കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് മേയ് മൂന്നു വരെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെടുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്നു.

ഡല്‍ഹിയടക്കം ആറു സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ് . കേന്ദ്രതീരുമാനം അംഗീകരിക്കുമെന്ന് ആറു സംസ്ഥാനങ്ങള്‍ അറിയിച്ചു.

കേന്ദ്രതീരുമാനം എന്തായാലും ലോക്ക്ഡൗണ്‍ നീട്ടുമെന്നു മഹാരാഷ്ട്ര. ഇന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാന മുഖ്യമന്ത്രിമാരുമൊത്ത് പ്രധാനമന്ത്രി നടത്തുന്ന അവലോകനം നിര്‍ണായകം.

 

ലോക്ക്ഡൗണ്‍ മേയ് പകുതി വരെയെങ്കിലും നീട്ടിയില്ലെങ്കില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ പാഴാകുമെന്ന് ഡല്‍ഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഒഡീഷ സര്‍ക്കാരുകള്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന കോവിഡ് പ്രതിരോധ സമിതിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഈ നിര്‍ദേശം ആദ്യമുന്നയിച്ചത്.

 

കോവിഡ് വ്യാപനം നിയന്ത്രണവിധേയമായിട്ടില്ല ചൈ നയില്‍ രോഗബാധ ആരംഭിച്ച് പത്താഴ്ചയ്ക്കു ശേഷമാണ് ഗ്രാഫ് താഴേക്കു വന്നുതുടങ്ങിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

ഏറ്റവുമധികം ആശങ്കയുള്ള ധാരാവി ചേരിപ്രദേശം ഉള്‍ക്കൊള്ളുന്ന മഹാരാഷ്ട്ര ആശങ്കയുടെ നടുവിലാണ്. കേന്ദ്രം അനുകൂലമല്ലെങ്കിലും ലോക്ക്ഡൗണ്‍ നീട്ടുമെന്നു പ്രധാനമന്ത്രിയെ അറിയിക്കുമെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനങ്ങള്‍ പൂര്‍ണമായല്ലെങ്കിലും ഹോട്ട്‌സ്‌പോട്ടുകളിലും പരിസരപ്രദേശത്തും കര്‍ശന നിയന്ത്രണം തുടര്‍ന്നേപറ്റൂ എന്നും മറ്റിടങ്ങളില്‍ പടിപടിയായി അയവ് ആകാമെന്നും പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ് സംസ്ഥാനങ്ങള്‍ നിര്‍ദേശിക്കുന്നു. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഹരിയാന, ഗുജറാത്ത്, കര്‍ണാടക, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു തീരുമാനം എന്ത് ആയാലും  അതു നടപ്പാക്കുമെന്ന് അറിയിച്ചുകഴിഞ്ഞു.

 

 

ലോക്ക്ഡൗണിനിടെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന മൂന്നാമത് അവലോകനയോഗമാണ് ഇന്നത്തേത്.

ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് അവസാനിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പ്രധാനമന്ത്രിയെ അറിയിക്കുമെന്നാണു വിവരം.

അസമും ഇതേ നിലപാടിലാണ്. വിമാനം/ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെപ്പറ്റിയും പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരുന്നതിനെപ്പറ്റിയും സംസ്ഥാനങ്ങളോടു പ്രധാനമന്ത്രി അഭിപ്രായം ചോദിക്കും.

మరింత సమాచారం తెలుసుకోండి: