പത്തു ദിവസമായി തുടര്‍ച്ചയായി മദ്യലഹരിയിലായിരുന്നു ജയമോഹന്‍ തമ്പിയും മകന്‍ അശ്വിനും.

മേയ് 28-ന് മദ്യക്കടകള്‍ തുറന്നതിനു ശേഷം എല്ലാ ദിവസവും തുടര്‍ച്ചയായി മദ്യപിച്ചിരുന്നുവെന്നും അവസാനത്തെ മൂന്നുനാലു ദിവസം ആഹാരം പോലും ഇവര്‍ കഴിച്ചിരുന്നില്ലെന്നുമാണ് അശ്വിന്‍ പോലീസിനോടു ബെക്തമാക്കിയത്.

 

 

വീടിനു സമീപത്തുള്ള ചിലരാണ് ഇവര്‍ക്കു മദ്യം വാങ്ങിക്കൊണ്ടു നല്‍കിയിരുന്നത്. രാവിലെ മുതല്‍ തന്നെ അച്ഛനും മകനും മദ്യലഹരിയിലായിരിക്കുമെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടു. 

 

ചില സുഹൃത്തുക്കളും മദ്യപിക്കാനായി ഈ വീട്ടിലെത്തിയിരുന്നു.നാലുമാസം മുന്‍പാണ് കുവൈത്തില്‍നിന്ന് അശ്വിന്‍ തിരിച്ചെത്തിയത്. മദ്യപാനം കാരണമാണ് ഇയാളുടെ ജോലി നഷ്ടമായത്.

 

തിരിച്ചെത്തിയ ശേഷവും അമിതമായി മദ്യപിച്ചു ബഹളമുണ്ടാക്കുന്നതു പതിവായിരുന്നു. അമിത മദ്യപാനം കാരണം അശ്വിന്റെ ഭാര്യ വീട്ടില്‍നിന്നു താമസം മാറ്റുകയായിരുന്നു. ജയമോഹന്‍ തമ്പിയുടെ എ.ടി.എം. കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുമെല്ലാം അശ്വിനാണ് ഉപയോഗിച്ചിരുന്നത്.

 

അമിതമായി മദ്യപിച്ച് അശ്വിന്‍ ബഹളമുണ്ടാക്കുന്നതു പതിവായതോടെ ഇടയ്ക്ക് ലഹരിവിമുക്ത കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു. മടങ്ങിയെത്തി വീണ്ടും മദ്യപാനം തുടങ്ങി. മദ്യപിച്ചു പ്രശ്‌നങ്ങളുണ്ടാക്കുന്നതു പതിവായതോടെ കുറച്ചു ദിവസം വീട്ടില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു.

 

 

പക്ഷേ, ഇതുകൊണ്ടൊന്നും ഫലമില്ലാതായതോടെ അശ്വന്റെ ഇളയ സഹോദരന്‍ അടക്കമുള്ളവര്‍ ഈ വീട്ടിലേക്കു വരാതായി. അച്ഛനുമായി തര്‍ക്കവും കൈയാങ്കളിയും ഉണ്ടാവുമ്പോള്‍ അശ്വിന്‍ സഹോദരനെയും ബന്ധുക്കളെയും വിളിച്ചുപറയാറുണ്ട്.

 

 

ശനിയാഴ്ചയും ജയമോഹന്‍ തമ്പിയെ ഇടിച്ചിട്ടശേഷം സഹോദരനെ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍, സ്ഥിരം പരാതിയാണെന്നു കരുതി പ്രശ്‌നം സ്വയം പരിഹരിക്കാനാണ് സഹോദരന്‍ ആഷിക് മോഹന്‍ പറഞ്ഞത്. അല്‍പ്പം കഴിഞ്ഞ് തിരിച്ചു വിളിച്ചപ്പോഴേക്കും അശ്വിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.ജയമോഹന്‍ തമ്പിയെ മര്‍ദിച്ചതിനു ശേഷം അശ്വിന്‍ വീണ്ടും മദ്യം വാങ്ങി വന്ന് വീട്ടിലിരുന്നു കുടിച്ചു.

 

വൈകീട്ട് അല്പം ബോധം വന്നപ്പോള്‍ അടുത്ത വീട്ടില്‍ പോയി ആംബുലന്‍സ് വിളിക്കാന്‍ സഹായം തേടി. എന്നാല്‍, മദ്യലഹരിയില്‍ വന്ന അശ്വിന്റെ വാക്കുകള്‍ ആരും മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്ന് വീണ്ടും മദ്യപിക്കാന്‍ ആരംഭിച്ച അശ്വിന്‍, തിങ്കളാഴ്ച മരണവിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴും അബോധാവസ്ഥയിലായിരുന്നു.

 

ദിവസങ്ങളോളം തുടര്‍ച്ചയായി മദ്യപിക്കാറുണ്ടെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം സംഭവിച്ച പല കാര്യങ്ങള്‍ സംബന്ധിച്ചും ഓര്‍മയില്ലെന്നാണ് അശ്വിന്‍ പറയുന്നത്.

మరింత సమాచారం తెలుసుకోండి: