മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നു.

 

പ്രായാധിക്യവും അനാരോഗ്യവും മൂലം എട്ടുമാസമായി പൊതുപരിപാടികളില്‍നിന്നു വിട്ടുനില്‍ക്കുന്ന വിഎസ് ജീവിത സായാഹ്നത്തില്‍ ജന്മനാടായ ആലപ്പുഴയിലെ പുന്നപ്രയിലേക്ക് മടങ്ങുകയാണെന്നാണ് പ്രാഥമിക നിഗമനം. 

 

വിഎസിന്റെ നാട്ടിലേക്കുള്ള മടക്കം മുന്‍ നിര്‍ത്തി ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്തു തറവാട്ടില്‍ നവീകരണ ജോലികളും തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ചികിത്സയുടെ ഭാഗമായി വിശ്രമത്തില്‍ കഴിയുകയാണ്.

 

കഴിഞ്ഞ വര്‍ഷമുണ്ടായ അസുഖത്തെത്തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലായിരുന്ന അദ്ദേഹം അതിന് ശേഷം ആര്‍ക്കും സന്ദര്‍ശനാനുമതിയും നല്‍കുന്നില്ല. കഴിഞ്ഞ ഒക്‌ടോബറില്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതിന് പിന്നാലെ തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നാഡീ സംബന്ധമായ ചകിത്സയ്ക്കായി പിന്നീട് ശ്രീ ചിത്രയിലേക്ക് മാറ്റി. ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തിട്ടുണ്ടെങ്കിലും വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

ഈ ഒക്‌ടോബറില്‍ 97 വയസ് പൂര്‍ത്തിയാകുന്ന വിഎസ് തിരുവനന്തപുരം വിട്ടാല്‍ പുന്നപ്രയിലെ വേലിക്കകത്തു തറവാട്ടില്‍ വിഎസ് സ്ഥിരതാമസമാക്കിയേക്കും എന്നാണ് സൂചനകള്‍. പുന്നപ്രയിലെ വീട്ടിലേക്കു വി.എസ്. വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പെയിന്റിങ് ജോലികള്‍ തുടങ്ങി. മകന്‍ അരുണ്‍കുമാര്‍ എത്തി ക്രമീകരണങ്ങള്‍ നോക്കിക്കണ്ടു. വി.എസിന്റെ മുന്‍ പി.എ. റെജിയും കുടുംബവുമാണ് അടുത്തിടെവരെ ഇവിടെ താമസിച്ചിരുന്നത്.

 

1967ല്‍ ആദ്യമായി നിയമസഭാംഗം ആയപ്പോഴാണ് അദ്ദേഹം തിരുവനന്തപുരത്തു താമസം ആരംഭിക്കുന്നത്. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ വിഎസ് പിന്നീട് സി.പി.എം. സംസ്ഥാന സെക്രട്ടറി, എല്‍.ഡി.എഫ്. കണ്‍വീനര്‍, പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി പദവികള്‍ അലങ്കരിച്ചപ്പോഴെല്ലാം തലസ്ഥാനത്തുതന്നെയായിരുന്ന വിഎസ് പക്ഷേ എല്ലാ തിരുവോണത്തിനും വേലിക്കകത്തു വീട്ടിലെത്തുമായിരുന്നു.

 

വി.എസ്. അച്യുതാനന്ദന്റെ മുഴുവന്‍ പേരായി എല്ലാവരും വിശ്വസിക്കുന്നത് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്നാണ്. എന്നാല്‍ അതങ്ങനെയല്ലെന്നും ശരിക്കുമുള്ള പേര് വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദന്‍ എന്നാണെന്ന് അടുത്തിടെ വി.എസിന്റെ ജ്യേഷ്ഠന്‍ വി.എസ്. ഗംഗാധരന്റെ മകന്‍ പീതാംബരന്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു.

 

വി.എസിനെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ കുടുംബപ്പേരായ വെന്തലത്തറ കൂടി ചേര്‍ക്കുകയായിരുന്നു. ആദ്യമായി 1967 ല്‍ എം.എല്‍.എ ആയതിന് ശേഷമാണ് വി.എസ്. വേലിക്കകത്തെ വീട്ടിലേക്ക് മാറിയത്. ജേഷ്ഠന്റെ പേരില്‍ പുന്നപ്ര വടക്ക് വേലിക്കകത്തുണ്ടായിരുന്ന സ്ഥലം സ്വന്തമായി സ്ഥലമില്ലാതിരുന്ന വി.എസ്. അച്യുതാനന്ദന്‍ വാങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫിന്റെ ഏറ്റവും വലിയ ക്രൈഡ്പുള്ളറായി മാറിയ വിഎസ് അവസാനമായി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചരണം വട്ടിയൂര്‍ കാവ് ഉപ തെരഞ്ഞെടുപ്പിലായിരുന്നു. ഇത് ഫലം കാണുകയും ചെയ്തു.

 

ലോക്ക്ഡൗണിലായ കോവിഡ് കാലത്ത് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ജനങ്ങളില്‍ എത്തിയിരുന്നത്. ജൂണ്‍ 1 ന് സംസ്ഥാനത്തിന്റെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് വിക്‌ടേഴ്‌സ് ചാനല്‍ വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ മറുപടിയായിരുന്നു ഒടുവിലത്തെ പ്രതികരണം.

 

మరింత సమాచారం తెలుసుకోండి: