നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്‍കുമാറിൻ്റെ മൃതദേഹം വീണ്ടും പോസ്റ്റ്‍മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യൽ കമ്മീഷൻ .ഇതുസംബന്ധിച്ച് രണ്ട് ദിവസത്തിനകം പോലീസിനും ആര്‍ഡിഒയ്ക്കും നിര്‍ദ്ദേശം നൽകുമെന്നും നാരായണക്കുറുപ്പ് വ്യക്തമാക്കി. ആദ്യ പോസ്റ്റ്‍മോര്‍ട്ടത്തിൽ  വീഴ്ചകൾ ഉണ്ടായി ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചില്ല. മുറിവുകളുടെ പഴക്കത്തെ കുറിച്ച് വ്യക്തതയില്ല. നിലവിലുള്ള പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് കൊണ്ട് പ്രയോജനമില്ല. ഈ റിപ്പോര്‍ട്ട് ഉപയോഗിച്ച് അന്വേഷണ നടത്തിയാൽ പ്രതികള്‍ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലും ജുഡീഷ്യൽ കമ്മീഷൻ ഇന്ന് സന്ദര്‍ശിക്കും. നിലവിൽ വാഗമണിലാണ് രാജ്‍കുമാറിനെ അടക്കിയിരിക്കുന്നത്. മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് കാവൽ ഏര്‍പ്പെടുത്താനും പോലീസിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കസ്റ്റഡിമരണത്തിൽ ഉത്തരവാദികളായ പോലീസുകാരെ സര്‍വീസിൽ നിന്ന് പിരിച്ചു വിടണമെന്നും ജുഡീഷ്യൽ കമ്മീഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്കുമാറിന്‍റെ അറസ്റ്റ് സംബന്ധിച്ച് എസ്‍‍പിയ്ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേസിൽ ഇതുവരെ നാല് പോലീസ് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം മുൻ എസ്‌ഐ കെ.എ സാബു, സിവിൽ പോലീസ് ഓഫീസ്ആർ സജീവ് ആന്റണി, എഎസ്‍ഐ റെജിമോന്‍, സിപിഒ നിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂൺ 13 നാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിക്ഷേപകരായ നാട്ടുകാരുടെ പരാതിയെ തുടർന്ന് ഹരിത ഫിനാൻസ് ഉടമ രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 21 ന് പീരുമേട് സബ്‍‍ജയിലിൽ റിമാൻഡിൽ കഴിയവേയാണ് രാജ്‍‍കുമാര്‍ മരിച്ചത്. ജൂൺ 12 മുതൽ 15 വരെ രാജ്‌കുമാറിനെ കസ്റ്റഡിയിലെടുത്തത് മർദ്ദിച്ചിരുന്നതായി പോലീസുകാര്‍ മൊഴി നൽകിയിട്ടുണ്ട്. രാജ്‍‍കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത മാറ്റണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. സംഭവത്തിൽ പങ്കുള്ള എല്ലാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാനാണ് നീക്കം. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് രാജ്‍‍കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഉന്നതരെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

మరింత సమాచారం తెలుసుకోండి: