തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശത്തിന് മുന്‍കൈയെടുക്കേണ്ടെന്ന് സിപിഎം. നിലപാടില്‍ മാറ്റം വേണ്ടെങ്കിലും  വിശ്വാസികളുടെ വികാരം മാനിക്കണമെന്നും തീരുമാനം. ക്ഷേത്രങ്ങളുടെ ഭരണപരമായ കാര്യങ്ങളില്‍ പ്രാദേശികനേതാക്കള്‍ ഇടപെടണം. തെറ്റുതിരുത്തല്‍രേഖയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തണോയെന്ന് തീരുമാനിച്ചില്ല.

അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുള്ള തെറ്റുതിരുത്തൽ നടപടികൾക്കുള്ള സിപിഎമ്മിന്റെ സംഘടനാരേഖക്ക് ഇന്ന് അന്തിമരൂപമാകും. ജനപിന്തുണ തിരിച്ചുപിടിക്കാൻ പാർട്ടിയും നേതാക്കളും വരുത്തേണ്ട മാറ്റങ്ങൾ കീഴ്ഘടകങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യാൻ തയാറാക്കുന്ന രേഖയിൽ വലിയ തിരുത്തലുകളാണ് സിപിഎം ലക്ഷ്യമിടുന്നത്.

 

ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനാ പ്രവർത്തനമെന്ന ശൈലി മാറണമെന്ന് രേഖ വ്യക്തമാക്കുന്നു. പാർട്ടി കമ്മിറ്റികളിൽ നിന്ന് ജനങ്ങളിലേക്കിറങ്ങി ജനങ്ങളോട് വിനയത്തോടെ പെരുമാറണം. സുഖജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയ നിലനിൽപ്പിന്റെ ആവശ്യകത നേതാക്കൾ  മനസിലാക്കണം. പാർട്ടി ഈശ്വരവിശ്വാസത്തിനെതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാംപെയിനുകൾ നടത്തും.

നേതാക്കളും അവരുടെ ചുറ്റുപാടും സംശയത്തിന് ആതീതമാവുന്നതിനൊപ്പം ജനങ്ങളെ നിർബന്ധിച്ചുള്ള പിരിവ് അവസാനിപ്പിക്കാനും രേഖയിൽ നിർദേശമുണ്ട്. ബിജെപി ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ തുടർച്ചായായ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് സിപിഎം രേഖയിൽ ആഹ്വാനം ചെയ്യുന്നു.

మరింత సమాచారం తెలుసుకోండి: