പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭം ഏതാണ്ട് ക്ഷയിച്ച മട്ടാണ്. ഒരു വശത്ത് പ്രതിഷേധങ്ങൾ നടക്കുന്നു, നടക്കുന്നു മറു വശത്ത്  കേന്ദ്രം പൗരത്വ നിയമ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നുണ്ട്. എല്ലാം ശാന്തമായെന്ന് കണ്ടപ്പോഴാണ് ആഗോള തലത്തില്‍ തിരിച്ചടിയാകുന്നത്. ആഗോള ജനാധിപത്യസൂചികയില്‍ ഇന്ത്യക്കു വന്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. 10 റാങ്ക് പിന്നിലായ ഇന്ത്യ പട്ടികയില്‍ 51ാം സ്ഥാനത്താണ്.

 

 

 

   പൗര സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെട്ടതാണു റാങ്കിങ്ങില്‍ ഇന്ത്യ പിന്നോട്ടുപോകാന്‍ കാരണമെന്നാണ് ദ് ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ സര്‍വേയില്‍ പറയുന്നത്.രാഷ്ട്രീയപങ്കാളിത്തം, രാഷ്ട്രീയസംസ്‌കാരം, പൗരസ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ 165 സ്വതന്ത്രരാജ്യങ്ങളിലും രണ്ടു പ്രവിശ്യകളിലുമായാണു സര്‍വേ സംഘടിപ്പിച്ചത്.

 

 

 

   10 മാനദണ്ഡമാക്കിയുള്ള സൂചികയില്‍ ഇന്ത്യക്കു കഴിഞ്ഞവര്‍ഷം ലഭിച്ചത് 6.90 പോയിന്റാണ്. 2018ല്‍ ഇത് 7.23 ആയിരുന്നു. പട്ടികയിലെ ഏഷ്യഓസ്‌ട്രേലിയ മേഖലയില്‍ തിമൂര്‍ലെസ്‌റ്റെ, മലേഷ്യ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നില്‍ ഇന്ത്യ എട്ടാംസ്ഥാനത്താണ്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി നീക്കിയതും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ജനാധിപത്യ വിഭജനത്തിന്  കാരണമായെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍.

 

 

   ജമ്മു കശ്മീരിലെ മാറ്റങ്ങള്‍ക്കു മുന്നോടിയായി നടത്തിയ വന്‍ സെനികവിന്യാസം, നേതാക്കളുടെ വീട്ടുതടങ്കല്‍, ഇന്റര്‍നെറ്റ് നിരോധനം എന്നീ നടപടികളും സര്‍വേയില്‍ പരിഗണിച്ചു. അസമില്‍ എന്‍.ആര്‍.സി.
നടപ്പാക്കിയതിനേത്തുടര്‍ന്ന് 19 ലക്ഷം ആളുകള്‍ പൗരത്വത്തിനു പുറത്തായി. അതില്‍ ഏറെയും മുസ്ലിംകളാണ്. പട്ടികയില്‍നിന്നു പുറത്തായവരില്‍ ഏറെയും ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നു ബി.ജെ.പി. സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, അവര്‍ ഇതു നിഷേധിക്കുന്നു.

 

 

    ഇന്ത്യയിലെ മുസ്ലിം ജനസംഖ്യാവര്‍ധന ലക്ഷ്യമിട്ടാണ് എന്‍.ആര്‍.സി. നടപ്പാക്കുന്നതെന്ന വിമര്‍ശനങ്ങളും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. 2015ല്‍ 20 കോടിയായിരുന്നു ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ. ആകെ ജനസംഖ്യയുടെ 14.9 ശതമാനമാണിത്. ലോകത്തെ മുസ്ലിം ജനസംഖ്യയുടെ 10.5 ശതമാനവും ഇന്ത്യയിലാണ്. 2060 ആകുമ്പോഴേക്ക് ലോകത്തെ ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള രാജ്യമായി അതായത് 33.3 കോടി ജനങ്ങളുള്ള ഇന്ത്യ മാറുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 19.4 ശതമാനമാകും ഇത്. 

 

 

    
     ആഗോള റാങ്ക് പട്ടികയില്‍ 9.87 പോയിന്റുമായി നോര്‍വേയാണ് ഒന്നാംസ്ഥാനത്ത്. 1.08 പോയിന്റുമായി ഏകാധിപത്യരാജ്യമായ ഉത്തര കൊറിയയാണ് ഏറ്റവും പിന്നില്‍.ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ചു കഴിഞ്ഞവര്‍ഷം ജനാധിപത്യം പ്രക്ഷുബ്ധമായിരുന്നെന്നു സര്‍വേ വിലയിരുത്തുന്നു. തായ്‌ലന്‍ഡാണ് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ വന്‍ജനാധിപത്യ പുരോഗതി കരസ്ഥമാക്കിയത്.

 

 

 

    വ്യാജവാര്‍ത്ത നിയമം നടപ്പാക്കിയതിനേത്തുടര്‍ന്ന്, പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സിംഗപ്പൂരും പിന്നോട്ടുപോയതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഈ പ്രതിഷേധങ്ങള്‍ കഴിയുമ്പോള്‍ ജനാധിപത്യ സംരക്ഷണത്തിനായി മികച്ച പദ്ധതികള്‍ കൊണ്ടുവരാനിരിക്കുകയാണ് നരേന്ദ്ര മോദിയും അമിത്ഷായും. ഇതിലൂടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

మరింత సమాచారం తెలుసుకోండి: