തുടർച്ചയായി രണ്ട് തവണ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തുമ്പോഴും വാഗ്ദാനങ്ങൾ വാരി വിതറിയിരുന്നു. അതിൽ ആവർത്തിച്ചു പറഞ്ഞിരുന്ന തെരഞ്ഞെടുപ്പു വാഗ്ദാനമാണ് സ്വിസ് ബാങ്കിൽ നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും അത്തരക്കാരുടെ പേരു വിവരങ്ങൾ പുറത്തുവിടുമെന്നുമുള്ളത്. ഒപ്പം  കള്ളപ്പണക്കാരെ പൊക്കാൻ വേണ്ടി നോട്ടു നിരോധനവും നടത്തി.

 

 

   എന്നാൽ, ഇത് വെള്ളത്തിൽ വരച്ച വരപോലെ വാഗ്ദാനം മാത്രമായെന്നല്ലാതെ ഒന്നും സംഭവിച്ചില്ല. നോട്ടു നിരോധനം നല്കിയതാവട്ടെ പ്രതീക്ഷിച്ചതിന്റെ വിപരീത ഫലവും.   പോരാഞ്ഞിട്ടിപ്പോൾ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വേറെ നിവർത്തിയില്ലാതെ കള്ളപ്പണക്കാർക്ക് വാഴാനുള്ള  ശ്രമങ്ങളിലേക്കാണ്  തലപ്പത്തിരിക്കുന്ന ബിജെപി സർക്കാർ കടക്കുന്നത്.

 

 

    പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടയിലും തെരഞ്ഞെടുപ്പു വേളയിൽ കൊട്ടി ഘോഷിച്ച വാഗ്ദാനങ്ങളെല്ലാം പാടെ മറന്ന് ആദായ നികുതി നിയമം, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം എന്നിവയിൽ മാറ്റം വരുത്താൻ തയ്യാറെടുക്കുകയാണ്  കേന്ദ്രസർക്കാർ. ഇതോടെ കള്ളപ്പണം വെളുപ്പിക്കലും ആദായ നികുതി വെട്ടിപ്പും ക്രിമിനൽ കുറ്റമല്ലാതായി മാറും. സംരംഭകർക്ക്  രാജ്യത്ത് വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ആത്മവിശ്വാസം നൽകുകയെന്നതാണ് ഇതിന്റെ ലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നത്.

 

 

   ഒപ്പം രാജ്യത്തെ അഞ്ച് ട്രില്യൺ സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. കോർപ്പറേറ്റ് നിയമ ഭേദഗതികൾ, നികുതി തർക്ക പരിഹാരങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയവ ഇതിനായുള്ള ചുവടുവെപ്പുകളാണെന്നാണ് നിർമ്മല സീതാരാമൻ പറയുന്നത്. നാനി പൽകിവാല ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടന്നപരിപാടിയിലായിരുന്നു മന്ത്രിയുടെ നിർണായക പ്രസ്താവന.  

 

 

 

   ഇതിനായി കമ്പനി നിയമത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടായിരിക്കും നടപടിക്രമങ്ങളിലെ വീഴ്ചകൾ ക്രിമിനൽ കുറ്റമല്ലാതാക്കുക. അതേസമയം ഇത് പൊതു ജനങ്ങൾക്ക് ദോഷം ചെയ്യില്ലെന്നാണ് നിർമലാ സീതാരാമൻ വ്യക്തമാക്കുന്നത്. നാല്പത്തിയാറോളം നിയമ വ്യവസ്ഥകളിൽ മാറ്റം വരുത്തി അവ എടുത്തുകളയുകയോ അല്ലെങ്കിൽ അവ ക്രിമിനൽ കുറ്റങ്ങളിൽ ഉൾപെടുത്താതെയോ ആയിരിക്കും ഇതുമായി ബന്ധപ്പെട്ട നീക്കങ്ങളുണ്ടാവുക.

 

 

 

    അല്ലാത്തപക്ഷം കുറ്റം ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കാൻ മാത്രം വ്യവസ്ഥയുള്ള തരത്തിൽ നിയമമാക്കി മാറ്റുമെന്നും നിർമൽ സീതാരാമൻ കൂട്ടിച്ചേർത്തു. കമ്പനി നിയമങ്ങൾക്ക് ശേഷമായിരിക്കും ആദായ നികുതി നിയമത്തിലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലും  ഇത്തരത്തിൽ മാറ്റം വരുത്തുക എന്നും മന്ത്രി പറഞ്ഞു.

 

 

   സംശയത്തിന്റെ കണ്ണുകളിലൂടെ വ്യവസായം ചെയ്യാനെത്തുന്നവരെ കാണുന്ന രീതിയല്ല രാജ്യത്തും കേന്ദ്ര സർക്കാരിനുമുള്ളതെന്നും  നിർമലാ സീതാരാമൻ പറഞ്ഞു. കേന്ദ്ര ബഡ്ജറ്റ് അവതരണത്തിന് ആഴ്ചകൾ മാത്രം അവസാനിക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപനങ്ങൾ ബജറ്റ് സമ്മേളനത്തിലും ആവർത്തിക്കുമോയെന്നും കണ്ടറിയാം.

మరింత సమాచారం తెలుసుకోండి: