കെ.എം.ഷാജി എം.എൽ.എ.ക്കെതിരെ കോഴ ആരോപണം ഉയർന്ന സാഹചര്യത്തിൽ കോഴ വാങ്ങിയവർ മാത്രമല്ല കൊടുത്തവരും അഴിമതി നടത്തിയതിന്റെ പരിധിയിൽ വരാൻ സാധ്യത തെളിയുന്നു . 

 

നിയമനത്തിന് കോഴ നൽകിയ അധ്യാപകൻ, അത് വാങ്ങിയ മാനേജ്‌മെന്റ്, മാനേജ്‌മെന്റിൽനിന്ന് പിന്നീട് കൈപ്പറ്റിയ എം.എൽ.എ., കോഴ്‌സ് അനുവദിപ്പിക്കാനായി സ്വാധീനം ചെലുത്തിയ പ്രാദേശിക നേതൃത്വം എല്ലാം വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ ഉൾപെടും. 

 

അഴീക്കോട് ഹൈസ്കൂളിൽ ഹയർസെക്കൻഡറി കോഴ്‌സ് അനുവദിച്ചതിന് കെ.എം.ഷാജി എം.എൽ.എ. 25 ലക്ഷംരൂപ കോഴ വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യറോ ആണ് കേസ് ഫയൽചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ്.

 

 

അതേസമയം കേസ് മുറുകുമ്പോൾ കോഴ വാങ്ങിയവർ മാത്രമല്ല കൊടുത്തവർക്കെതിരെയും വിജിലൻസിന് കേസെടുക്കേണ്ടിവരും. ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന് അഴീക്കോട് സ്കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കിയതായി വിജിലൻസ് പറയുന്നു. ആ 25 ലക്ഷത്തിന്റെ ഉറവിടവും മാനേജ്‌മെന്റ് വെളിപ്പെടുത്തണം. എന്നാൽ പണം നൽകിയിട്ടില്ലെന്ന് മാനേജ്മെന്റ് പറഞ്ഞുകഴിഞ്ഞു.

 

2013-ൽ പ്ലസ്ടു കോഴ്‌സ് അനുവദിക്കാനാവശ്യപ്പെട്ട് മാനേജ്‌മെന്റ് വിദ്യാഭ്യാസമന്ത്രിയുടെ പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തെ സമീപിച്ചു. സ്കൂളിലെ ഒരു തസ്തികയ്ക്ക് വാങ്ങുന്ന പണത്തിന്‌ തുല്യമായ തുക അഴീക്കോട് പൂതപ്പാറയിൽ ലീഗ് ഓഫീസ് കെട്ടിടം നിർമിക്കാനായി തരണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. 2014-ൽ പ്ലസ്ടു ലഭിച്ചു.

 

 

വാഗ്ദാനംചെയ്ത തുകയ്ക്ക് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടപ്പോൾ അവരെ കെ.എം.ഷാജി പിന്തിരിപ്പിച്ചു. പിന്നീടാണറിയുന്നത് ഷാജി 25 ലക്ഷം രൂപ നേരിട്ടുവാങ്ങിയെന്ന്. ഇതാണ് ഷാജിക്കെതിരെ പരാതി ഉയരാൻ കാരണം. ഇതുസംബന്ധിച്ച് ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ ലീഗ് നേതൃത്വത്തിന് നൽകിയ കത്തിന്റെ കോപ്പിസഹിതം സി.പി.എം. കണ്ണൂർ ഏരിയാ കമ്മിറ്റി അംഗം കുടുവൻ പത്മനാഭൻ 2017-ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

 

 

ഈ ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് വിജിലൻസിന്റെ റിപ്പോർട്ട്.

 

കോവിഡിന്റെ സാഹചര്യത്തിൽ കേസ് വൈകുമെങ്കിലും പ്രതിസ്ഥാനത്ത് പ്രതിപക്ഷ എം.എൽ.എ. ആയതിനാൽ സംഗതി വിവാദമാകുകയാണ്.

 

മുഖ്യമന്ത്രി പിണറായിക്കെതിരെ കടുത്ത വിമർശനം ഉയർത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഷാജിക്കെതിരെയുള്ള കേസ് ഫയലിൽ സ്വീകരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: