രണ്ടരമാസത്തിനുശേഷം സംസ്ഥാനത്തെ ആരാധനാലയങ്ങൾ വിശ്വാസികൾക്കായി തുറന്നു. ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെയാണ് കർശന നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചത്.

 

 

തിരുവിതാംകൂർ, കൊച്ചി ബോർഡുകൾക്കു കീഴിലുള്ള നിരവധി ക്ഷേത്രങ്ങളിൽ രാവിലെമുതൽ ദർശനം അനുവദിച്ചു. മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഒരു വിഭാഗവും വിശ്വാസകൾക്ക് പ്രവേശനം നൽകി. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള 1248 ക്ഷേത്രങ്ങളും തുറന്നു.

 

ഭക്തരെ തെർമൽ സ്കാനിങ് നടത്തി തുടർന്നു . അഡ്രസ്സും ഫോൺ നമ്പരും ബുക്കിൽ രേഖപ്പെടുത്തി. ഒരു സമയം പത്തു പേർക്കുവീതമായിരുന്നു ദർശനം.

ജീവനക്കാർ മാസ്കും കൈയ്യുറകളും ധരിച്ചാണ് എത്തിയത്. ക്ഷേത്രങ്ങളിൽ പ്രസാദവും തീർഥവും ഒഴിവാക്കി. വരിനിൽക്കാൻ പ്രത്യേക സ്ഥലം അടയാളപ്പെടുത്തിയിരുന്നു. ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ക്രിസ്ത്യൻ പള്ളികളിൽ കുർബാനകൾ നടന്നു. 100 പേരിൽ താഴെ പങ്കെടുക്കുന്ന രീതിയിലാണ് ക്രിസ്ത്യൻ, മുസ്ലിം ദേവാലയങ്ങളിൽ പ്രാർഥനാ ചടങ്ങുകൾ ക്രമീകരിച്ചത്.തലസ്ഥാനത്തെ പ്രധാന ദേവാലയങ്ങളായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, പാളയം ജുമാ മസ്ജിദ്, പട്ടം സെന്റ് മേരീസ് കത്തീഡ്രൽ, പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ, വേളി സെന്റ് തോമസ് പള്ളി, വെട്ടുകാട് പള്ളി എന്നിവിടങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

 

 

നിരവധി മുസ്ലിം പള്ളികളും നിലവിൽ തുറക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ 30നാണ് ആരാധനാലയങ്ങളിലും മതസ്ഥാപനങ്ങളിലും വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്.

 

തുടർന്ന് വിവിധ മതമേലധ്യക്ഷന്മാരും ദേവസ്വം മേധാവികളും തന്ത്രി പ്രമുഖരും മറ്റുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തിയശേഷമാണ് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത്. ആശങ്കയിലും ആശ്വാസം പ്രകടം രണ്ടരമാസത്തെ അടച്ചിടലിനുശേഷം ആരാധനാലയങ്ങളും ഹോട്ടലുകളും റസ്റ്റോറന്റുകളും ഷോപ്പിങ് മാളുകളും പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങി. ആദ്യദിനം കാര്യമായ തിരക്ക് ഉണ്ടായില്ല. 

 

എന്നാൽ, സംസ്ഥാനം സാധാരണ നിലയിലേക്കെത്തുന്നതിന്റെ ആശ്വാസം എങ്ങും പ്രകടമായി. നിർദേശങ്ങൾ പാലിച്ചാണ് വിശ്വാസികളെ ആരാധനാലയങ്ങളിൽ കടത്തിവിട്ടത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാർസലിന് പുറമെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ലഭിച്ചു.

 

തൊഴിലാളികൾ എത്താത്തതിനെ തുടർന്ന് പല ഹോട്ടലുകളും തുറന്നില്ല. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയും സാമൂഹ്യഅകലവും ഉറപ്പുവരുത്തിയാണ് ഷോപ്പിങ് മാളുകൾ തുറന്നത്. മാളിൽ പ്രവേശിക്കുന്ന ആളുകളുടെയും പേരുവിവരം രജിസ്റ്ററിൽ രേഖപ്പെടുത്തണം.

 

 

మరింత సమాచారం తెలుసుకోండి: