ന്യൂഡൽഹി∙ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന കാര്യം ഇന്ത്യ അറിയിച്ചിരുന്നില്ലെന്ന് യുഎസ്. ബുധനാഴ്ചയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനു മുൻപ് ഇന്ത്യയിലെ സർക്കാർ യുഎസിനെ അറിയിക്കുകയോ, ആലോചിക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിനാലാണു പ്രതികരണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

കശ്മീർ വിഷയത്തിൽ ഇന്ത്യ മുന്നോട്ടുപോകുന്നതിനു മുൻപ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് ഒന്നിന് ബാങ്കോക്കിൽ നടന്ന കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ ജയശങ്കറും പോംപെയോയും കശ്മീർ ചർച്ച ചെയ്തെന്നായിരുന്നു വിവരം.

ഫെബ്രുവരിയിൽ പുൽവാമ ആക്രമണത്തിനു ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതു തള്ളിയാണ് യുഎസ് ഇപ്പോൾ വിഷയത്തിലെ നിലപാടു വ്യക്തമാക്കിയത്. അതേസമയം യുഎൻ രക്ഷാസമിതിയിലെ യുഎസ് ഉൾപ്പെടെയുള്ള അഞ്ച് രാഷ്ട്രങ്ങളെ ഇന്ത്യ കശ്മീരിലെ നടപടികൾ നേരത്തേ അറിയിച്ചിരുന്നതായി കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. യുകെ, ചൈന, ഫ്രാൻസ്, റഷ്യ എന്നീ രാഷ്ട്രങ്ങളാണു യുഎസിനു പുറമേ രക്ഷാസമിതിയിലുള്ളത്.

మరింత సమాచారం తెలుసుకోండి: