പമ്പ ത്രിവേണിയിലെ മണല്‍വാരല്‍ തര്‍ക്കത്തിനു പിന്നാലെ, അതിരപ്പിള്ളി ജലെവെദ്യുതി പദ്ധതിയെച്ചൊല്ലി എല്‍.ഡി.എഫില്‍ വീണ്ടും ബഹളം .

മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ അതിരപ്പിള്ളിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നു സി.പി.ഐ: എം.പി. ബിനോയ് വിശ്വം.

 

സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ പ്രതിഷേധത്തിനിറങ്ങുമെന്നു സി.പി.ഐ. യുവജനസംഘടനയായ എ.ഐ.വൈ.എഫിന്റെ മുന്നറിയിപ്പ്.

 

മുന്നണിയുടെ ആശയങ്ങള്‍ക്കെതിരായതിനാല്‍ ഉപേക്ഷിക്കുകയാണെന്നു രണ്ടു വര്‍ഷം മുമ്പു നിയമസഭയിലടക്കം പ്രഖ്യാപിച്ച പദ്ധതിയാണു സി.പി.എമ്മിന്റെ മുന്‍കെയില്‍ സര്‍ക്കാര്‍ വീണ്ടും പുറത്തെടുത്തത്. പരിസ്ഥിതി അനുമതിക്കായി കേന്ദ്രത്തെ സമീപിക്കാന്‍ കെ.എസ്.ഇ.ബിക്ക് അനുവാദം നല്‍കാനാണു തീരുമാനം.

 

എന്നാൽ നേരത്തേ അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തിനു കാരണക്കാരായ സി.പി.ഐയുമായി കൂടിയാലോചന പോലും ഉണ്ടായില്ല. ഒരിക്കല്‍ ഉപേക്ഷിച്ച പദ്ധതി നടപ്പാക്കാന്‍ പിന്നീടു തീരുമാനിക്കണമെങ്കില്‍ മുന്നണിയിലും മന്ത്രിസഭയിലും സമവായമുണ്ടാക്കണമെന്നു സി.പി.ഐ. വ്യക്തമാക്കുന്നു. ബിനോയ് വിശ്വമാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആദ്യം മുന്നോട്ട് വന്നത്. 

 

നേരത്തേ ചര്‍ച്ച ചെയ്ത് ഉപേക്ഷിച്ച പദ്ധതി വീണ്ടും പുറത്തെടുത്തതില്‍ ദുരൂഹതയുണ്ട്. മണ്ണിനെയും മനുഷ്യനെയും മറക്കാത്ത വികസനം നടപ്പാക്കുമെന്നാണു മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തില്‍ സി.പി.എം. ചതിക്കുമെന്നു കരുതുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

 

അതിരപ്പിള്ളി പദ്ധതി 180 ഹെക്ടര്‍ വനഭൂമി ഇല്ലാതാക്കുമെന്നു വാദിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ നിലപാട് സി.പി.ഐക്കൊപ്പമാണ്. അഴിമതിയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രകൃതിദുരന്തം അടിച്ചേല്‍പ്പിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവും കേന്ദ്ര പരിസ്ഥിതി വകുപ്പ് മുന്‍മന്ത്രിയുമായ ജയറാം രമേശും കുറ്റപ്പെടുത്തി. മൂന്നാര്‍ െകെയേറ്റം, മന്ത്രിസഭാ യോഗത്തില്‍ ആരോപണവിധേയനായ തോമസ് ചാണ്ടിയുടെ സാന്നിധ്യം, ലോ അക്കാദമി ലോ കോളജ് ഭൂമി വിവാദം, മാവോയിസ്റ്റുകള്‍ക്കെതിരായ പോലീസ് നടപടി, സ്പ്രിങ്‌ളര്‍ കരാര്‍ തുടങ്ങി ഒരേ സര്‍ക്കാരില്‍ പങ്കാളിയായിരുന്ന് സി.പി.എമ്മും സി.പി.ഐയും തമ്മിലടിച്ച പ്രശ്‌നങ്ങള്‍ ഏറെയാണ്.

 

സ്വന്തം വകുപ്പുകളുടെ വിഷയങ്ങളില്‍പ്പോലും തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമില്ലെന്നും മുഖ്യമന്ത്രിയുടെ വണ്‍മാന്‍ ഷോയാണു നടക്കുന്നതെന്നും സി.പി.ഐക്കു പരാതിയുണ്ട്. സര്‍ക്കാര്‍ അവസാന വര്‍ഷത്തിലേക്കു കടക്കുമ്പോഴാണ് പമ്പയിലെ മണല്‍ വാരല്‍, അതിരപ്പിള്ളി എന്നിവയെച്ചൊല്ലി ഭിന്നത കത്തുന്നത്.

 

മദ്യ ശാലകളും ആരാധനാലയങ്ങളും തുറക്കുന്ന കാര്യത്തിലും തങ്ങളുടെ അഭിപ്രായം മുഖവിലയ്‌ക്കെടുത്തില്ലെന്ന അതൃപ്തിയും അവര്‍ക്കുണ്ട്. 

మరింత సమాచారం తెలుసుకోండి: