ന്യൂഡൽഹി ∙ പ്രീണന രാഷ്ട്രീയം കാരണമാണ് മുത്തലാഖ് പോലുള്ള ദുരാചാരങ്ങൾ ഇത്രയും കാലം സമൂഹത്തിൽ നിലനിൽക്കാൻ കാരണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിന്റെ ഗുണം മുസ്‌ലിംകൾക്കാണ്, മറ്റു സമുദായങ്ങൾക്കല്ല. ശ്യാമപ്രസാദ് മുഖർജി റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘മുത്തലാഖ് നിരോധനം: ഒരു ചരിത്രപരമായ തെറ്റുതിരുത്തൽ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014–ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്ത് പ്രീണന രാഷ്ട്രീയത്തിന്റെ അവസാനം ആരംഭിക്കുകയായിരുന്നു. 2019–ലെ ജനവിധി അതു പൂർണമായും അവസാനിപ്പിക്കുന്നതാണ്.– അമിത് ഷാ പറഞ്ഞു. മുത്തലാഖ് നിരോധനത്തെ എതിർക്കുന്ന കോൺഗ്രസിനെ അമിത് ഷാ കടന്നാക്രമിച്ചു. നാണമില്ലാത്തതു കൊണ്ടാണ് കോൺഗ്രസ് ഇത്തരത്തിലുള്ള ദുരാചാരങ്ങളെ വീണ്ടും വീണ്ടും പിന്തുണയ്ക്കുന്നതെന്നു ഷാ പറഞ്ഞു.

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലാണ് മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബിൽ (മുത്തലാഖ് ബിൽ) പാസാക്കിയത്. മുത്തലാഖ് ക്ര‌ിമിനൽ കു‌റ്റമാക്കുന്നതും 3 വർഷം തടവുശിക്ഷ വിധിക്കുന്നതും അടക്കമുള്ള വകുപ്പുകളാണ് ബില്ലിലുള്ളത്. നിയമനിർമാണം വർഗീയമാക്കുന്നതാണ് ബിജെപിയുടെ നടപടിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.

మరింత సమాచారం తెలుసుకోండి: