ലോക്ഡൗണില്‍ രാജ്യം മുഴൂവന്‍ വന്‍ സാമ്പത്തീക പ്രതിസന്ധി നേരിടുമ്പോള്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം.

മദ്യഷാപ്പുകള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവായി ഗ്രാമീണമേഖലകളില്‍    എല്ലാ കടകളും തുറക്കാമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത് .

ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഇളവുകള്‍ പ്രകാരം       നഗരപരിധിക്ക് പുറത്തുള്ള ചെറിയ കടകള്‍ തുറക്കാം. എന്നാല്‍ ഷോപ്പിംഗ് മാളുകളും വന്‍കിട ചന്തകളും പഴയത് പോലെ അടഞ്ഞു തന്നെ കിടക്കും.

തീവ്രബാധിത മേഖലകളില്‍ ഇത്തരം ഇളവുകള്‍ ഒന്നും തന്നെ ബാധകമല്ല.

നഗരങ്ങളില്‍ വീടുകള്‍ക്ക് അടുത്തുള്ള കടകള്‍    തുറക്കാനാകും. എന്നാല്‍ ഷോപ്പിംഗ് മാളുകളും ചന്തകളും തുറക്കാനാകില്ല. ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ ആകാം. അവര്‍ കൃത്യമായി മാസ്‌ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. മാര്‍ച്ച് 24 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇന്ന് കൃത്യം ഒരു    മാസം ആകുകയാണ്.

21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗണ്‍ പിന്നീട് മെയ് 3 വരെ നീട്ടി.

സംസ്ഥാനത്തെ ഇളവുകള്‍ ആലോചിച്ച് തീരുമാനിക്കുമെന്നാണ് മന്ത്രി ഇ പി ജയരാജന്‍           പറഞ്ഞത്. നേരത്തേ ബാര്‍ബര്‍ഷോപ്പ്, വര്‍ക്ക്ഷോപ്പുകള്‍ എന്നിവിടങ്ങള്‍ തുറക്കാന്‍ കേരള സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ആളുകള്‍ കൂടുകയും വിവാദമാകുകയും ചെയ്തിരുന്നു.

 

 

ഇതുവരെ 23,452 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4,814 പേരാണ് രോഗ മുക്തരായി വീട്ടിലേക്ക് മടങ്ങിയത്. ഇതുവരെ 723 പേരാണ് മരണമടഞ്ഞത്.

രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിലും മരണനിരക്കിന്റെ കാര്യത്തിലും മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുകയാണ്. 6430 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 283 പേരാണ് മരണമടഞ്ഞത്. 840 പേര്‍ രോഗ മോചിതരായപ്പോള്‍ 5307 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

 

രണ്ടാം സ്ഥാനത്ത് 2624 കേസുകളും 112 മരണവുമായി ഗുജറാത്ത് നില്‍ക്കുന്നു. ഡല്‍ഹിയില്‍ 2376 കേസുകളും 50 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് കോവിഡ് കേസ് 27,29,224 ആയി.

 

 

7,48,678 പേര്‍ മോചിതരായി വീട്ടിലേക്ക് പോയപ്പോള്‍ 17,88,931 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. മരണം രണ്ടു ലക്ഷത്തിലേക്ക് അടുത്തു.

మరింత సమాచారం తెలుసుకోండి: