദ്ദേഹത്തിന് നൽകാമെന്ന വാഗ്ദാനം മുന്നോട്ടു വച്ചത്. എന്നാൽ 2017 ൽ കോൺഗ്രസുമായി യാതൊരു ചങ്ങാത്തവും വേണ്ടെന്ന് പിണറായി തീരുമാനിച്ചിരുന്നു.

 

 

     ഇക്കാര്യം പി.ബിയിൽ ചർച്ചക്ക് വന്നപ്പോൾ പിണറായിയുടെ കർശന നിലപാട് യച്ചുരിക്ക് വിനയാവുകയും ചെയ്തു. കാരാട്ട് പക്ഷക്കാരനാണ് പിണറായി. എന്നാൽ ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന കേന്ദ്ര കമ്മിറ്റിയിൽ രാജ്യസഭാംഗത്വം അനൗപചാരികമായി ചർച്ചക്ക് വന്നപ്പോൾ തന്നെ പിണറായി അതിനോട് യോജിച്ചു. ഫെബ്രുവരിയിൽ ബംഗാളിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ മത്സരിക്കാനുള്ള സാധ്യതയാണ് യച്ചൂരി ചർച്ച ചെയ്തത്. 2005 മുതൽ 2017 വരെ രാജ്യസഭാംഗമായിരുന്നു യച്ചൂരി. മൂന്നു തവണയിൽ കൂടുതൽ ഒരാൾ രാജ്യസഭാംഗം ആകാൻ പാടില്ലെന് നിയമത്തിന്റെ പിൻബലത്തിലാണ് അന്ന് പിണറായി പാര പണിതത് എന്നാണ് ആക്ഷേപം.

 

 

 

     ഫെബ്രുവരിയിൽ ബംഗാളിൽ 5 സീറ്റുകളിലാണ് ഒഴിവു വരുന്നത്. ഇതിൽ നാലെണ്ണം ത്യണമൂൽ കൊണ്ടുപോകും. ഒരു സീറ്റിൽ കോൺഗ്രസിന് ജയിക്കാം. അതിലാണ് യച്ചൂരിയെ മത്സരിപ്പിക്കാൻ സോണിയാ തീരുമാനിച്ചിരിക്കുന്നത്. സിപിഎം ബംഗാൾ ഘടകമാണ് നിർദ്ദേശം മുന്നോട്ടു വച്ചത്. അനൗപചാരിക ചർച്ചകൾ മാത്രമാണ് നടന്നത്. സോണിയയും രാഹുലുമായി യച്ചൂരി സംസാരിച്ചു. ഇരുവരും തീരുമാനത്തെ ഹൃദയപൂർവം വരവേറ്റു. കേരള നേതാക്കളെ പ്രത്യേകിച്ച് പിണറായിയെ ആയിരുന്നു യച്ചുരിക്ക് ഭയം.

 

 

    അദ്ദേഹം കാര്യങ്ങൾക്ക് ഓക്കേ സൂചന നൽകിയതോടെ പിന്നെ സമാധാനമായി. 2019 ൽ നടന്ന ലോകസഭാ തെരഞ്ഞടുപ്പിൽ ബംഗാളിൽ നിന്ന് സി പി എം സമ്പൂർണ പരാജയം ഏറ്റു വാങ്ങിയതോടെ പാർലെമെന്റിൽ ബംഗാളിൽ നിന്ന് സി പി എമ്മിന് പ്രതിനിധികളില്ലാത്ത സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. കേരളത്തിൽ നിന്ന് ലോക സഭയിൽ സി പി എമ്മിനുള്ളത് ഒരേ ഒരു അംഗം മാത്രമാണ്. യച്ചൂരിയുടെ വരവ് ബിജെപി കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കും.

 

 

    രാഹുൽ ഗാന്ധി മാത്രമാണ് പ്രതിപക്ഷ നിരയിൽ നിന്നും സംസാരിക്കാൻ പാർലെമെന്റിലുള്ളത്. അതി വൈകാരികമാണെങ്കിലും രാഹുലിന്റെ പ്രസംഗം രാജ്യം മുഴുവൻ ശ്രദ്ധിക്കാറുണ്ട്. രാഹുൽ ഗാന്ധിയെക്കാൾ പഠന മികവ് യച്ചൂരിക്കുണ്ട്. പാർലമെന്റിൽ അംഗങ്ങൾ കുറവാണെങ്കിലും യച്ചൂരി ദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവാണ്.

 

 

      പൗരത്വ ബില്ലിനെതിരെ ആദ്യമായി സുപ്രീം കോടതിയെ സമീപിച്ച കേരള സർക്കാരിനെ നയിക്കുന്നത് യച്ചൂരിയുടെ പാർട്ടിയാണെന്ന കാര്യം അദ്ദേഹത്തിന്റെ ഇമേജ് ദേശീയതലത്തിൽ വർധിപ്പിച്ചു. എന്നാൽ കേരളത്തിൽ പാമ്പും കീരിയുമായി തുടരുന്ന കോൺഗ്രസിന് യച്ചൂരിയുടെ എം പി സ്ഥാനം ഭാവിയിൽ വിനയാകാനും  സാധ്യതയുണ്ട്.

మరింత సమాచారం తెలుసుకోండి: