ജെഎൻയു മുൻ വിദ്യാർഥി കനയ്യ കുമാറിനെ രാജ്യദ്രോഹക്കേസിൽപ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഡൽഹി സർക്കാർ പുതിയ വിവാദത്തിൽ. അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്‌മി സർക്കാർ നടത്തിയ അപ്രതീക്ഷിത നീക്കം എന്തിനായിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. സമീപകാലത്ത് ഡൽഹിയിലുണ്ടായ സംഭവവികാസങ്ങൾ തിരിച്ചടിയാകുമെന്ന ഭയം മൂലം ബിജെപിക്ക് അനുകൂലമായി കെജ്രിവാൾ പ്രവർത്തിച്ചു എന്നാണ് ആരോപണം ഉയരുന്നത്. ബോളിവുഡ നടന്മാർ ഉൾപ്പെടെയുള്ളവർ ഡൽഹി മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചു.

 

 

 

2016 ഫെബ്രുവരി ഒമ്പതിന് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി കശ്‌മീർ വിദ്യാര്‍ഥികൾ അടക്കമുള്ളവര്‍ ജെഎൻയു കാമ്പസിൽ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്. ഈ പരിപാടിയിൽ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നാണ് വിദ്യാർഥികൾക്കെതിരായ കേസ്. ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, ആക്കിബ് ഹുസൈൻ, ഉമർ ഗുൽ, മുജീബ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഡല്‍ഹി ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവര്‍ക്കെതിരായ കേസുള്ളത്.

 

   

ജെഎൻയു കാമ്പസിൽ സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ വർഷങ്ങൾക്ക് ശേഷമാണ് ഡൽഹി സർക്കാർ നടപടി സ്വീകരിച്ചത്. ഡല്‍ഹി ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കനയ്യ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് എതിരെയുള്ള കേസുള്ളത്. പോലീസ് കുറ്റപത്രം സമർപ്പിച്ച് ഒരു വർഷത്തിനു ശേഷമാണു കനയ്യ കുമാർ ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. പ്രതികളെ വിചാരണ ചെയ്യാനുള്ള അനുമതി ഡൽഹി സർക്കാർ വൈകിപ്പിച്ചതിനെതിനെ തുടർന്ന് കേസ് നടപടികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.

 

 

  ഈ നടപടിയിൽ ഡൽഹി സർക്കാരിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുൻ ജെഎൻയു വിദ്യാർഥികളെ വിചാരണം ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകിയത്.
ജെഎൻയു, ജാമിയ മിലിയ, അലിഗഡ് സർവകലാശാലകളിലെ വിദ്യാർഥികൾ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തിൽ 2019 ജനുവരി 14 നാണ് പ്രതികൾക്കെതിരെ ഡൽഹി പോലീസ് 1200 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

 

 

  രാജ്യദ്രോഹം, കലാപമുണ്ടാക്കൽ, അനുമതിയില്ലാതെയുള്ള യോഗം ചേരൽ, വ്യാജ രേഖ ചമയ്‌ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയത്. കശ്‌മീർ സ്വദേശികളുമായ അഖ്വിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, റയീസ് റസൂൽ, ഖാലിദ് ബഷീർ ഭട്ട്, ബഷ്റത് അലി എന്നിവർക്കെതിരെയും കേസുണ്ട്.

രണ്ടാം ആം ആദ്‌മി സർക്കാർ ഭരണത്തിലെത്തി മാസങ്ങൾക്ക് ശേഷം നടന്ന സംഭവത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ ശ്രമിച്ചില്ല. യുവാക്കളുടെ ശക്തമായ പിന്തുണയായിരുന്നു ഇതിന് കാരണം. എന്നാൽ, മൂന്നാമതും ഡൽഹിയുടെ ഭരണം സ്വന്തമായതോടെ കെജ്രിവാൾ സർക്കാർ കനയ്യ ഉൾപ്പെടെയുള്ള വിദ്യാർഥികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി. മുൻ നിലപാടുകളിൽ നിന്ന് മലക്കം മറിഞ്ഞായിരുന്നു ഈ നടപടി. ഇതോടെയാണ് കെജ്രിവാൾ വിവാദനായകനായത്.

മൂന്നാമതും ഡൽഹിയിൽ അധികാരം നേടിയതോടെ കെജ്രിവാളിൽ കടുത്ത സമ്മർദ്ദമുണ്ട്. കേന്ദ്ര സർക്കാരിനോട് എതിരിട്ട് നിൽക്കാൻ സർക്കാർ ആഗ്രഹിക്കുന്നുമില്ല. പൗരത്വ നിയമത്തിൽ കെജ്രിവാൾ മൗനം പാലിക്കുന്നത് ഇക്കാരണാത്താൽ മാത്രമാണ്. ഡൽഹിയിലെ വിവിധ സർവകലാശാലകളിൽ നടന്ന പ്രതിഷേധവും തിരിച്ചടിയായി. ഷഹീൻബാഗ് പ്രതിഷേധത്തിന് പിന്നാലെ രാജ്യത്തിന് നാണക്കേടായ ഡൽഹി കാലാപം കൂടി സംഭവിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി. ഡൽഹി പോലീസിൻ്റെ പിന്തുണയും സർക്കാരിന് ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയും കേന്ദ്ര സർക്കാരും ഏറെ ആഗ്രഹിച്ചിരുന്ന ജെഎൻയു രാജ്യദ്രോഹക്കേസിൽ കെജ്രിവാൾ സർക്കാർ കേന്ദത്തിന് അനുകൂലമായ തീരുമാനം കൈക്കൊണ്ടത്. തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കുന്നതിന് വേണ്ടി മാത്രമാണ് ഈ വിഷയത്തിൽ സർക്കാർ ഇതുവരെ നിലപാട് സ്വീകരിക്കാൻ മടിച്ചിരുന്നത്. എന്നാൽ സമീപകാല സംഭവങ്ങളിൽ സർക്കാരിൽ സമ്മർദ്ദം വരാതിരിക്കാൻ കനയ്യ ഉൾപ്പെടെയുള്ളവർക്കെതിരായ കേസിൽ സർക്കാർ ഇടപെടൽ നടത്തുകയായിരുന്നു.

మరింత సమాచారం తెలుసుకోండి: