സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള നീക്കം ഹെക്കോടതി സ്‌റ്റേ ചെയ്തതോടെ, ഓര്‍ഡിനന്‍സ് ഇറക്കി മറികടക്കാനുള്ള തീരുമാനവും നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. 

 

ഓര്‍ഡിനന്‍സ് തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ സര്‍വീസ് സംഘനകളായ എന്‍.ജി.ഒ. അസോസിയേഷനും എന്‍.ജി.ഒ. സംഘും തീരുമാനിച്ചു.

വിഷയം നിയമക്കുരുക്കാകുന്നതോടെ നാളെ മുതല്‍ വിതരണം ചെയ്യേണ്ട ശമ്പളവും വൈകും.

ഗവര്‍ണര്‍ എത്രയും വേഗം ഓര്‍ഡിനന്‍സ് ഒപ്പിടുന്നോ അത്രയും വേഗം ശമ്പളവും ലഭിക്കും

ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കേണ്ടെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോടതിയെത്തന്നെ സമീപിക്കും.

 

എന്നാല്‍, എന്‍.ജി.ഒ. സംഘ് ഇന്നലെ െവെകിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെക്കണ്ട് ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് അഭ്യര്‍ഥിച്ചു.

ആറുദിവസത്തെ ശമ്പളം തടഞ്ഞുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം വരുംദിവസങ്ങളിലെ ശമ്പളവിതരണത്തെ ബാധിക്കും. ശമ്പളബില്ലില്‍ ആറുദിവസത്തെ ശമ്പളം കുറവുചെയ്താണ് വിവിധ വകുപ്പുകള്‍ ഇത്തവണ ട്രഷറിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

 

 

ചില വകുപ്പുകള്‍ ബില്ലുകള്‍ തയാറാക്കിയെങ്കിലും അതിനിടെയുണ്ടായ ഹൈകോടതി സ്‌റ്റേ ആശയക്കുഴപ്പമുണ്ടാക്കി. ഇനി ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായശേഷമേ ശമ്പളവിതരണം സാധ്യമാകൂ. ശമ്പളവിതരണത്തിന് 1000 കോടി രൂപ വായ്പയെടുക്കേണ്ടിവരുമെന്നും ഓര്‍ഡിനന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമേ വിതരണം സാധ്യമാകൂവെന്നും ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. ശമ്പളം നല്‍കാന്‍ പ്രതിമാസം 2700 കോടി രൂപയാണു വേണ്ടത്.

 

 

നികുതിവരുമാനത്തിന്റെ പകുതിയും ശമ്പളം നല്‍കാനാണു വിനിയോഗിക്കുന്നതെന്നു സര്‍ക്കാര്‍തന്നെ പ്രചരിപ്പിക്കുന്നതില്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് അമര്‍ഷമുണ്ട്. ഉത്പാദനക്ഷമമല്ലാത്ത ചെലവുകള്‍ നിയന്ത്രിച്ചാല്‍, ശമ്പളമിനത്തില്‍ 50% നികുതിപ്പണം വിനിയോഗിക്കേണ്ടിവരില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സിനു പിന്നാലെ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ നീക്കം.

 

ദുരന്തവേളകളിലോ ആരോഗ്യസംബന്ധമായ അടിയന്തരഘട്ടത്തിലോ പ്രയോഗിക്കാവുന്ന വിധത്തിലാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍. ദുരന്തനിവാരണനിയമപ്രകാരം, സംസ്ഥാനത്തെ പ്രത്യേകസാഹചര്യം കണക്കാക്കി, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരമുണ്ടെന്നാണു സര്‍ക്കാര്‍ നിലപാട്. അത്തരം അടിയന്തസാഹചര്യത്തില്‍, ഓര്‍ഡിനന്‍സ് പ്രകാരം, ജീവനക്കാരുടെ ശമ്പളത്തില്‍ നാലിലൊന്ന് മാറ്റിവയ്ക്കാം. കേന്ദ്രസര്‍ക്കാര്‍ കോവിഡിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

അതിന്റെ ചുവടുപിടിച്ച്, കേരളത്തെ പകര്‍ച്ചവ്യാധി സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനു കഴിയും. എന്നാല്‍, രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ സംസ്ഥാനത്തിനു മാത്രമായി പ്രഖ്യാപിക്കാന്‍ കഴിയുമോയെന്ന ചോദ്യവും ഉയര്‍ന്നേക്കും.

 

കേരള സര്‍വീസ് റൂള്‍, ധനകാര്യനിയമങ്ങള്‍, ശമ്പളനിയമം തുടങ്ങിയവ നിലവിലുണ്ടെങ്കിലും അവയില്‍ ഭേദഗതി വരുത്തിക്കൊണ്ടു മാത്രം ശമ്പളം പിടിക്കാന്‍ കഴിയില്ലെന്നാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. 

మరింత సమాచారం తెలుసుకోండి: