ഒന്നര നൂറ്റാണ്ടിനിടെ ഒൻപതു തവണ മാത്രം നേരിടേണ്ടിവന്ന ഗുരുതരമായൊരു മഴക്കെണിയിലാണ് ഇപ്പോൾ കേരളം. നമുക്കു ലഭിക്കേണ്ട, ശരാശരി 64.3 സെ.മീ. ജൂൺ മഴയുടെ സ്ഥാനത്ത് ഇത്തവണ പെയ്തത് 35.85 സെന്റിമീറ്റർ മാത്രം. ‌‌കഴിഞ്ഞ ജൂണിൽ 75.15 സെ.മീ. മഴ സംസ്ഥാനത്തു പെയ്തിരുന്നു. ഇത്തവണ അതിന്റെ പകുതി പോലുമില്ല.  2017 ൽ പെയ്തത് 57.98 സെ.മീ. മഴയായിരുന്നു.

തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് ഇത്തവണ ഭേദപ്പെട്ട മഴ കിട്ടിയത്. ഏറ്റവും മോശം വയനാട്ടിലായിരുന്നു. അവിടെ 67 ശതമാനം മഴയാണ് കുറഞ്ഞത്. 150 വർഷത്തിനിടെ 9 തവണ മാത്രമാണ് ജൂണിൽ 35.85 സെന്റീമീറ്ററിനു താഴെ മഴ ലഭിച്ചത്. മുൻകാല അനുഭവങ്ങൾവച്ച്, ജൂൺ മഴ 30 ശതമാനത്തിലധികം കുറഞ്ഞാൽ പ്രതിവർഷ മഴയിൽ വൻഇടിവുണ്ടാകാറുണ്ട്, ഒപ്പം വൻവരൾച്ചയും.

പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാം വിധം ചൂടുപിടിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽനിനോ. പസിഫിക്കിൽ ഭൂമധ്യരേഖയ്ക്കടുത്ത് രൂപം കൊള്ളുന്ന ഉഷ്ണജലപ്രവാഹമാണിത്. എൽനിനോ മുകളിലേക്കുയർന്ന് സമുദ്രോപരിതലത്തെ ചൂടുപിടിപ്പിക്കും. വാണിജ്യവാതങ്ങളുടെ ഗതിയെയും സമുദ്രജല പ്രവാഹങ്ങളെയുമൊക്കെ ഇതു ബാധിക്കും. എൽനിനോ എന്ന വാക്കിന് സ്പാനിഷ് ഭാഷയിൽ ചെറിയ ആൺകുട്ടി എന്നാണർഥം.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പേമാരി, വരൾച്ച, താപതരംഗങ്ങൾ. വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, അതിശൈത്യം, കാട്ടുതീ എന്നിവയുടെയൊക്കെ പ്രഹരശേഷി വർധിക്കാൻ ഇത് കാരണമാവും. എൽനിനോ പിൻവാങ്ങുമ്പോൾ ചില വർഷങ്ങളിൽ ഉണ്ടാവുന്ന കാലാവസ്ഥാ പ്രതിഭാസമാണ് ലാനിന. പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാം വിധം തണുപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണിത്. സ്പാനിഷ് ഭാഷയിൽ ലാനിനയുടെ അർഥം ചെറിയ പെൺകുട്ടി എന്നാണ്.


കേരളത്തിൽ മഴ കുറഞ്ഞ 1974, 1976, 1983 കാലഘട്ടങ്ങൾ എൻനിനോ വർഷങ്ങളായിരുന്നു. പസിഫിക് സമുദ്രോപരിതലം അസാധാരണമാവിധം ചൂടുപിടിക്കുന്നതു മൺസൂണിന് ഇടയാക്കുന്ന കാറ്റിന്റെ ചലനത്തെ ബാധിക്കും.

మరింత సమాచారం తెలుసుకోండి: