രജനികാന്തിനെയും കമൽഹാസനെയും പിന്തുണച്ചതിൽ ഇപ്പോൾ ദുഃഖിക്കുന്നു. അവർ രാഷ്ട്രീയത്തിൽ വന്നാൽ തമിഴ്‌നാടിന് നല്ലത് വരുമെന്ന് കരുതിയിരുന്നു. എന്നാൽ രജനികാന്ത് തമിഴരെ പറ്റിക്കുകയായിരുന്നു. മക്കൾ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്റെ കടമ.

 

 

    എല്ലാ അച്ഛന്മാരും ആ കടമ നിറവേറ്റും. അതുപോലെ മകൻ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാൽ ഞാൻ അത് നിറവേറ്റും. ഇളയ ദളപതി നടൻ വിജയുടെ അച്ഛനായ ചന്ദ്രശേഖറിന്റെ ഈ വെളിപ്പെടുത്തൽ  തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ കോളിളക്കം ഉണ്ടാക്കുമെന്നുറപ്പ്.  ഇങ്ങനെ പറയുവാൻ വ്യക്തമായ കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.  തൂത്തുക്കുടിയിൽ വെടിയേറ്റ് മരിച്ചവരെ രജനി തീവ്രവാദികളോട് ഉപമിച്ചു.

 

 

 

   തമിഴർ വേണ്ടെന്ന് പറയുന്ന സിഎഎയെ രജനി അനുകൂലിച്ചു. വിജയ്ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളർത്താനാണ് ചിലർ ശ്രമിക്കുന്നത്. എന്നാൽ വിജയ് വളർന്നുകൊണ്ടിരിക്കുന്നു.  സിനിമയിൽ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവർ ജീവിതത്തിലും അങ്ങനെയാവണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. നാളെ വിജയ് രാഷ്ട്രീയത്തിൽ വന്നാലും ഇന്ന് സിനിമയിൽ പറയുന്നത് പോലെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

    ആദായ വകുപ്പ് ഉദ്യോഗസ്ഥർ വിജയിയെ  മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കിയ നടപടിയെക്കുറിച്ചും  ചന്ദ്രശേഖർ വ്യക്തമായി തന്നെ പ്രതികരിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചെയ്തത് അവരുടെ ജോലി മാത്രമാണ്. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു. ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നു, പണം സമ്പാദിക്കുന്നു. കൃത്യമായി നികുതി അടയ്ക്കുന്നു. അതുകൊണ്ട് അതിൽ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല.

 

 

    വിജയ്‌ക്കെതിരെ പല തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ സംഘ പരിവാർ ശക്തികൾ നടത്തുന്നുണ്ട്.  വിജയ് ഒരു ഹിന്ദുവല്ലെന്നും അദ്ദേഹം ക്രിസ്ത്യാനിയാണെന്നും പേര് ജോസഫ് ചന്ദ്രശേഖർ വിജയ് എന്നൊക്കെയുള്ള വിലകുറഞ്ഞ ആരോപങ്ങൾ സോഷ്യൽ മീഡിയയിൽ മറ്റും വ്യാപിച്ചിരുന്നു.  ഇതിന് തൊട്ടുപിന്നാലെ വിജയ്, വിജയ് സേതുപതി തുടങ്ങിയ താരങ്ങൾക്കെതിരേ മതപരിവർത്തന വിവാദം ഉന്നയിച്ച് സാമൂഹിക മാധ്യമങ്ങളിൽ സംഘപരിവാർ അനുഭാവികൾ രംഗത്തെയിരുന്നു.

 

 

 

   ഈ ആരോപണത്തിനു ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ  വിജയുടെ അച്ഛൻ മറുപടി പറയുന്നുണ്ട്. 'ഞാൻ ക്രിസ്ത്യൻ മതത്തിൽ ജനിച്ച ഒരാളാണ്. എന്റെ ഭാര്യ ശോഭ ഹിന്ദുമതവിശ്വാസിയും. 45 വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം. ഞാൻ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളിൽ ഇടപ്പെട്ടിട്ടില്ല.

 

 

 

    ജീവിതത്തിൽ ഒരുവട്ടം മാത്രം ഞാൻ ജറുസലേമിൽ പോയിട്ടുണ്ട്, മൂന്ന് വട്ടം തിരുപ്പതിയിലും. തിരുപ്പതിയിൽ പോയി തലമൊട്ടയടിച്ചിട്ടുണ്ട്. വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെൺകുട്ടിയെയാണ് . ഞങ്ങളുടെ വീട്ടിൽ ഒരു വലിയ പൂജ മുറിയുണ്ട്. വിജയുടെ വിവാഹം ക്രിസ്ത്യൻ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവർ തെളിവ് കൊണ്ടുവരട്ടെ.

 

 

 

   തെറ്റാണെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർ പരസ്യമായി മാപ്പ് പറയുമോ?'. ഇനി തമിഴകത്തെ രാഷ്ട്രീയ തട്ടകത്തിൽ എല്ലാവരും ഉറ്റു നോക്കുന്നത് ഇളയ ദളപതി സ്വന്തമായി പാർട്ടി ഉണ്ടാക്കുമോ അതോ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുമോ എന്നതാണ്.

మరింత సమాచారం తెలుసుకోండి: