രാജ്യത്ത് പ്രതിഷേധങ്ങൾ മോദി സർക്കാർ നടപ്പിലാക്കിയ പല നിയമങ്ങൾക്കെതിരെയും  പലതവണ ഉയർന്നിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ വിമർശന വിധേയമായത് അമിത് ഷായുടെ കീഴിലുള്ള പോലീസാണ്. ഡൽഹിയിൽ വിവിധ പ്രതിഷേധങ്ങളെ പോലീസ് നേരിട്ട രീതിയ്‍ക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നത്.

 

 

 

   ഈ ഘട്ടങ്ങളിലെല്ലാം പോലീസിനെ തിരുത്തുന്നതിനു പകരം സമരക്കാർക്കെതിരെ രൂക്ഷവിമർശനങ്ങൾ നടത്തിയായിരുന്നു അമിത് ഷായുൾപ്പെടെയുള്ള ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും രംഗത്തെത്തിയത്. എന്നാൽ ഏറ്റവും അവസാനം ഡൽഹി പോലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

 

 

 

   പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ പോലീസ് അതിക്രമം നടത്തിയത് വലിയ വിവാദമായിരുന്നു. എന്നാൽ വിദ്യാർഥികളാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. പോലീസ് നടപടിയെച്ചൊല്ലി തർക്കങ്ങൾ തുടരുന്നതിനിടെ ലൈബ്രറിയിൽ കയറി വിദ്യാർഥികളെ മർദ്ദിക്കുന്ന പോലീസിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

 

 

 

   മുഖം മറച്ചുകൊണ്ട്‌ ലൈബ്രറിയിലേക്ക് കയറിയ പോലീസ് അവിടെ വായിച്ച്‌ക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥികളെ ലാത്തിക്കൊണ്ട് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന വിദ്യാർഥികളെ പോലീസ് പിന്തുടർന്ന് മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.ജാമിയയിലെ വിദ്യാർഥികൾ പ്രതിഷേധത്തിന്‍റെ പേരിൽ അക്രമം അഴിച്ച് വിടുകയായിരുന്നെന്നായിരുന്നു അധികൃതർ ഇതുവരെ നൽകികൊണ്ടിരുന്ന വിശദീകരണം.

 

 

 

 

   എന്നാൽ ലൈബ്രറിയിൽ വായിച്ച് കൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥികളെ പോലും പോലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ വാദമാണ് പൊളിഞ്ഞത്. വായനയിൽ മുഴുകിയിരിക്കുന്ന വിദ്യാർഥികളെ യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിച്ച പോലീസ് ലൈബ്രറിയിലെ ഉപകരണങ്ങൾ നശിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തിയപ്പോൾ പ്രതിഷേധക്കാർ ബസ് കത്തിച്ചെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു.

 

 

 

 

   എന്നാൽ ഇതിനു പിന്നാലെ തന്നെ പോലീസ് യൂണിഫോം ധരിച്ചയാൾ ബസിലേക്ക് പെട്രോൾ ഒഴിക്കുന്നതിന്‍റെ വീഡിയോയും പുറത്ത് വന്നിരുന്നു. പോലീസ് തന്നെയാണ് ബസ് കത്തിച്ചതെന്ന് പ്രതിഷേധക്കാരും അതല്ലെന്ന് പോലീസും വാദിക്കുന്നതിനിടെയാണ് ജാമിയ വീഡിയോ പോലീസിനെതിരെ തെളിവായിരിക്കുന്നത്.

 

 

 

    പോലീസിനെതിരെ രൂക്ഷ വിമർശനമുണ്ടായപ്പോൾ പോലും പ്രതികരിക്കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒടുവിൽ പോലീസിന് നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്.

 

 

 

   എത്ര പ്രകോപനം ഉണ്ടായിരുന്നാലും സംയമനം പാലിക്കണമെന്നാണ് പോലീസ് മന്ത്രിയുടെ ഉപദേശം. എത്ര ദേഷ്യവും പ്രകോപനവും ഉണ്ടായാലും ഡൽഹി പോലീസ് സംയമനം പാലിക്കണമെന്നും പക്ഷേ ജനങ്ങളുടെ സുരക്ഷയ്ക്കായി അക്രമികളെ ശക്തമായി തന്നെ നേരിടണമെന്നും അമിത് ഷാ പറയുന്നു. ഡൽഹി പോലീസ് സേനയുടെ 73ാം വാർഷിക ദിനത്തിലാണ് അമിത് ഷാ പോലീസുകാരോട് സംയമനം പാലിക്കണമെന്ന നിർദേശവുമായി രംഗത്തെത്തിയത്.

 

 

   എന്നാൽ ജാമിയയിലെ 'പോലീസ് അതിക്രമത്തിന്‍റെ' വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണിതെന്നതാണ് പ്രത്യേകത. പോലീസ് സേനയ്ക്കെതിരെയുള്ള വിമർശനങ്ങളോട് പ്രതികരിച്ച അദ്ദേഹം ക്രിയാത്മകമായ വിമർശനങ്ങൾ എപ്പോഴും സ്വാഗതാർഹമാണെന്നാണ് പറഞ്ഞത്.

 

మరింత సమాచారం తెలుసుకోండి: